നെൻമേനിവാക, മൈമോസി കുടുംബത്തിൽപ്പെട്ട ഒരു ഔഷധവൃക്ഷമാണ്. അൽബിസിയ ലബക് എന്ന് ശാസ്ത്രനാമം. ഇംഗ്ലീഷ് ഭാഷയിൽ 'സിസ്ലിംഗ് ട്രീ' എന്ന് വിളിക്കും. വിഷത്തിന് മറുമരുന്നായി പ്രവർത്തിക്കുന്ന ഔഷധി, ആന്തരികാവയവങ്ങളിലും പേശികളിലുമുള്ള ദുർനീര് ശമിപ്പിക്കുന്നു. വൃക്കകളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുന്നു.
സസ്യശരീര വിവരണം
ഇല പൊഴിയും വൃക്ഷം. ഉയരം 20-25 മീറ്റർ, സംയുക്തമായ ഇലകൾ. പുഷ്പങ്ങൾ ഏറിയ കൂറും ഇലയിടുക്കിൽ നിന്ന് പുറപ്പെടുന്നു. പൂക്കൾക്ക് ഇളം മഞ്ഞനിറം. ഫലങ്ങൾ നീണ്ട് പരന്നതാണ്. ഇളം മഞ്ഞനിറത്തിലുള്ള നീണ്ട് പരന്ന ഫലങ്ങൾ 'പോഡ്' വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. സെപ്റ്റംബർ മുതൽ നവംബർ വരെ ധാരാളം പുഷ്പിക്കും. ഡിസംബർ മുതൽ പാകമായ ധാരാളം ഫലങ്ങൾ വൃക്ഷത്തിലുടനീളം കാണാം.
മണ്ണും കാലാവസ്ഥയും
സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിൽ വളരും, കുന്നിൻ ചരിവുകളിലും സമതലങ്ങളിലും നദീതീരങ്ങളിലും വളരുന്നു. എല്ലാത്തരം മണ്ണിലും വളരും. വെട്ടുകൽണ്ണിലും നന്നായി വളരും.
വംശവർധനവ്
വിത്തിലൂടെയാണ് വംശവർധനവ്. പാകമായ ഫലങ്ങൾ പറിച്ച് 6-7 ദിവസം നല്ല സൂര്യപ്രകാശത്തിൽ ഉണക്കുക. പാകമായ കായ്കൾ ഉണങ്ങുമ്പോൾ ഫലത്തിന്റെ തോടിൽ തട്ടിക്കിലുങ്ങുന്നു. ഫലം പൊട്ടിച്ച് വീണ്ടും മരത്തണലിൽ ഒരു ദിവസം കൂടി ഉണക്കിയാൽ വിത്ത് തുടർകൃഷിക്ക് തയാറാകും.
തൈ ഉൽപ്പാദിപ്പിക്കുന്ന വിധം
ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളത്തിൽ തയാറാക്കുന്ന ഉയർന്ന താവരണകളിലാണ് വിത്ത് പാകുക. വിത്തുകൾ താവരണയിൽ 30 സെ.മീ. അകലത്തിൽ 2 സെ.മീ. താഴ്ത്തി നടാം. 60-70% വിത്തും 10 ദിവസത്തിനുള്ളിൽ മുളയ്ക്കുന്നു. ആറിലപ്രായത്തിലാണ് പറിച്ചു നടുക.
നടിൽ
അര മീറ്റർ നീളം, വീതി, താഴ്ച എന്ന അളവിൽ കുഴികൾ തയാറാക്കി മേൽ മണ്ണിനൊപ്പം 3 കിലോ ഉണങ്ങിപൊടിഞ്ഞ കാലിവളവും ചേർത്ത് കുഴി മൂടുക. നടുവിൽ ഒരു ചെറുകുഴിയെടുത്ത് തൈ നടാം. ചെറുതൈകൾക്ക് മൂന്നു ദിവസം തണൽ വേണ്ടി വരും. വേരിനോടൊപ്പമുള്ള മണ്ണ് മാറ്റാതെയാണ് തൈകൾ ഇളക്കി നടേണ്ടത്. ചെറുതൈകൾക്ക് രണ്ടു വർഷക്കാലത്തോളം വേരു മേഖല ഉണങ്ങാതെ നോക്കണം. മൂന്നു വർഷത്തിനു ശേഷം മഴയെ മാത്രം ആശ്രയിച്ചു വളരുന്ന ഒരു ഔഷധിയാണിത്. വേനലിനെ ചെറുക്കാൻ കഴിവുണ്ട്. സാമാന്യ ജൈവസമ്പത്തുള്ള മണ്ണിൽ മേൽവളം ആവശ്യമായി വരാറില്ല. വളർച്ചയുടെ തോത്, മണ്ണിന്റെ ഫലപുഷ്ടി എന്നീ സാഹചര്യങ്ങൾ കണക്കിലെടുത്തുവേണം വളപ്രയോഗം തീരുമാനിക്കേണ്ടത്.
ഔഷധയോഗ്യഭാഗങ്ങളും വിളവെടുപ്പും
മരത്തിന്റെ പട്ടയും ഇലയും പൂവും കായും വേരുമാണ് ഔഷധ ഘടകങ്ങളാൽ സമ്പുഷ്ടമായ ഔഷധയോഗ്യമായ ഭാഗങ്ങൾ. ഇളം സസ്യങ്ങളിൽനിന്ന് വളർച്ച നിരീക്ഷിച്ചശേഷം മാത്രമേ ഇലയും പൂവും കായും വിളവെടുക്കാവൂ.
ഔഷധപ്രാധാന്യം
ആഹാരത്തിലൂടെ നേരിയ വിഷബാധ ഏറ്റാൽ വമന വിരേചന ചികിൽസകൾക്കുശേഷം നെന്മേനിവാക ഇലയും നെയ്യും ചേർത്ത് വിധിപ്രകാരം സേവിക്കാൻ ശുപാർശയുണ്ട്. നെൻമേനിവാകയുടെ കുരു പാലിൽ വൈദ്യവിധിപ്രകാരം സേവിച്ചാൽ പുരുഷൻമാരിലുണ്ടാകുന്ന ലൈംഗികബലഹീനത മാറിക്കിട്ടുമത്രേ. തൊലിയും പൂവും ഇലയും വിധി പ്രകാരം സേവിച്ചാൽ ശ്വാസകോശരോഗങ്ങൾ നിയന്ത്രണാധീനമാകും. ഔഷധയോഗ്യഭാഗങ്ങൾ ഒറ്റയ്ക്കും യോഗങ്ങളുടെ ഭാഗമായും ശക്തി കയറിയ ഔഷധിയാണ്.