ബയോപോണിക്സ് ഹൈഡ്രോപോണിക്സ് പോലെ തന്നെ ഒരു നിയന്ത്രിത കൃഷിരീതിയാണെങ്കിലും രാസവസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കി സസ്യമൃഗജന്യവസ്‌തുക്കൾ പോഷകസ്രോതസ്സായി ഉപയോഗിക്കുന്നതിനാൽ ബയോപോണിക്സിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ തികച്ചും സുരക്ഷിതമാണ്. സൂക്ഷ്‌മ ജീവികളുടെ പ്രവർത്തനം മൂലം സസ്യജന്തുജന്യ വസ്‌തുക്കൾ വിഘടിച്ചു സസ്യങ്ങൾക്ക് ആഗിരണം ചെയ്യാൻ സാധിക്കുന്ന പോഷക മൂലകങ്ങളാകുന്നു.
ബയോഫെർട്ടിലൈസർ ടാങ്ക്, റീ സർകുലേറ്റിംഗ് ടാങ്ക്, ഗ്രോയിംഗ് യൂണിറ്റ് എന്നിവ ഉൾപ്പെടുന്നതാണ് ഒരു ബയോപോണിക്സ് സിസ്റ്റം. ബയോഫെർട്ടിലൈസർ ടാങ്കിൽ വച്ച് സൂക്ഷജീവികളുടെ പ്രവർത്തനം മൂലം സസ്യജന്തുജന്യ അവശിഷ്ടങ്ങൾ വിഘടിച്ച് സസ്യങ്ങൾക്ക് ആഗിരണം ചെയ്യാവുന്ന പോഷക സംയുക്തങ്ങൾ ആകുന്നു. ബയോഫെർട്ടിലൈസർ ടാങ്കിൽ നിന്നും പോഷക സമ്പുഷ്ടമായ ജലം റീസർക്കുലേറ്റിംഗ് ടാങ്കിലേയ്ക്ക് പമ്പ് ചെയ്യപ്പെടുകയും നേർപ്പിച്ച ഈ ലായനി റീസർക്കുലേറ്റിംഗ് ടാങ്കിൽ നിന്നും സസ്യങ്ങൾ വളരുന്ന ഗ്രോയിംഗ് യുണിറ്റിലേയ്ക്ക് പമ്പ് ചെയ്യപ്പെടുകയും ചെയ്യൂന്നു,
ബയോപോണിക്സ് യുണിറ്റ് -ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഹൈഡ്രോപോണിക്സിനെ അപേക്ഷിച്ച് ബയോപോണിക്സ് യുണിറ്റ് കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കെണ്ടാതായുണ്ട്. അമ്ലത, EC (വൈദ്യുത ചാലകത) എന്നിവ സ്ഥിരമായി നിരീക്ഷിക്കേണ്ടാതായുണ്ട്.
പോഷകലായനി ശുദ്ധീകരിക്കുന്നത് ശരിയായ വായു സഞ്ചാരം ഉറപ്പാക്കി വേരുകളുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. നിയന്ത്രിത സാഹചര്യത്തിൽ വെളിച്ചം, വായുസഞ്ചാരം, താപനില, ഈർപ്പം, കീടരോഗ പരിപാലനം എന്നിവ ക്രമീകരിക്കുകയാണെങ്കിൽ ബയോപോണിക്‌സിൻറെ ഫലപ്രാപ്‌തി വർദ്ധിപ്പിക്കാൻ സാധിക്കും.
ഗുണം ചെയ്യുന്ന സൂഷ്മാണുക്കളുടെ കുട്ടിച്ചേർക്കൽ
ബയോപോണിക്സ് സിസ്റ്റങ്ങളിൽ സൗഹൃദ സൂക്ഷ്മാണുക്കൾ സമൃദ്ധമായി വളരുന്നു. സ്വാഭാവികമായി ഉണ്ടാകുന്ന സൂക്ഷ്മാണുക്കൾക്ക് പുറമേ, സസ്യങ്ങളുടെ വേരുകളിൽ കോളനികൾ ഉണ്ടാക്കാനും രോഗകാരികളായ സൂക്ഷ്‌മമാണുക്കളെ നിയന്ത്രിക്കാനും കഴിവുള്ള ബാക്ടീരിയ, ഫംഗസ്, VAM മുതലായ ഗുണകരമായ സൂക്ഷ്‌മാണുക്കളെ നിക്ഷേപിക്കുന്നത് ഒരേ സമയം പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നതിനോടൊപ്പം സസ്യവളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ബയോപോണിക്സിന് അനുയോജ്യമായ സസ്യങ്ങൾ
ബയോപോണിക് സ് രീതിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന പഴങ്ങൾ പച്ചക്കറികൾ എന്നിവയ്ക്ക് മണ്ണിൽ വളരുന്നതിനേക്കാൾ കൂടുതൽ ഗുണങ്ങൾ ഉള്ളതായി കണ്ടു വരുന്നു. സുഗന്ധത്തിലും സ്വാദിലും ഇവ മറ്റു കൃഷിരീതികളിൽ ഉത്പാദിപ്പിക്കപ്പെടുന്നവയേക്കാൾ മുന്നിട്ടു നിൽക്കുന്നു. ഔഷധസസ്യങ്ങൾ, ഇലക്കറികൾ, ബേസിൽ, ഗ്രാമ്പൂ, ചീര, പാലക്, പുതിന, റോസ്മേരി, കാശിത്തുമ്പ, പാർസ്ലി എന്നിവ ബയോപോണിക്‌സിന് അനുയോജ്യമാണ്. മുകളിൽ പറഞ്ഞ ചെടികൾക്ക് പുറമേ തക്കാളി, മുളക്, കാബേജ് എന്നിവ ബയോപോണിക്‌സിന് അനുയോജ്യമാണ്.