പടർന്നുകയറുന്ന ഒരു കുറ്റിച്ചെടിയെന്ന പോലെ നാട്ടിൻപുറങ്ങളിൽ കാണുന്ന തരുതരുത്ത് മുള്ളോടുകൂടിയ ചെമ്പരത്തി വർഗത്തിൽപ്പെട്ട കാട്ടുചെടിയാണ് പനച്ചി. തണ്ടിലും ഇലയുടെ അടിഭാഗത്തുള്ള ഞരമ്പിലും മുള്ളുകളുണ്ട്. അധികം ബലമില്ലാത്ത തണ്ടുകളാണ് ഇവയുടേത്. മരത്തിലോ മതിലിലോ പടർന്ന് പിടിച്ചാണ് പൊതുവേ ഇവയെ കാണാറുള്ളത്.
ബിംബങ്ങളുടേയും ഓട്ടുപാത്രങ്ങളുടേയും ക്ലാവ് ഉരച്ചു കളയാൻ വേണ്ടി പനച്ചിയത്തിന്റെ ഇല ഉപയോഗിക്കാറുണ്ട്. ആടുകളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ചെറിയ പുളിയുള്ള ഇതിന്റെ ഇല. പണ്ടുകാലത്ത് നാട്ടിൻപുറങ്ങളിൽ ഇതിന്റെ ഇല അരച്ച് മിനും ചേർത്ത് വാഴയിലയിൽ വേവിച്ചെടുക്കുന്ന പാചകരീതിയുണ്ടായിരുന്നു. പുളിയിലക്കു പകരം ഈ ഇല കറിക്കുവേണ്ടി ഉപയോഗിച്ചിരുന്നു. കുട്ടികൾ ഇതിന്റെ ഇലയും പൂമൊട്ടും ഭക്ഷിക്കാറുണ്ട്. തളിരില ഉപ്പു കൂട്ടിയും ഭക്ഷിക്കാം. ഈ പൂവിന്റെ ഇരുണ്ട ചുവപ്പുനിറമുള്ള ഭാഗം വട്ടത്തിൽ മുറിച്ചെടുത്ത് പെൺകുട്ടികൾ പൊട്ടായി ഉപയോഗിക്കാറുണ്ട്.
കേരളത്തിൽ ചിലയിടങ്ങളിൽ വൃശ്ചികമാസം മുതൽ ഈ പൂവ് കൊണ്ട് 41 ദിവസം പൂക്കളം തീർക്കുമായിരുന്നു. വൃശ്ചികം ഒന്നുമുതൽ കാർത്തിക വരെ പൂവിടുന്ന പ്രദേശങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് കാർത്തിക പൂവെന്നും വിളിക്കുന്നത്. തെക്കൻ കേരളത്തിൽ ഹൈന്ദവ ഗൃഹങ്ങളിലാണ് സാധാരണയായി ഈ രീതിയിൽ പൂവിട്ടിരുന്നത്. വ്രതശുദ്ധിയോടെ മുറ്റം വൃത്തിയാക്കി ചാണകം തളിച്ച തറമേൽ ഗണപതിയെ സങ്കൽപ്പിച്ച് പൂവ് കുത്തി വയ്ക്കുന്നവരും ഉണ്ട്. ഈ പൂവ് മാത്രമേ ഇതിനുവേണ്ടി ഉപയോഗിച്ചിരുന്നുള്ളു.