"മാറിയ കാലാവസ്ഥയിലും എന്റെ കൃഷിയിടത്തിലെ മണ്ണ് മൃദുലവും പോഷക ഗുണങ്ങൾ നിറഞ്ഞതുമാണ്. മണ്ണിനെ പുതയ്ക്കാൻ കരിയില പുതയും വളമായി ജീവാമൃതവും കൃഷി ചെയ്യാൻ നാടൻ വിത്തുകളും മാത്രമാണ് ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്. നല്ല രീതിയിൽ വിളവ് ലഭിക്കുന്നതും കീടരോഗ വിമുക്തവുമാണ് എന്റെ കൃഷിയിടം ", ആർട്ട് ഓഫ് ലിവിങ് പ്രകൃതി കൃഷി പരിശീലകനും കർഷകനും ആയ രാമേട്ടൻ കൃഷിജാഗരണിനോട് തന്റെ കൃഷിയിടത്തിന്റെ മേന്മയെ കുറിച്ച് വിവരിച്ചു.
മാറിയ കാലാവസ്ഥയിലും കേരളത്തിലെ കർഷകർ നെട്ടോട്ടമോടുമ്പോൾ അതിനൊരു മികച്ച പരിഹാരമാണ് പ്രകൃതി കൃഷിയിലൂടെ ചെയ്യാൻ കഴിയുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മണ്ണിനെ പരിപോഷിപ്പിക്കുന്നത് വഴി കൃഷിയിടങ്ങളിലെ വെള്ളത്തിന്റെ ലഭ്യത കൂട്ടാനും കഴിയും എന്ന തന്റെ അനുഭവം വളരെ സന്തോഷത്തോടെ അദ്ദേഹം പങ്കുവച്ചു.
ആർട്ട് ഓഫ് ലിവിങ് പ്രസ്ഥാനം കാലാകാലങ്ങളായി പ്രകൃതി കൃഷിയെ പ്രചരിപ്പിച്ചു കൊണ്ട് ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ കർഷകർക്ക് ഇതിൽ വിദഗ്ധ പരിശീലനം നൽകി വരുന്നു. അതിന്റെ ഭാഗമായി കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള വിവിധ കർഷകരെ പ്രകൃതി കൃഷി മറ്റുള്ളവരെ പഠിപ്പിക്കാൻ ചിട്ടപ്പെടുത്തിയ മാനുവൽ പ്രകാരം വിദഗ്ധമായ ട്രെയിനിങ് നൽകുകയും ചെയ്തു വരുന്നു.
ഇതിന്റെ ഭാഗമായി മെയ് 26 ഞായറാഴ്ച എറണാകുളം പനബള്ളി നഗറിൽ ഉള്ള ആർട്ട് ഓഫ് ലിവിങ് സെന്ററിൽ വച്ച് ഇത്തരത്തിൽ ട്രെയിനിങ് കഴിഞ്ഞ പരിശീലകർക്ക് പ്രകൃതി കൃഷി പ്രചാരണത്തിനായുള്ള മാനുവൽ വിതരണം ചെയ്തത്. ടീച്ചേഴ്സ് ട്രെയിനർ ബിനോഷ്, കേരള ശ്രീ ശ്രീ അഗ്രികൾച്ചർ കോഡിനേറ്റർ അജീഷ എന്നിവരുടെ സാന്നിധ്യത്തിൽ ടീച്ചേഴ്സ് ട്രെയിനർ നാരായണൻപോറ്റി 15 ഓളം പരിശീലകർക്ക് ട്രെയിനിങ് മാനുവൽ വിതരണം ചെയ്തു.
തുടർന്ന് മാനുവലിൽ ഉള്ള വിവിധ പാഠ്യ ഭാഗങ്ങൾ ചർച്ച ചെയ്യുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു. നാടൻ വിത്തുകളുടെ കേരളത്തിലെ വിത്ത് ബാങ്ക് കൈകാര്യം ചെയ്യുന്ന കർഷകനായ രാമൻകുട്ടി മറ്റുള്ളവർക്ക് വിത്തുകൾ വിതരണം ചെയ്യുകയും അഗ്നിഹോത്രത്തിന്റെ ഭസ്മത്തിൽ വിത്തുകൾ ദീർഘകാലം കേടുകൂടാതെ സംരക്ഷിക്കുന്നതിന്റെ സാമ്പിൾ കാണിച്ചു കൊടുക്കുകയും ചെയ്തു.
രണ്ട് സോണുകളിലായി നടക്കുന്ന മാനുവൽ വിതരണത്തിന്റെ ഒന്നാം ഘട്ടമാണ് ഇവിടെ കഴിഞ്ഞത്. ജൂൺ രണ്ടിന് കോഴിക്കോട് വെച്ച് ഇതിൽ പങ്കെടുക്കാൻ കഴിയാത്ത പരിശീലകർക്ക് മാനുവൽ വിതരണം ചെയ്യുന്നതായിരിക്കും അഗ്രികൾച്ചർ കോഡിനേറ്റർ അജീഷ പറഞ്ഞു.