ഓൺസീഡിയം കൂട്ടമായി വളരുന്നു. എളുപ്പം വംശവർധന ഉണ്ടാകുന്നു. നന്നായി വളംചെയ്‌തു വളർത്തിയാൽ ചെടികളുടെ എണ്ണം വേഗം വർധിപ്പിക്കാം.
വളർത്താൻ അധികം സ്ഥലം ആവശ്യമില്ല. ചെടിയിൽ ധാരാളം വേരുകൾ ഉള്ളതു കൊണ്ട് പെട്ടെന്ന് മാധ്യമത്തിൽ വളർന്നുകയറും. തൊണ്ടുകളിൽ കെട്ടിത്തൂക്കി വളർത്താൻ വളരെ എളുപ്പമാണ്. തടി ബാസ്കറ്റുകളിലും ഓൺസീഡിയം വളർത്താം. ചെറിയ ചെടികൾ മാത്രമായി ഇളക്കിയെടുത്ത് നടാൻ പാടില്ല. പുതിയ മുളകൾ പഴയ ചെടിയോടൊപ്പം വേണം ഇളക്കിയെടുത്ത് നടാൻ ഉപയോഗിക്കേണ്ടത്.
ചെടി ഉയരത്തിൽ കെട്ടിത്തൂക്കി വേണം വളർത്താൻ. ചെടിയുടെ വേരുപടലത്തിൽ നല്ല നീർവാർച്ച ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ചെടി അഴുകിപ്പോകുന്നു. അതു പോലെ തന്നെ ചെടിയുടെ വളർച്ചയ്ക്ക് ഈർപ്പം അത്യാവശ്യമാണ്. മാംസളമായ ഇലകൾ ചെടിയുടെ ആരോഗ്യകരമായ വളർച്ചയെ സൂചിപ്പിക്കുന്നു.
ആദ്യമാദ്യം വരുന്ന പൂങ്കുലകൾ വളരെ ചെറുതായിരിക്കും. പൂക്കളുടെ എണ്ണവും വളരെ കുറവായിരിക്കും. 3-4 ബൾബുകൾ വന്നു കഴിയുമ്പോൾ പിന്നെ വരുന്ന പൂങ്കുലയ്ക്ക് നല്ല നീളവും ധാരാളം പൂക്കളും കാണും. സാധാരണഗതിയിൽ നാം കാണുന്ന പൂങ്കുലകൾക്ക് നീളക്കുറവും പൂക്കളുടെ എണ്ണം കുറവുമായതിനാൽ ഓൺസീഡിയം ഓർക്കിഡുകൾ വളർത്തുന്നതിൽ വലിയ താൽപര്യവും കാണിക്കാറില്ല.
എന്നാൽ രണ്ടടിയോളം നീളമുള്ള പൂങ്കുലയിൽ വലുപ്പമുള്ള 100-200 പൂക്കൾ കാണുമ്പോഴാണ് അവയുടെ മാഹാത്മ്യം മനസ്സിലാകുന്നത്. ഓൺസീഡിയത്തിൻ്റെ പൂങ്കുല ചെറുതായിരിക്കുകയും പൂക്കളുടെ എണ്ണം കുറവായിരിക്കുകയും ചെയ്‌താൽ ഒരു കുല പൂവിന് രണ്ടോ മൂന്നോ രൂപയേ ലഭിക്കുകയുള്ളൂ. എന്നാൽ രണ്ടടിയോളം നീളമുള്ള പൂങ്കുലയിൽ ധാരാളം പൂക്കളുണ്ടെങ്കിൽ 20 രൂപവരെ ലഭിക്കാൻ സാധ്യതയുണ്ട്. അതു പോലെതന്നെ ചെടിയുടെ കാര്യവും. 5 രൂപമുതൽ 30 രൂപാവരെ വിപണിയിൽ ഓൺസീഡിയം ചെടികൾക്ക് വിലയുണ്ട്. എന്നാൽ വലുപ്പമുള്ള പൂങ്കുലയോടൊപ്പം വിൽക്കുന്ന ചെടിക്ക് 100 രൂപ ഒരു ബുദ്ധിമുട്ടില്ലാതെ ലഭിക്കുന്നു.