ജാതിക്കായുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാൻ കഴിയുന്നതാണ്. ഇതിന്റെ ഇളം കായ്കൾ 'ഉപ്പിലിടാൻ' ഉപയോഗിക്കാവുന്നതാണ്. ജാതികായുടെ മാംസളമായ പുറന്തോട് ജാമും ജെല്ലിയും ഉണ്ടാക്കാൻ ഉപയോഗിക്കാം. ചമ്മന്തിയുണ്ടാക്കുവാനും ഈ പുറന്തോട് ധാരാളമായി ഉപയോഗിച്ചുവരുന്നു. വിദേശമദ്യങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയ്ക്കു സ്വാദുകൂട്ടുവാൻ ജാതിപത്രി ഉപയോഗിക്കുന്നു.
സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും ഉണ്ടാക്കാൻ ജാതിക്കാ
വെറ്റില മുറുക്കുന്നവർക്കു ജാതിപത്രി ഒരു വിശേഷപ്പെട്ട വസ്തുവാണ്. ജാതിക്കായുടെ ഉണങ്ങിയ വിത്തിൽ നിന്നും ഔഷധപ്രാധാന്യമുള്ള ഒരു തരം എണ്ണ ലഭിക്കുന്നു. അതിലുള്ള എണ്ണയാണ് ജാതിക്കയുടെ ഗുണത്തിനും മണത്തിനും കാരണം. മൂത്രനാളിയിലും മൂത്രാശയത്തിലും ഉണ്ടാകുന്ന വീക്കങ്ങൾക്കു പരിഹാരമായി ജാതിത്തൈലം ശുപാർശ ചെയ്തിരിക്കുന്നു. സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും ഉണ്ടാക്കാൻ ഇവ ഉപയോഗിച്ചുവരുന്നു. വിദേശമദ്യങ്ങൾക്കു സ്വാദു കൂട്ടാനും ഇത് ധാരാളമായി ഉപയോഗിക്കുന്നു.
ജാതിയിൽ നിന്നുമെടുക്കുന്ന ജാതി വെണ്ണ വിദേശരാജ്യങ്ങളിൽ സോപ്പുണ്ടാക്കാൻ ഉപയോഗിക്കുന്നു. മാംസപേശികൾക്ക് ഉണ്ടാകുന്ന വേദന, വാതം മുതലായവയ്ക്ക് ഈ വെണ്ണ വളരെ ഫലപ്രദമാണ്.
നിരവധി ഔഷധഗുണങ്ങൾ ജാതിക്കായ്ക്കുണ്ട്. ജാതിക്കായുടെ പൊടി ആയുർവേദമരുന്നുകളിൽ മിക്കതിലും ഒരു പ്രധാന ചേരുവയാണ്. പലതരം മരുന്നുകളിലും ഒരു അത്യാവശ്യഘടകമാണ് ജാതിക്ക പ്രത്യേകിച്ചും എണ്ണ, കുഴമ്പ്, ഗുളിക എന്നിവയിൽ. അലോപ്പതി മരുന്നുകളിലും ജാതിക്ക പല വിധത്തിൽ ഉപയോഗിച്ചുവരുന്നു.
ജാതി വെണ്ണ
ജാതിക്കാ ചതച്ചരച്ച് ഉയർന്ന് താപത്തിൽ സമ്മർദ്ദം ചെലുത്തി എണ്ണ വേർതിരിച്ചെടുക്കണം. ഇതിനു ജാതിക്കായുടെ പ്രത്യേക ഗന്ധവും ഓറഞ്ചു നിറവുമുണ്ട്. സാധാരണ താപനിലയിൽ ഉറഞ്ഞു കട്ടിയായി വെണ്ണപോലെയാകുന്നു. ജാതി വെണ്ണ, ജാതി കോൺക്രീറ്റ് എന്നി പേരുകളിൽ അറിയപ്പെടുന്നു.
ജാതിക്കാ എണ്ണ
ഇളംമഞ്ഞനിറമായ ജാതിക്കാ എണ്ണയ്ക്കു നല്ല സുഗന്ധമാണ്. ജാതിവിത്ത്, ജാതിപത്രി എന്നിവയിൽ നിന്നും 7 മുതൽ 16 ശതമാനം വരെ എണ്ണ ലഭിക്കുന്നു. ജാതിക്ക തോടു കളഞ്ഞശേഷം യന്ത്രം ഉപയോഗിച്ച് പൊടിക്കണം. ഇത് കുറഞ്ഞ മർദ്ദത്തിൽ വാറ്റി എണ്ണ എടുക്കുന്നു. ഭക്ഷണപദാർത്ഥത്തിൽ സുഗന്ധം നൽകാനാണ് സാധാരണ ഉപയോഗിക്കുന്നത്.
ജാതിപത്രി തൈലം
4 മുതൽ 17 ശതമാനംവരെ തൈലം ജാതിപത്രിയിൽ നിന്നും ലഭിക്കുന്നു. ഇളം മഞ്ഞനിറമോ അല്ലെങ്കിൽ നിറമില്ലാത്തതോ ആണ് ഈ തൈലം. ജാതിത്തൈലം പോലെ ഇതും ഭക്ഷണപദാർത്ഥങ്ങൾക്കു സുഗന്ധം നൽകാനാണ് ഉപയോഗിക്കുന്നത്.
ഒളിയോറെസിൻ
ഒളിയോറെസിൻ പൊടിച്ച ജാതിക്കായിൽ നിന്നും ജാതിപത്രിയിൽ നിന്നും കാർബണിക ലായകങ്ങൾ ഉപയോഗിച്ചാണ് ഒളിയോറെസിൻ വേർതിരിച്ചെടുക്കുന്നത്. ജാതിക്കായിൽ നിന്നും 10 മുതൽ 12 ശതമാനവും പ്രതിയിൽ നിന്നും 10 മുതൽ 13 ശതമാനവും ഒളിയോറെസിൻ ലഭിക്കും.