നറുനീണ്ടി അല്ലെങ്കിൽ നന്നാറി എന്നറിയപ്പെടുന്ന ഔഷധസസ്യം കൊണ്ടുള്ള സിറപ്പ് വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം. പടർന്ന് വളരുന്ന ഒരു സസ്യമാണ് നറുനീണ്ടി (നന്നാറി). ധാരാളം വേരുകളുള്ള ഇതിന്റെ കിഴങ്ങ് രൂക്ഷഗന്ധമുള്ളതും ഔഷധഗുണമുള്ളതുമാണ്. ആയുർവേദമരുന്നുകളുടെ നിർമ്മാണത്തിന് ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. സർബത്ത് തുടങ്ങിയ ശീതളപാനീയങ്ങൾ നിർമ്മിക്കുന്നതിനും നന്നാറി ഉപയോഗിക്കുന്നു.
നറുനീണ്ടി പാൽകഷായം വച്ച് രണ്ടു നേരം 25 മി. ലി. രണ്ടോ മൂന്നോ ദിവസം കഴിച്ചാൽ മൂത്രാശയരോഗങ്ങൾക്ക് ശമനം ലഭിക്കും. നറുനീണ്ടി വേര് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുകയോ കഷായം വച്ച് കഴിക്കുകയോ ചെയ്യുന്നത് ത്വക് രോഗങ്ങൾക്കും കുഷ്ഠം, സിഫിലിസ്, തേൾവിഷം തുടങ്ങിയവയ്ക്കും നല്ലതാണ്. എലി കടിച്ചുണ്ടാകുന്ന അസുഖങ്ങളുടെ ശമനത്തിനും നറുനീണ്ടി നല്ലതാണ്. സർബത്തുണ്ടാക്കുന്നതിനും നറുനീണ്ടി പ്രസിദ്ധമാണ്.
3-5 സെ. മീ. നീളത്തിൽ മുറിച്ച് വേരുകൾ നേരിട്ട് കൃഷിസ്ഥലത്ത് തയ്യാറാക്കിയ തടങ്ങളിൽ നടാം. ഏകദേശം 50 x 20 സെ.മീ. അകലത്തിൽ വേണം നടുവാൻ. കൃഷിസ്ഥലം തയ്യാറാക്കുമ്പോൾ കാലിവളമോ കമ്പോസ്റ്റോ നന്നായി മണ്ണിൽ ഇട്ട് ഇളക്കിക്കൊടുക്കണം. ആവശ്യമെന്നു കണ്ടാൽ രാസവളവും നൽകാം. 3-4 ആഴ്ചകൾ കൊണ്ട് തൈകൾ മുളച്ചുതുടങ്ങും. നറുനീണ്ടി സാവധാനം വളരുന്ന സസ്യമാണ്. കൃഷിസ്ഥലത്ത് കളകൾ വളരാതെ നോക്കണം. തടത്തിൽ മണ്ണിളക്കി കയറ്റി കൊടുക്കുകയും വേണം.