സുഗന്ധവ്യഞ്ജന കാർഷികമേഖലയ്ക്ക് വൈവിധ്യത്തിന്റെ പുത്തനുണർവ് പകർന്നു കൊണ്ട് ആറു പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങൾ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡി പുറത്തിറക്കി. രണ്ടിനം ഏലം, ജാതി, പെരിഞ്ജീരകം, മാങ്ങ ഇഞ്ചി, അജ്‌വെയ്ൻ തുടങ്ങിയവയുടെ ഓരോന്നും ഇതിൽ ഉൾപ്പെടും.
ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ ഇതുൾപ്പടെ 109 പുതിയ വിള ഇനങ്ങളാണ് പ്രധാനമന്ത്രി പുറത്തിറക്കിയത്. ഐഐഎസ്ആർ കേരളശ്രീ (ജാതി), ഐഐഎസ്ആർ-കാവേരി, ഐഐഎസ്ആർ-മനുശ്രീ (ഏലം), ആർഎഫ്-290 (പെരിഞ്ജീരകം), ഗുജറാത്ത് അജ്‌വെയ്ൻ 3 (അയമോദകം), ഐഐഎസ്ആർ അമൃത് (മാങ്ങാ ഇഞ്ചി).
ജാതി ഇനിമായ ഐഐഎസ്ആർ കേരളശ്രീയുടെ കായക്ക് ദൃഢതയും ജാതിപത്തിരിക്കു ആകർഷണവും കൂടുതലാണ്. കർഷക പങ്കാളിത്തത്തിലൂടെ വികസിപ്പിച്ച ആദ്യത്തെ സുഗന്ധവ്യഞ്ജന ഇനമെന്ന പ്രത്യേകതയും ഇതിനുണ്ട്. വരണ്ട കാലാവസ്ഥയിലുൾപ്പെടെ മികച്ച വിളവ് ലഭ്യമാക്കാനാകുമെന്നതാണ് ഏലം ഇനമായ ഐഐഎസ്ആർ-മനുശ്രീയുടെ സവിശേഷത. ഏലം കൃഷി ചെയ്യുന്ന എല്ലാ മേഖലകളിലേക്കും മനുശ്രീ അനുയോജ്യവുമാണ്. മനുശ്രീയുടെ തന്നെ ജനിതക വകഭേദമാണ് ഇന്നലെ പുറത്തിറക്കിയ മറ്റൊരു ഏലം ഇനമായ ഐഐഎസ്ആർ കാവേരി.
വലുപ്പമേറിയ ഏലക്കായ ആണെന്നതിനൊപ്പം സുഗന്ധതൈലത്തിന്റെ അളവും ഈയിനത്തിൽ കൂടുതലാണ്. ഉയർന്ന വിളവ് നൽകുന്ന പെരുംജീരകം ഇനമായ ആർഎഫ്-290 രാജസ്ഥാൻ, ഗുജറാത്ത്, യു.പി, ബിഹാർ, എം.പി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പെരുംജീരകം കൃഷിചെയ്യുന്ന എല്ലാ മേഖലകളിലും കൃഷി ചെയ്യാൻ പ്രാപ്തമാണ്. ഗുജറാത്ത് അജ്‌വെയ്ൻ-3 എന്ന അയമോദകം ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നതിനും അനുമതിയായിട്ടുണ്ട്. മാങ്ങ ഇഞ്ചി ഇനമായ ഐഐഎസ്ആർ അമൃതിന്റെ ഉൽപ്പാദനശേഷി ഒരു ഹെക്ടറിന് 45 ടൺ എന്ന തോതിലാണ്. നിലവിലുള്ള ഇനങ്ങളെക്കാൾ 30 ശതമാനത്തോളം അധികമാണിതെന്നതും ശ്രദ്ധേയം.
ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്സിലിന്റെ മേൽനോട്ടത്തിൽ സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള ഓൾ ഇന്ത്യ കോർഡിനേറ്റഡ് റിസർച്ച് പ്രൊജക്റ്റ് രാജ്യത്തുതന്നെ സുഗന്ധവ്യഞ്ജന ഇനങ്ങൾ വികസിപ്പിക്കുന്നതിൽ ഏറ്റവും മുൻപന്തിയിലാണ്. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ആസ്ഥാനമായുള്ള എഐസിആർപിഎസ്, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, ജീരകം, മല്ലി മുതലായ വിളകളിലായി 184 സുഗന്ധവ്യഞ്ജന ഇനങ്ങളാണ് ഇതുവരെ പുറത്തിറക്കിയത്.