അനേകലക്ഷം വർഷങ്ങൾക്കു മുൻപ് ഈ ഭൂമുഖത്തുണ്ടായിരുന്ന ജൈവവൈവിദ്ധ്യം ഇന്നത്തെക്കാൾ തികച്ചും വ്യത്യസ്തമായിരുന്നു എന്നാണ് ശാസ്ത്രമതം. നിഗമനങ്ങൾ പ്രകാരം കാർബോണി ഫെറസ് (carboniferous) യുഗത്തിന്റെ അവസാന കാലങ്ങളിലാണ് നബീജ പത്രസസ്യത്തിൽപെട്ട (Gymnosperm) സസ്യങ്ങൾ ആവിർഭവിച്ചതും പിന്നീട് പടർന്നു പന്തലിച്ചതും. എന്നാൽ ഭൂപ്രകൃതിയിലും, ഭൂഖണ്ഡങ്ങളുടെ രൂപഭാവ വ്യത്യാസങ്ങളിൽ നിന്നുമുണ്ടായതുമായ അതിഗാഢമായ മാറ്റങ്ങൾ കാലക്രമേണ പരിണാമത്തിന്റെ അടുത്ത ഘടനയിലേക്കുള്ള വാതിൽ തുറക്കുകയും ചെയ്തു.
ഈ മാറ്റങ്ങളെല്ലാം തരണം ചെയ്ത് പൂർവ്വ കാലത്തിന്റെ തിരുശേഷിപ്പുകളായി ചില അപൂർവ്വം സസ്യങ്ങൾ ഇന്നും പശ്ചിമ ഘട്ട ത്തിന്റെ അതിലോലമായ ചില ആവാസ വ്യവസ്ഥകളിൽ നിലനിന്നു പോരുന്നുണ്ട്. അതിലെ പ്രധാനിയാണ് നിറംപാലി (Nageia wallichiana) പോഡോകാർ പേസ്യ (Podocarpaceae) എന്ന സസ്യ കുടുംബത്തിൽ അടങ്ങുന്ന ഇവ ഇന്ത്യ, മ്യാൻമാർ, മലേഷ്യ, തായ്ലാന്റ് തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും കണ്ടുവരുന്നതെങ്കിലും എല്ലാ സ്ഥലങ്ങളിലും വളരെ പരിമിതമായേ ഇവ കണ്ടുവരുന്നുള്ളൂ.
ഉപദ്വീപീയ ഇന്ത്യയിലെ തദ്ദേശജന്യമായ എകസ്തൂപികാഗ്ര വൃക്ഷമാണ്(Conifer)ഇവ ദക്ഷിണ പശ്ചിമഘട്ടത്തിൽ നിത്യഹരിത മഴക്കാടുകളിൽ അങ്ങിങ്ങായി ചില സൂക്ഷ്മ ആവാസവ്യവസ്ഥകളിൽ മാത്രം കാണപെടുന്ന ഇവയ്ക്ക് മുപ്പത് മീറ്ററോളം ഉയരം ഉണ്ടാകും. കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ ഗൂഡ്രിക്കൽ വനമേഖലയിലെ നിത്യഹരിത മഴക്കാടുകൾക്കു പുറമെ മാങ്കുളം ഭാഗങ്ങളിലും ഈ അപൂർവ്വ വൃക്ഷം കണ്ടുവരുന്നുണ്ട്.
ബൈബിളിൽ പ്രതിപാദിക്കുന്ന നോഹയുടെ പെട്ടകം നിർമ്മിക്കാനുപയോഗിച്ച ഗോഫെർ മരത്തിന്റെ പിൻതലമുറക്കാരനായ ഈ മരത്തിന്റെ എണ്ണമയമുള്ള തടി വെള്ളത്തെ പ്രതിരോധിക്കുന്ന ഒന്നാണ്. കെട്ടിടം, തൂണുകൾ, ഗൃഹോപകരണങ്ങൾ, പ്ലൈവുഡ് നിർമ്മാണങ്ങളിലും നാവികസംബന്ധമായ നിർമ്മിതികൾക്കും ഇളം മഞ്ഞകലർന്ന തവിട്ടു വർണ്ണമുള്ള കാതലോടുകൂടിയ ഇവയുടെ തടി വളരെയധികം ഉപയോഗിച്ചിരുന്നു. ആവാസവ്യവസ്ഥയുടെ ശോഷണവും അമിതചൂഷണവും കാരണം ഇവയെ IUCN ന്റെ വംശനാശം സംഭവിക്കുന്ന വർഗ്ഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.