നേരിയ സൂര്യപ്രകാശമുള്ള ഏതൊരു സ്ഥലത്തും വളർത്താൻ കഴിയുമെന്നതാണ് ഈ ചെടികളുടെ പ്രത്യേകത. കാര്യമായ പരിചരണങ്ങൾ ആവശ്യമില്ലതാനും. വീടിനകത്തും പൂന്തോട്ടത്തിലും വളർത്താനും കഴിയും. വാലേറിയാന, ഹാക്കറി എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ ഹൈബ്രിഡ് ഇനങ്ങളാണ് ന്യൂഗിനിയ.
നടീൽ
അധികം ബലമില്ലാത്ത തണ്ടുകളാണ് നടീൽ വസ്‌തു. വിത്തുകളും പാകി മുളപ്പിക്കാറുണ്ട്. എന്നാൽ, നല്ലൊരു ശതമാനം വിത്തുകളും മുളയ്ക്കാറില്ല. പെട്ടെന്നു വളർന്നു പുഷ്പിക്കാൻ തണ്ടുകൾ നടുന്നതാണു നല്ലത്. മണ്ണ്, മണൽ, ചകിരിച്ചോറ് അല്പം എല്ലുപൊടി എന്നിവ ചേർത്ത് മിശ്രിതം വലിയ ചട്ടിയിൽ മുക്കാൽ ഭാഗം നിറച്ച് ചെടിയുടെ തണ്ട് നടാം.
നട്ട് കഴിഞ്ഞ് അല്‌പം നനയ്ക്കണം. നേരിയ ഈർപ്പം എപ്പോഴും ഉണ്ടാവണം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലത്ത് ഇളക്കമുള്ള മണ്ണിലും നടാം. മണ്ണ് വരണ്ട് ഉണങ്ങിയാലും വെള്ളം കൂടിയാലും ചെടികൾ നശിക്കും. തണ്ട് നട്ട് തണലിൽ വയ്ക്കണം. രണ്ടാഴ്ച കൊണ്ട് വേര് പിടിക്കും. മുന്നോ നാലോ ആഴ്‌ച കഴിഞ്ഞ് തോട്ടത്തിലേക്കു മാറ്റാം.
പരിചരണം
ശരിയായ പരിചരണം നൽകിയാൽ വർഷം മുഴുവൻ പൂവിടും. ഫലഭൂയിഷ്ഠമായ ഇളക്കമുള്ള മണ്ണാണ് അനുയോജ്യം. തണ്ടുകൾ ഒടിയാതെ നോക്കണം. കൂടുതൽ ശിഖരങ്ങളുണ്ടാകാൻ നീളം കൂടുതലുള്ള തണ്ടുകളുടെ തലഭാഗം മുറിച്ചു മാറ്റാം.
മുറിച്ചെടുക്കുന്ന തണ്ടുകൾ പുതിയ നടീൽ വസ്തുവായി ഉപയോഗിക്കാം. കൂടുതൽ തണുപ്പ് ഇഷ്ടപ്പെടാത്ത ഈ ചെടിക്ക് കൂടുതൽ നേരം സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നതും ദോഷമാണ്.
രോഗം ബാധിച്ചതും കേടുപാടുള്ളതുമായ ശാഖകൾ നീക്കണം. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ട്രാൻസ്‌പ്ലാൻറേഷൻ നടത്തുന്നതു നല്ലതാണ്. മാസത്തിൽ ഒരു തവണ ഒരു സ്‌പൂൺ എല്ലുപൊടിയോ അല്പം ചാണകപ്പൊടിയോ നൽകുന്നത് നല്ലതാണ്. മഴക്കാലത്ത് കമ്പുകൾ ഒടിയാതെയും മുറിച്ചെടുക്കാതെയും സംരക്ഷിക്കണം.