മണ്ണിൽ നിന്നുമുണ്ടാകുന്ന രോഗങ്ങൾക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു മിത്ര കുമിളാണ് ട്രൈക്കോഡർമ്മ വിറിഡ്. ഇത് മണ്ണിന്റെ ആരോഗ്യത്തിനും ചെടികളുടെ വളർച്ചയ്ക്കും സഹായകമാണ്. വേപ്പിൻ പിണ്ണാക്കും ചാണകവും ചേർന്ന മിശ്രിതത്തിൽ വംശ വർധന നടത്തിയാണ് ഇവ മണ്ണിൽ ചേർക്കുന്നത്. മുളകിന്റെ ദ്രുതവാട്ടം, ഇഞ്ചിയുടെയും, ഏലത്തിന്റെയും അഴുകൽ, ചീയൽ എന്നിവയ്ക്കെതിരെ ഫലപ്രദമാണ്.
ഉപയോഗരീതി
ഒരു കിലോ ട്രൈക്കോഡർമ, 90 കിലോ ഉണക്കി പൊടിച്ച ചാണകം, 10 കിലോ വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം തളിച്ചു യോജിപ്പിച്ച് കൂനകൂട്ടി ദ്വാരമുള്ള പോളിത്തീൻ ഷീറ്റ് കൊണ്ടോ, സാധാരണ പേപ്പർ കൊണ്ടോ മൂടി തണലിൽ 4-5 ദിവസം സൂക്ഷി ക്കുക. നന്നായി ഇളക്കി മൂന്നു ദിവസം കൂടി അതേ പോലെ സൂക്ഷി ച്ചശേഷം മണ്ണിൽ ചേർക്കാം. ഇങ്ങനെ തയ്യാറാക്കിയ മിശ്രിതത്തിനു മുകളിൽ പച്ചനിറത്തിൽ വളർന്ന ട്രക്കോഡർമ പൂപ്പൽ കാണാം.
ചാണകം മാത്രം ഉപയോഗിക്കാമെങ്കിലും വേപ്പിൻ പിണ്ണാക്കു കൂടി ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. നടീൽ മിശ്രിതത്തിലും തവാരണ തടങ്ങളിലും ഈ മിശ്രിതം ഉപയോഗിക്കുന്നത് കുമിൾ രോഗങ്ങളെ ഒരു പരിധി വരെ തടയും.
മുളകിന്റെ ദ്രുതവാട്ടത്തിനെതിരെ മുകളിൽ പറഞ്ഞ തരത്തിലുള്ള ജൈവവളക്കൂട്ടിൽ വർധിപ്പിച്ച ട്രൈക്കോഡർമ മുളക് വള്ളിയുടെ തടത്തിൽ ഓരോ കിലോ വീതം പ്രയോഗിക്കാവുന്നതാണ്. നെല്ലിന്റെ പോള കരിച്ചിലിനെതിരേ മുൻ കരുതൽ എന്ന രീതിയിൽ ട്രൈക്കോഡർമ ഏറെ ഫലപ്രദമാണ്.
ഇതിനായി ട്രൈക്കോഡർമ വിത്തിൽ പുരട്ടുകയും (10 ഗ്രാം/ കി.ഗ്രാം വിത്ത്) പറിച്ചു നട്ട് ഒരാഴ്ച യ്ക്കു ശേഷം മണ്ണിൽ ചേർത്ത് കൊടു ക്കുകയും (2.5 കി.ഗ്രാം /ഹെ.) പിന്നീട് പറിച്ചു നട്ട് ഒരു മാസത്തിനു ശേഷം തളിച്ചു കൊടുക്കാവുന്നതുമാണ് (10 ഗ്രാം/ ലിറ്റർ )