വിത്തുകൾ മുളപ്പിച്ചെടുത്ത തൈകൾ മാറ്റി നട്ടും തുറസ്സായ സ്‌ഥലത്ത് കൃഷിയിടങ്ങൾ തയ്യാറാക്കി അവയിൽ നേരിട്ട് വിത്തുപാകി തൈകൾ മാറ്റി നടാതെയും നീലഅമരി കൃഷി ചെയ്യാവുന്നതാണ്. കൃഷിയിടങ്ങളിൽ വിത്തു നേരിട്ടു പാകി തൈകൾ മാറ്റി നടാതെ കൃഷി ചെയ്യുന്നതിന് 3 മീറ്റർ നീളവും ഒന്നര മീറ്റർ വീതിയുമുള്ള തവാരണകൾ എടുത്ത് കാലിവളവും ചാരവും ചേർന്ന മിശ്രിതം ഹെക്ടർ ഒന്നിന് 15 ടൺ എന്ന തോതിൽ ചേർത്ത് തയ്യാറാക്കി വയ്ക്കണം.
വിതയ്ക്കുന്നതിന് 24 മണിക്കൂർ മുമ്പ് 15 മിനിട്ട് നേരം ചൂടുവെള്ളത്തിലിട്ട വിത്തുകൾ മണലുമായി ചേർത്ത് തവാരണകളിൽ വിതറണം. വിത്ത് വിതച്ച ശേഷം 2 സെ.മീ. കനത്തിൽ നന്നായി പൊടിഞ്ഞ മണ്ണോ ആറ്റുമണലോ കൊണ്ട് മുടണം. നല്ല അങ്കുരണ ശേഷിയുള്ള വിത്തുകളാണെങ്കിൽ ഇപ്രകാരം വിതയ്ക്കുന്ന വിത്തുകൾ ഒരാഴ്ച കൊണ്ട് പൂർണ്ണമായും മുളച്ചു പൊങ്ങും.
ചെടികൾ മുളച്ച് ഒരു മാസം വരെ വളർച്ച വളരെ സാവധാനത്തിലായിരിക്കും. ചെടികളുടെ വേരുകളിൽ മൂലാർബുദങ്ങൾ (root nodules) ഉണ്ടാവുകയും അവയുടെ ബാക്ടീരിയകൾ അന്തരീക്ഷത്തിലെ പാക്യജനകം (നൈട്രജൻ) സസ്യാഹാരമായ പാക്യജനക (നൈട്രേറ്റ്സ്) രൂപത്തിലാക്കാൻ തുടങ്ങുകയും ചെയ്താൽ ചെടികളുടെ വളർച്ച പെട്ടെന്നാകുന്നതു കാണാം. മഴക്കാലങ്ങളിൽ തവാരണകളിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിത്തു വിതച്ച് ആറുമാസം കഴിഞ്ഞാൽ ഇലകൾ അരിഞ്ഞെടുക്കാറാകും. അതുപോലെ തൈ മാറ്റി നടുന്ന രീതിയിലും ആറുമാസം കഴിഞ്ഞാൽ ഇല മുറിച്ചെടുക്കാവുന്നതാണ്. ഇത് 9-ാം മാസം വരെ തുടരാം. അപ്പോഴേക്കും ചെടിയുടെ വളർച്ചയും അവസാനിക്കാറാകും. നീലിഅമരിയുടെ ശരിയായ വളർച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രകാശം അത്യന്താപേക്ഷിതമാണ്.