ചില ജൈവ കീടനാശിനികളും അവ തയ്യാറാക്കുന്ന വിധവും
വേപ്പിൻകുരു സത്ത്: 50 ഗ്രാം വേപ്പിൻകുരു പൊടിച്ച് കിഴികെട്ടി ഒരു ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ മുക്കിവെയ്ക്കുക. ഇത് നീറ്റിയാൽ 58% വീര്യമുള്ള വേപ്പിൻകുരുസത്ത് ലഭിക്കും. കായ് തണ്ട് തുരപ്പൻ പുഴുക്കൾ, ഇലതീനിപ്പുഴുക്കൾ, പുൽച്ചാടികൾ എന്നിവയെ അകറ്റി നിറുത്താൻ ഇത് ഫലപ്രദമാണ്. ഇതിന്റെ ഉപയോഗം ചെടിയുടെ ഭാഗങ്ങൾ കീടങ്ങൾക്ക് അസ്വീകാര്യമാക്കിതീർക്കുന്നു.
വേപ്പെണ്ണ എമൾഷൻ: 60 ഗ്രാം ബാർസോപ്പ് അരലിറ്റർ വെള്ള ത്തിൽ ലയിപ്പിച്ച് ഒരു ലിറ്റർ വേപ്പെണ്ണ ചേർത്തിളക്കുക. ഇതിന് 15 ഇരട്ടി വെള്ളം നേർപ്പിച്ച് പയർ വർഗ്ഗ വിളകളിലും 40 ഇരട്ടി നേർപ്പിച്ച് വെള്ളരി വർഗ്ഗവിളകളിലും ഉപയോഗിക്കാം. ഓരോ ലിറ്റർ ലായനിയ്ക്കും 20 ഗ്രാം എന്ന തോതിൽ വെളുത്തുള്ളി അരച്ച് ചേർക്കുക. നീരൂറ്റി കുടിയ്ക്കുന്ന ചെറുപ്രാണികളെ നിയന്ത്രിക്കുന്നതിനായി ഇലയുടെ ഇരുവശങ്ങളിലും തളിയ്ക്കുക. നല്ല വെയിലുള്ള സമയങ്ങളിൽ വേപ്പെണ്ണ തളിക്കരുത്.
വേപ്പെണ്ണ, ആവണക്കെണ്ണ, വെളുത്തുള്ളി മിശ്രിതം: 6 ഗ്രാം ബാർസോപ്പ് 50 മില്ലി ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സോപ്പ് ലായനി തയ്യാറാക്കുക. ഈ ലായനി 20 മില്ലി ലിറ്റർ ആവണക്കെണ്ണയും 80 മില്ലി ലിറ്റർ വേപ്പെണ്ണയും ചേർത്തുണ്ടാക്കിയ, നൂറ് മില്ലി ലിറ്റർ എണ്ണ മിശ്രിതത്തിലേക്ക് സാവധാനം ഒഴിച്ച് നല്ലതു പോലെ ഇളക്കുക. ഈ 150 മില്ലി ലിറ്റർ എണ്ണ എമൽഷൻ 120 ഗ്രാം വെളുത്തുള്ളി അരച്ച് കലക്കി അരിച്ചെടുത്ത് ആറ് ലിറ്റർ വെള്ളം ചേർത്ത് നേർപ്പിക്കുക. ഇത് ഒരു സ്പെയർ ഉപയോഗിച്ച് സൂക്ഷ്മകണികകളായി വീഴത്തക്കവിധം ഇലയുടെ അടിഭാഗത്ത് തളിക്കുക. പാവലിന്റെ പ്രധാന കീടങ്ങളായ പച്ചത്തുളളൽ, വെള്ളീച്ച, മുഞ്ഞ, എപ്പിലാക്ന വണ്ട്, മണ്ഡരി ഇവയെ ഈ ജൈവകീടനാശിനി ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.
വേപ്പിൻ പിണ്ണാക്ക് : വേപ്പിൻ പിണ്ണാക്ക് മണ്ണുമായി ഇളക്കി കൊടുക്കുന്നത് വേരു തീനിപ്പുഴുക്കളെയും, നിമാവിരകളേയും മീലിമുട്ടകളേയും നിയന്ത്രിക്കാൻ സഹായിക്കും.
പുകയില കഷായം : അര കിലോ പുകയിലയോ പുകയില ഞെട്ടോ ചെറുതായി അരിഞ്ഞ് 41 ലിറ്റർ വെള്ളത്തിൽ ഒരു ദിവസം മുക്കിവെച്ച ശേഷം ചണ്ടി പിഴിഞ്ഞ് മാറ്റുക. 120 ഗ്രാം ബാർസോപ്പ് അര ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച ഈ ലായനിയുമായി ചേർത്ത് ഇളക്കുക. ഇപ്രകാരം തയ്യാറാക്കിയ പുകയില കഷായം 7 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് തളിച്ചാൽ ഏഫിഡുകൾ, മുഞ്ഞ, മീലിമുട്ട തുടങ്ങിയ മൃദുശരീരമുള്ള കീടങ്ങളെ നിയന്ത്രിക്കാം. പുകയില വെള്ളത്തിലിട്ട് തിളപ്പിക്കുന്നത് നന്നല്ല.
നാറ്റപൂച്ചെടി എമൾഷൻ : നാറ്റപൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാർസോപ്പ് അര ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി നേർപ്പിച്ച് പയറിന്റെ ഇലപ്പേനുകളെയും മറ്റു നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാനുപയോഗിക്കാം.
കിരിയാത്ത് എമൾഷൻ : കിരിയാത്തിന്റെ ഇലയും തണ്ടും ചതച്ചെടുത്തുണ്ടാക്കിയ ഒരു ലിറ്റർ ലായനിയിൽ 60 ഗ്രാം ബാർസോപ്പ് ഒന്നര ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചെടുത്ത ലായനിയുമായി ചേർക്കുക. ഇപ്രകാരം തയ്യാറാക്കിയ ലായനി 10 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് തളിച്ചാൽ ഇലപ്പേൻ, വെള്ളീച്ച, മുഞ്ഞ മുതലായ പ്രാണികളെ നിയന്ത്രിക്കാം. മണ്ഡരികൾക്കെതിരെ ഏറ്റവും ഫലപ്രദമായ ജൈവകീടനാശിനിയാണ് കിരിയാത്ത് എമർഷൻ.
ഗോമൂത്രം കാന്താരിമുളക് മിശ്രിതം : 1 ലിറ്റർ ഗോമൂത്രത്തിൽ 10 ഗ്രാം കാന്താരിമുളക് അരച്ച് ചേർത്ത് അരിച്ചെടുക്കുക. ഇതിൽ 60 ഗ്രാം ബാർസോപ്പ് ലയിപ്പിച്ച് 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കാം. ചീരയുടെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കുവാൻ വളരെ ഫലപ്രദമായ ഒന്നാണ് ഈ മിശ്രിതം.
മഞ്ഞൾപ്പൊടി സോഡാപ്പൊടി പാൽക്കായം മിശ്രിതം : 8.4 ഗ്രാം പാൽക്കായം 1 ലിറ്റിൽ വെള്ളത്തിൽ 1 ഗ്രാം സോഡ പൊടിയും 4 ഗ്രാം മഞ്ഞൾപ്പൊടിയും ചേർത്ത് തളിയ്ക്കണം. ഇത് ഇലയുടെ ഇരുവശങ്ങളിലും തളിച്ചുകൊടുക്കുന്നത് ഇലപ്പുള്ളി രോഗത്തെ നിയന്ത്രിക്കുന്നു.