പൂവിന്റെ ഉൾഭാഗത്തിന് തല കുമ്പിട്ട് പ്രാർത്ഥിക്കുന്ന ഒരു കന്യാസ്ത്രീയുടെ രൂപസാദൃശ്യമുള്ളതിനാലാണ് ഫയസിന് നൺസ് ഓർക്കിഡ്' എന്ന് പേര് കിട്ടിയത്. “നൺ' എന്നാൽ കന്യാസ്ത്രീ, സന്യാസിനി എന്നൊക്കെ അർത്ഥം. മണ്ണിൽ വളരുന്ന ഓർക്കിഡാണിത്. ഉത്തരേന്ത്യ, തായ്ലാൻഡ്, ഇന്തോ - ചൈന, മലേഷ്യ, ഇന്തൊനേഷ്യ, ആസ്ട്രേലിയൻ കടൽത്തീരം എന്നിവിടങ്ങളിൽ ഇത് വളർന്നു കാണുന്നു.
ചെടി സാമാന്യം വലിപ്പമുള്ളതാണ്. ചുവട്ടിൽ മാംസളമായതും ഗോളാകൃതിയുള്ളതുമായ വിത്തു കിഴങ്ങുകൾ, ഞൊറിവുള്ള ധാരാളം ഇലകൾ. 100 സെ.മീറ്റർ വരെ ഉയരത്തിൽ വളരുന്ന പൂങ്കുലയിൽ 10 സെ.മീറ്റർ വലിപ്പമുള്ള മുപ്പതു പൂക്കൾ വരെ കാണും. പൂക്കൾ പുറംഭാഗത്ത് വെള്ളയും, ഉൾഭാഗത്ത് ചുവപ്പു കലർന്ന ബ്രൗൺ നിറവുമുള്ളതാണ്. ലേബെല്ലത്തിന് പിങ്കോ ചുവപ്പോ നിറം. അഗ്രഭാഗം വെളുത്തിരിക്കും. ഉൾഭാഗത്ത് വെളുത്ത വരകളും കാണും.
നൈസർഗികമായി ഇത് ചതുപ്പു നിറഞ്ഞ വനമേഖലകളിലോ പുൽമേടുകളിലോ ആണ് വളരുന്നത്. വംശനാശം സംഭവിക്കുന്ന ഓർക്കിഡുകളുടെ പട്ടികയിൽ ആണ് ഫയസും പെടുന്നത്. പൂക്കൾ സുഗന്ധവാഹിയാണ്. ഫെബ്രുവരി മുതൽ ജൂൺ വരെയാണ് പൂക്കാലം. ഫയസ് ഓർക്കിഡ് വർഗസങ്കരണത്തിനാണുപയോഗിച്ചു വരുന്നത്
ഫയസ്തന്നെ കലാതെയുമായി സങ്കരണം നടത്തി "ഫയോകലാന്തേ' (Phaiocalanthe) എന്ന ഇനത്തിന് ജന്മം നൽകിയിട്ടുണ്ട്. ഇത്തരത്തിലൊന്നാണ് "ഫയോ കലാതെ ക്രിപ്റ്റോണൈറ്റ്'. അതിസുന്ദരമായ കടുംചുവപ്പു പൂക്കളാണിതിന്. ഫയസ്, സ്പാഥോഗ്ലോട്ടിസുമായി സങ്കരണം നടത്തി "സ്പാഗോ ഫയസ്' എന്ന ഇനത്തിന് ജന്മം നൽകിയിട്ടുണ്ട്.