പരമാവധി ഒരു മില്ലി മീറ്ററോളം മാത്രം വലിച്ചമുള്ള സൂക്ഷ്മ ജീവികൾ ആണ് ചെടികളെ ആക്രമിക്കുന്ന നിമാവിരകൾ ഇവ അധികവും മണ്ണിൽ കാണപ്പെടുന്നവയും കൂട്ടമായി ചെടികളുടെ വേരുകളെ ആക്രമിച്ച് നില നിൽക്കുനവയും ആണ്. ഇവയുടെ ആക്രമണം ജലവും പോഷകങ്ങളും വലിച്ചെടുക്കുവാനുള്ള ചെടികളുടെ കഴിവിനെ ബാധിക്കുകയും തന്നിമിത്തം വിളനാശം ഉണ്ടാവുകയും ചെയ്യുന്നു.
പ്രതിരോധ മാർഗങ്ങൾ പൊതുവിൽ ചെയ്യേണ്ടത്.
നിമാവിരകളുടെ ആക്രമണ ലക്ഷണങ്ങൾ ഇല്ലാത്ത നടിൽ വസ്തുക്കൾ തിരഞ്ഞെടുക്കുക.
ബന്ദി, കിലുക്കി എന്നിവ ഇടവിളയായി ഉപയോഗിക്കുകയോ, വിളയുടെ ആരംഭത്തിൽ തടത്തിനു ചുറ്റുമോ ഇട സ്ഥലങ്ങളിലോ പാകുകയും ഒരു മാസത്തിനു ശേഷം കിളച്ചു ചേർക്കുകയും ചെയ്യുക.
വ്യത്യസ്ത തരം വിളകൾ ഉൾപ്പെടുത്തി വിളചംക്രമണം (Crop Rotation) അവലംബിക്കുക.
വിളവെടുപ്പിന് ശേഷം വേരുകൾ അടക്കമുള്ള അവശിഷ്ടങ്ങൾ കൃഷിയിടങ്ങളിൽ തന്നെ ഉപേക്ഷിക്കാതെ, അവ നശിപ്പിച്ചു കളയുക. വേനൽക്കാലത്ത് രണ്ടാഴ്ചയിൽ ഒരിക്കൽ കൃഷിയിടം ആഴത്തിൽ കിളച്ചിടുക
പച്ചക്കറികൃഷി
വേരുകളിൽ നിമാവിരകളുടെ ആക്രമണമില്ലാത്ത (മുഴകൾ ഇല്ലാത്ത) തൈകൾ തിരഞ്ഞെടുക്കുക.
ചെടിയൊന്നിന് 500 ഗ്രാം മരപ്പൊടിയോ കച്ചിയോ അല്ലെങ്കിൽ വേപ്പിന്റെയോ കമ്മ്യൂണിസ്റ്റ് പച്ചയുടെയോ ഇല 250 ഗ്രാം എന്ന അളവിലോ നടുന്നതിന് ഒരാഴ്ച മുൻപ് മണ്ണിൽ ചേർത്ത് ദിവസവും നനച്ചു കൊടുക്കുക.
വഴുതനയ്ക്ക് സ്യൂഡോമോണാസ് ഫ്ളൂറസെൻസ് എന്ന മിത്ര ബാക്ടീരിയ 10 ഗ്രാം /ച.മീ എന്ന അളവിൽ നഴ്സറികളിൽ ഇട്ടു കൊടുക്കുക.
വെണ്ടയ്ക്ക് ബാസില്ലസ് മാസറെൻസ് തൂക്കത്തിന്റെ അടിസ്ഥാനത്തിൽ 3% എന്ന തോതിൽ വിത്തുകളിൽ ചേർക്കുകയും, നട്ട് 30 ദിവസങ്ങൾക്കു ശേഷം ഇവയുടെ 3% ലായനി തളിച്ചു കൊടുക്കുകയും ചെയ്യുക.