ഉരുണ്ടു ഇരിക്കുന്നതും സാമാന്യം പച്ചനിറമുള്ളതുമായ NS 183 എന്ന നാംധാരി (Namdhari) കമ്പനിയുടെ വിത്താണ് കാബേജ് കൃഷിക്ക് കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായിട്ടുള്ളത് . കേരളത്തിലെ മറ്റു കാബേജ് വിത്ത് ഇനങ്ങളെക്കാൾ നല്ലവണ്ണം വളരുന്നതും കൂടുതൽ വിളവ് തരുന്നതും കൂടുതൽ തൂക്കം ഉള്ളതും ഈ ഇനത്തിനാണ്. അതിനാൽ കർഷകരുടെ പ്രിയപ്പെട്ട ഇനമാണ് കാബേജിലെ ഈ ഹൈബ്രിഡ് വിത്ത് ഇനം.
(Namdhari) നാംധാരിയുടെ NS 131 എന്നെ കോളിഫ്ലവർ ഇനമാണ് ഏറ്റവും മികച്ചത്. നല്ല ഉരുണ്ട കൊഴുത്തിരിക്കുന്ന തൂവെള്ള മുഖളങ്ങളാണ് ഇതിന്റെ പ്രത്യേകത.
കൃഷിരീതി
കാബേജിന്റെയും കോളിഫ്ളവറിന്റെയും കൃഷിരീതി ഏകദേശം സമാനമാണ്. സെന്റ് ഒന്നിന് 100 കി.ഗ്രാം എന്ന തോതിൽ ജൈവവളം മണ്ണിൽ ചേർക്കണം. പ്രത്യേകം തയ്യാറാക്കിയ തവാരണകളിൽ ഒരടി വീതിയിലും ഒരടി താഴ്ചയിലും രണ്ടടി അകലത്തിൽ ചാലുകൾ കീറി മുക്കാൽ ഭാഗത്തോളം മേൽമണ്ണും ജൈവവളവും ചേർന്ന മിശ്രിതം നിറക്കുക.ഏകദേശം ഒരു മാസം പ്രായമായ തൈകൾ ഈ തവാരണകളിൽ പറിച്ചു നടാം. കാബേജ് തൈകൾ ഒന്നര അടി അകലത്തിലും കോളിഫ്ളവർ തൈകൾ രണ്ടടി അകലത്തിലും നടണം.
വളപ്രയോഗം
തൈകൾ നട്ട് 10 ദിവസം കഴിഞ്ഞ് ഒരാഴ്ച ഇടവേളയിൽ ദ്രാവക രൂപത്തിലുളള ജൈവവളങ്ങൾ പത്രപോഷണം വഴി നൽകുന്നത് മെച്ചപ്പെട്ട് വിളവിന് സഹായിക്കും. പിണ്ണാക്കും ജൈവവളവും ചേർന്ന മിശ്രിതം മൂന്നാഴ്ച്ച കഴിഞ്ഞ് തൈ ഒന്നിന് 50ഗ്രാം വീതം ചേർത്ത് മണ്ണ് കൂട്ടികൊടുക്കേണ്ടതാണ്.
മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യത്തിന് മൂലകങ്ങൾ ലഭ്യമാകത്തക്ക വിധത്തിൽ രാസവളപ്രയോഗവും നടത്താവുന്നതാണ്. രാസവള പ്രയോഗത്തിലുള്ള കൃഷിയിൽ സെന്റ് ഒന്നിന് 1.25 കിലോ യൂറിയ, 32 കിലോ രാജ്ഫോസ്, 800 ഗ്രാം പൊട്ടാഷ് എന്ന തോതിൽ പല ഗഡുക്കളായി തൈകൾ നട്ട് ഒരു മാസത്തിനുള്ളിൽ നൽകണം.
വിളവെടുപ്പ്
ക്യാബേജ് നട്ട് 10 അഴ്ച്ചകൾ കൊണ്ട് അതിന്റെ 'ഹെഡ് എന്നറിയപ്പെടുന്ന ഭക്ഷ്യ യോഗ്യമായ ഭാഗം വിളവെടുപ്പിന് പാകമാകും. കോളിഫ്ളവറിന്റെ 'കർഡ്' എന്നറിയപ്പെടുന്ന ഭക്ഷ്യയോഗ്യമായ ഭാഗം ഏകദേശം 2 മാസം കൊണ്ട് വിളവെടുക്കാനാകും.
കർഡുകൾ വളരുന്ന സമയത്ത് അതിനു താഴത്തെ ഇലകൾ കൊണ്ടു പൊതിഞ്ഞു കെട്ടുന്നത് വെയിലിന്റെ കാഠിന്യം കൊണ്ടുളള നിറവ്യത്യാസം വരാതിരിക്കുന്നതിനും നല്ല ആകൃതി കൈവരിക്കുന്നതിനും സഹായമായിരിക്കും. ഹെഡുകളും കർഡുകളും രണ്ട് രണ്ടര ആഴ്ച കൊണ്ട് പൂർണ്ണ വളർച്ച എത്തുന്ന സമയത്തുതന്നെ വിളവെടുപ്പ് നടത്തേണ്ടതാണ്.