ലഭ്യമായ പരമാവധി സ്ഥലം കൃഷിക്ക് ഉപയോഗിക്കുക എന്ന ആശയമാണ് കരനെൽകൃഷി എന്ന കൃഷി രീതിക്ക് പിന്നിൽ. നെൽവയലുകൾ മണ്ണിട്ട് മൂടി കരഭൂമിയാക്കിയും പിന്നീട് പുരയിടവുമായി തരം മാറ്റപ്പെട്ടുപോയ കേരളത്തിലെ സാഹചര്യത്തിൽ ഒരു പ്രായശ്ചിത്തമായും ഈ കൃഷിരീതിയെ പരിഗണിക്കാം.
ക്ഷാമകാലത്ത് പിന്തുടർന്ന പുനം കൃഷിയുടെ മറ്റൊരു രൂപം കൂടിയാണിത്.
മഴയെ മാത്രം ആശ്രയിച്ച് ചെയ്യുന്ന നെൽക്കൃഷിയാണിത് . നല്ലത് പോലെ സൂര്യപ്രകാശം ലഭിക്കുന്ന കരഭൂമിയിൽ കരനെല്‍കൃഷി ചെയ്യാം. ഇരുപത് വര്‍ഷത്തിനു മുകളില്‍ പ്രായമുള്ള തെങ്ങിന്‍തോപ്പുകളിലും തുറസായ സ്ഥലങ്ങളും മരച്ചോല ഇല്ലാത്ത തരിശായിക്കിടക്കുന്ന ഏത് തരം കരപ്രദേശങ്ങളും കരനെൽകൃഷിക്കായി ഉപയോഗപ്പെടുത്താം.
മഴക്കാലത്തിന് മുൻപായി കൃഷിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലം നല്ലത് പോലെ കിളച്ച് കളകൾ നീക്കം ചെയ്ത് മണ്ണ് പാകപ്പെടുത്തിയെടുക്കുന്നു . കിളക്കുമ്പോൾ കരിയില മണ്ണിൽ ഉഴുത് ചേർക്കാം . അടിവളമായി ലഭ്യമായ ചാണകപ്പൊടി / ജൈവവളം, / കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കുറഞ്ഞത് സെന്റിന് 20 കിലോ എന്ന തോതിൽ ചേര്‍ത്തുകൊടുക്കുകയും ഫോസ്ഫറസ്സ് വളങ്ങളും ആവശ്യത്തിന് ചേർത്ത് കൊടുക്കാം.
പൊതുവെ മൂപ്പ് കുറഞ്ഞത്തതും വരൾച്ചയെ പ്രതിരോധിക്കുന്ന ഉയരം കുറഞ്ഞ ഇനങ്ങൾ ആണ് തിരഞ്ഞെടുക്കാവുന്നത്. സാധാരണയായി നാടൻ ഇനങ്ങൾ കൂടാതെ സ്വര്‍ണപ്രഭ ,പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രത്തില്‍നിന്നുമുള്ള പിടിബി 23, പിടി ബി10, ആതിര , ഐശ്വര്യ,
ജ്യോതി, മട്ടത്രിവേണി, അന്നപൂര്‍ണ്ണ, രോഹിണി, തുടങ്ങിയവയും കരനെൽ കൃഷിക്ക് ഉപയോഗിക്കാറുണ്ട്.
സെന്റിന് 300 മുതൽ 400 ഗ്രാം വരെ വിത്ത് ആവശ്യമായി വരും. നെൽവിത്ത് വിതയ്ക്കുകയോ നുരിവെക്കുകയോ ചെയ്യാം. വിത്തിട്ടശേഷം മുളക്കുന്നത് വരെ ഇവ പക്ഷികൾ ഭക്ഷിച്ച് പോകാതെ ശ്രദ്ധിക്കണം. വിതക്കുന്നതിന് മുൻപ് വിത്തിൽ സ്യൂഡോമോണസ് ചേർക്കുന്നത് ഗുണം ചെയ്യും.
യഥാസമയം കളകൾ നീക്കം ചെയ്യേണ്ടതും, വിത്ത് മുളച്ച് പത്ത് ദിവസം കഴിഞ്ഞ് ആദ്യ വളപ്രയോഗം നടത്താവുന്നതുമാണ്. കൂടാതെ ചിനപ്പ് പൊട്ടുന്ന സമയത്തും , ഇനം അനുസരിച്ച് ഏകദേശം 50-55 ദിവസം ആകുപോഴും വളപ്രയോഗം നടത്താം.
വയൽ പ്രദേശങ്ങളിൽ നിന്നും വിഭിന്നമായി ഒറ്റപ്പെട്ട് ചെയ്യുന്ന കൃഷി ആണെന്നതിനാൽ കീടബാധ പൊതുവെ കൂടുതലായി കാണാറുണ്ട്. കൂടാതെ നെൽക്കതിർ വന്നാൽ കിളി ശല്യവും കൂടിയ തോതിൽ കാണപ്പെടുന്നു.
യഥാസമയം ആവശ്യമായ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചാൽ കരനെൽക്കൃഷിയിൽ നല്ല വിളവ് തന്നെ പ്രതീക്ഷിക്കാം.
Manu G Nair .
https://m.facebook.com/groups/1005211006284470/permalink/2057901417682085/