ഔഷധസസ്യങ്ങളിൽ പ്രധാനിയായ നീലക്കൊടുവേലി കൃഷി ചെയ്യുന്നതിന് പലരും താൽപര്യപ്പെട്ടു വരുന്നുണ്ട്. മഴക്കാലത്തിന്റെ ആരംഭത്തിൽ കൃഷി സ്ഥലമൊരുക്കി സെന്റിന് 50 കി. എന്ന തോതിൽ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേർത്ത് നന്നായി കിളച്ചുതയ്യാറാക്കിയ സ്ഥലം 20 സെ.മി. ഉയരത്തിലും 60 സെ.മി വീതിയിലുമുള്ള തവാരണകളാക്കുക.
ഇതിൽ അര മീറ്റർ അകലത്തിൽ കുഴികളെടുത്ത് തൈകൾ നടാം. തൈ നട്ടതിനു ശേഷം ഓരോ തൈക്കും 50 ഗ്രാം വേപ്പിൻപിണ്ണാക്ക് 200 ഗ്രാം ചാണകപ്പൊടി 100 ഗ്രാം എല്ലുപൊടി എന്നിവ ചുറ്റും ഇട്ടു കൊടുത്ത് കുഴി മൂടാം. ഒരേക്കറിൽ നടാൻ ഏകദേശം പതിനായിരത്തിനടുത്ത് തൈകൾ വേണ്ടിവരും. ആയുർവേദ, നഴ്സറിക്കാരുടെ കൈയിൽ ഇതിന്റെ തൈകൾ ലഭ്യമാണ്. റോയൽ കേപ്പ് എന്നൊരിനം ഇപ്പോൾ പ്രചാരത്തിലുണ്ട്.
തെങ്ങിൻ തോപ്പിലും, റബർതോട്ടങ്ങളിലും ഇടവിളയായും ഇത് നടാം. വാരം ഉയർത്തിയെടുത്ത് തെങ്ങിൻ തോപ്പിലും, റബർതോട്ടങ്ങളിലും ഇടവിളയായും ഇത് നടാം. വാരം ഉയർത്തിയെടുത്ത് 2 മീറ്റർ അകലത്തിൽ ചെടികൾ നടാം. ജൈവകൃഷി രീതിയിൽ ചട്ടിയിലും കൊടുവേലി വളർത്താം. മൂന്നു മാസത്തിൽ ഒരിക്കൽ ജൈവവളങ്ങൾ ഏതെങ്കിലും ചേർത്ത് കൊടുക്കാം.
ഒരു കുഴിക്ക് ഒരു മാസം 20 ഗ്രാം വേപ്പിൻ പിണ്ണാക്ക് പൊടിച്ചതും കടലപ്പിണ്ണാക്ക് കുതിർത്ത നേർപ്പിച്ച വെള്ളവും ചെടിക്ക് ഒഴിച്ചു കൊടുക്കാം. ഒരു വർഷത്തിനകം ഇത് വിളവെടുപ്പിന് പാകമാവും. വേരാണ് പ്രധാനമായും ഔഷധയോഗ്യഭാഗം. വേരുകൾ ശ്രദ്ധയോടെ കിളച്ചെടുത്ത് വേരിൽ നിന്ന് 4 സെ.മി. മുകളിൽ വച്ച് തണ്ടുകൾ മുറിച്ചെടുക്കണം. വേരിൽ അടങ്ങിയിരിക്കുന്ന പ്ലംബാജിൻ എന്ന വസ്തുവാണ് ഇതിന്റെ ഔഷധവീര്യത്തിന് കാരണം.