കൂൺ കൾച്ചർ തയ്യാറാക്കൽ
കൂൺ കൾച്ചർ ചെയ്യുന്ന ആൾ കൈകൾ ആന്റിസെപ്റ്റിക് ലായിനി ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. കൾച്ചർ ചെയ്യുന്നതിനായി പോളിത്തീൻ കവറിലാക്കിയ കൂൺ ലാബിനുള്ളിലേക്ക് കൊണ്ടുവരണം. ലാബിനുള്ളിൽ പ്രവേശിച്ച ശേഷം കതക് അകത്തുനിന്നും അടയ്ക്കുകയും ഫേസ് മാസ്ക് ധരിക്കുകയും വേണം.
ഇനോക്കുലേഷൻ ഹുഡ് മേശയുടെ ഉപരിതലവും കൈകളും ആന്റിസെപ്റ്റിക് ലായിനി ഉപയോഗിച്ച് നല്ലവണ്ണം തുടയ്ക്കണം. മുറിയുടെ ജനാലകൾ തുറന്നിടരുത്.
ഹുഡ്ഡിനുള്ളിൽ മേശപ്പുറത്ത് വച്ചിരിക്കുന്ന ബുൺസൺ ബർണർ കത്തിച്ച് തീ നാളത്തിന്റെ നിറം നീലയാണെന്ന് ഉറപ്പുവരുത്തുക.
തെരഞ്ഞെടുത്ത കൂൺ തീ നാളത്തിന്റെ സമീപത്തുപിടിച്ച് അണു വിമുക്തമാക്കിയ ബ്ലേഡുകൊണ്ട് നെടുകെ പിളർക്കുക. കൂണിന്റെ തണ്ടും കുടയും ചേരുന്ന ഭാഗത്ത് നിന്നും 3-4 മി.മീ വലിപ്പത്തിലുള്ള കോശങ്ങൾ മുറിച്ച് വൃത്തിയുള്ള ചെറിയ പാത്രത്തിൽ വയ്ക്കുക. തയ്യാറാക്കിയ ടെസ്റ്റ് ട്യൂബ് സ്ലാന്റിന്റെ വായ്ഭാഗം തീ നാളത്തിന്റെ മുകളിലായി പിടിച്ച് പഞ്ഞി അയച്ചു വയ്ക്കുക.
അണുവിമുക്തമാക്കിയ ഫോർസെപ്റ്റ് ഉപയോഗിച്ച് മുറിച്ച് വച്ച കൂൺ കോശങ്ങളിൽ ഒരെണ്ണം എടുത്ത് ടെസ്റ്റ് ട്യൂബ് സ്ലാന്റിലെ മാധ്യമത്തിലേക്ക് വയ്ക്കുക. (ടെസ്റ്റ് ട്യൂബ് സ്ലാന്റ് തുറക്കുന്നതിന് മുമ്പ് അതിന്റെ വായ്ഭാഗം തീ നാളത്തിന്റെ അടുത്ത് മുകളിലായി കുറുകെ പിടിച്ച് പഞ്ഞി ഊരിമാറ്റിയതിനുശേഷം വേണം കോശം വയ്ക്കേണ്ടത്. അതിനുശേഷം അതേ പഞ്ഞി തിരികെ വെച്ച് സ്ലാന്റ് അടയ്ക്കണം. കൂൺ കോശം മാധ്യമത്തിൽ വീഴാതെ ടെസ്റ്റ് ട്യൂബിന്റെ വശങ്ങളിൽ പതിഞ്ഞിരിക്കുകയാണെങ്കിൽ ട്യൂബിൽ തട്ടി കോശം മാധ്യമത്തിൽ പതിച്ചെന്ന് ഉറപ്പുവരുത്തുക).
ഓരോ കൂൺ കോശവും ഇപ്രകാരം ഓരോരോ ടെസ്റ്റ് ട്യൂബ് സ്ലാന്റകളിലായി വയ്ക്കുക.
കൾച്ചറിന്റെ വളർച്ച ദിവസവും ശ്രദ്ധിക്കണം. ദിവസങ്ങൾക്കു ഉള്ളിൽ മാധ്യമത്തിന്റെ പ്രതലത്തിലാകെ പഞ്ഞി പോലെ വെള്ള കൂൺ തന്തുക്കൾ വളരുന്നത് കാണാം. ഇതാണ് കൂൺ കൾച്ചർ.