വിളഞ്ഞു പാകമായ ജാതിക്കാ കായ്കൾ പുറന്തോട് പൊട്ടി കായും പത്രിയും പുറത്തു കാണുമ്പോഴാണ് അവ ശേഖരിക്കാറുള്ളത്. സാധാരണ അതിരാവിലെ തറയിൽ വീണു കിടക്കുന്ന കായ്കൾ പെറുക്കിയെടുക്കുകയും തോടു പൊട്ടിയ കായ്കൾ മരത്തിൽനിന്നും തോട്ടി ഉപയോഗിച്ച് അടർത്തിയെടുക്കുകയും ചെയ്യാറുണ്ട്. ശേഖരിച്ച കായ്ക ളിൽനിന്നും മാംസളമായ പുറന്തോട് നീക്കി കടുംചുവപ്പുനിറമുള്ള ജാതിപതി ശ്രദ്ധയോടെ ഇളക്കിമാറ്റുന്നു. ജാതിക്കായുടെ ഏറ്റവും വില കൂടിയ ഭാഗം ജാതിപ്രതിയാണ്. പ്രതി കേടു കൂടാതെ ഒറ്റ ഇതളായി ഇളക്കിയെടുക്കാൻ ശ്രദ്ധിക്കണം.
കുരുവും പത്രിയും വെയിലത്ത് ഉണക്കണം. എന്നാൽ സാധാരണ വിളവെടുപ്പ് നടത്തുന്നത് മഴക്കാലത്തായതിനാൽ വെയിലത്ത് ഉണക്കാൻ കഴിയാറില്ല. പുകയില്ലാത്ത അടുപ്പിനു മുകളിൽ വെച്ചും ഇലക്ട്രിക് ഡ്രയറിൽ വെച്ചും കായ്കൾ ഉണക്കിയെടുക്കാൻ കഴിയും. രണ്ടു മൂന്നു ദിവസംകൊണ്ട് ജാതിപത്രി ഉണങ്ങി കിട്ടും. കായ്കൾ, ഉണങ്ങാൻ ഒരാഴ്ചയെങ്കിലും എടുക്കും. പൂർണ്ണമായി ഉണങ്ങിയ പ്രതി വിരൽകൊണ്ട് പതുക്കെ അമർത്തിയാൽ അവ ഒടിയുന്നു. കായ് കളാകട്ടെ ഉണങ്ങിക്കഴിയുമ്പോൾ അകത്ത് പരിപ്പ് കിലുങ്ങുന്ന ശബ്ദം കേൾക്കാം. വെയിലത്ത് ഉണക്കുമ്പോൾ ജാതിപത്രി 10-12 ദിവസവും കായ്കൾ 5 മുതൽ 8 ആഴ്ചയും എടുക്കുന്നു.
ജാതിക്കാ ഡ്രയറിൽ ഉണക്കുന്ന രീതി
ജാതിക്കാ ഡ്രയറിൽ ഉണക്കുമ്പോൾ ആദ്യ രണ്ടു ദിവസം ഊഷ്മാവ് 52 ഡിഗ്രി സെൽഷ്യസ് വരെയാകാം. കാരണം പറിച്ചെടുത്ത ഉടനേ കായ്കളിൽ കൂടുതൽ ഈർപ്പം ഉണ്ടാകും. പിന്നീട് ഊഷ്മാവ് 45 ഡിഗ്രി യായി കുറയ്ക്കണം. ഊഷ്മാവ് കൂടിയാൽ കായിലുള്ള കൊഴുപ്പ് ഉരുകി തൊണ്ടിനുള്ളിൽ പടർന്ന് ഗുണം നഷ്ടപ്പെടും. ഈ ഊഷ്മാവിൽ മൂന്നു നാലു ദിവസംവരെ ഉണക്കണം. കായ്കൾ ഉണക്കുമ്പോൾ 7 മണിക്കൂർ ചൂടാക്കുകയും 7 മണിക്കൂർ തണുക്കാൻ അനുവദിക്കുകയും ചെയ്യുക. ഈ ക്രമം ആവർത്തിക്കുക. ഉണങ്ങിയ കായ്കൾ നേരത്തേ സൂചിപ്പിച്ചതുപോലെ നന്നായി കുലുങ്ങും.