അപ്പോസൈനേസീ സസ്യകുടുംബത്തിൽപെട്ട നന്ത്യാർവട്ടത്തിന് വിഷ്ണുപ്രിയയെന്നും നന്ദീവൃക്ഷമെന്നും ക്ഷീരിയെന്നും പല പേരുകൾ ഉണ്ട്. ഒരു ഔഷധിയാണെങ്കിലും നിറയെ മിനുസമുള്ള തുടുത്ത പച്ചത്തലപ്പുകളാലും ആകർഷകമായ വെളുത്ത പുഷ്പങ്ങളാലും ഒരു അലങ്കാരച്ചെടിയുടെ ശ്രേണിയിലേക്ക് വകമാറ്റിയ ഒരു കുറ്റിച്ചെടിയായി പലരും ഇതിനെ നോക്കിക്കാണാറുണ്ട്. പട്ടണപ്രദേശങ്ങളിലും നാട്ടിൻ പുറത്തെ തറവാട്ടുമുറ്റങ്ങളിലും ഒരു അലങ്കാര സസ്യമെന്ന ലേബലിൽ ത്തന്നെ ഇന്ന് നന്ത്യാർവട്ടം വളർത്തുന്നു. അങ്ങനെ ഏവർക്കും സുപരിചിതമായ ഈ സസ്യത്തിന് നയനാനന്ദം ജനിപ്പിക്കുക മാത്രമല്ല, നയന രോഗങ്ങൾക്ക് ശമനം നൽകുവാനും കഴിയും.
മണ്ണും കാലാവസ്ഥയും
നന്ത്യാർവട്ടം ഏറ്റവും നന്നായി വളരുന്നത് ജൈവാംശമുള്ള ചെമ്മണ്ണിലും പശിമരാശി മണ്ണിലുമാണ്. ജൈവവളം സമ്പുഷ്ടമാക്കാമെങ്കിൽ ചൊരിമണലിലും പാറക്കെട്ടുള്ള മലയിടുക്കുകളിൽപ്പോലും നന്നായി വളരും. സൂര്യപ്രകാശവും മണ്ണിന് നനവും നല്ല വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. പക്ഷേ, പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യാനുള്ള കഴിവ് വളരെ കൂടുതൽ പ്രദർശിപ്പിക്കുന്ന ഒരു ഔഷധിയാണിത്. ജലലഭ്യത കുറഞ്ഞ സാഹചര്യങ്ങളിൽ പുതുനാമ്പ് പുറപ്പെടുവിക്കാതെ വളർച്ച മന്ദീഭവിച്ച് വെറുതേ നിൽക്കുന്ന കാഴ്ച സർവസാധാരണയാണ്. അനുകൂല സാഹചര്യങ്ങൾ ഒത്തിണങ്ങിയാൽ ചുരുങ്ങിയ ദിവസങ്ങൾക്കകം രൂപഭേദം വരുത്തി നിത്യഹരിത രൂപം പ്രാപിക്കുന്നു. ഈ അത്ഭുത പ്രതിഭാസത്തിലൂടെയാണ് സംസ്കൃതത്തിൽ 'ക്ഷയമ' എന്ന പേരും ഇതിനു ലഭ്യമായത്.
പ്രജനനം, പരിചരണം
വിത്തിലൂടെ പ്രജനനം സാധ്യമാണ്. പ്രായപൂർത്തിയായ സസ്യങ്ങളുടെ കടയ്ക്കൽ ധാരാളം തൈകൾ വളരുന്നുണ്ടാകും. ഇവയിൽ ചിലത് വിത്തു വീണ് മുളച്ചതും മറ്റു ചിലത് വേരിൽ നിന്നും പൊട്ടി മുളയ്ക്കുന്നതുമാണ്. ഈ തൈകൾ വേരുപടലത്തിന് കേടുവരാതെ ചുവട്ടിലെ മണ്ണ് ഇളകാതെ തലേന്ന് നനച്ചു കോരിയെടുത്ത് നടാൻ തയാറാക്കിയിട്ടുള്ള കുഴിയിൽ നട്ട് പരിചരിക്കാം. ചെറുകുഴികൾ തയാറാക്കി ജൈവവളവും മേൽമണ്ണും ചേർത്തിളക്കി കുഴി മുഴുവനായും മൂടുക. 50 സെ.മീ. നീളം, വീതി, താഴ്ച ഇവയുള്ള കുഴികളാണ് തയാറാക്കേണ്ടത്.
ഒത്ത നടുവിൽ ഒരു കൈപ്പത്തി അകലത്തിൽ രണ്ടു വിത്തു കുത്താം. ശാഖാഗ്രങ്ങൾ 50 സെ.മീ. നീളത്തിൽ മുറിച്ചുനട്ടും പ്രജനനം സാധ്യമാണ്. പക്ഷേ, നടുന്ന മുഴുവൻ തലക്കഷണങ്ങളും മുളച്ചെന്ന് വരില്ല. ഇതിന് 20 x 15 സെ.മി, വലിപ്പത്തിലുള്ള പോളിത്തീൻ കവറിൽ ഉണങ്ങിയ കാലിവളവും മണ്ണും സമം ചേർത്തിളക്കിയ മിശ്രിതം മുക്കാൽ ഭാഗം നിറച്ച് അതിൽ വിരൽക്കനമുളള കമ്പ് 50 സെ.മീ. നീളത്തിൽ മുറിച്ചു കുത്തുക. തണലിൽ ജലസേചനം കൊടുത്ത് ഇവയെ വേരു പിടിപ്പിച്ച പ്രധാന കുഴിയിൽ മാറ്റി നടാം.
ജൂൺ ജൂലായ് മാസം വലിയ മഴ കഴിഞ്ഞ് ഇളക്കി നടുന്നതാണ് ഉത്തമം. കുഴിയിൽ ചേർക്കുന്ന ജൈവവളം കൂടാതെ ധാരാളം പുഷ്പങ്ങൾ ആവശ്യമുണ്ടെങ്കിൽ ചെടിയൊന്നിന് 100 ഗ്രാം കടലപ്പിണ്ണാക്കും തെങ്ങിന്റെ കവിളിമടലും കുലഞെട്ടും കത്തിച്ച് ചാരവും ചേർത്തിളക്കി, ചെടിയുടെ ചുവട്ടിൽ നിന്നും 10 സെ.മീ. മാറ്റി വേരിന് കേടുവരാതെ മേൽമണ്ണിൽ ഇളക്കി ചേർക്കുക. പത്തിരട്ടി നേർപ്പിച്ച ഗോമൂത്രം കൊണ്ട് നനച്ചാലും പുഷ്പങ്ങളുടെ ഉൽപ്പാദനം മെച്ചപ്പെടും.