ലാമിയേസി കുടുംബത്തിൽ പെട്ട ഗൃഹൗഷധി പനിക്കൂർക്ക. ശാസ്ത്രനാമം കോളിയസ് അംബോയിനിക്കസ്. കോളിയസ് അരോമാറ്റിക്കസ്' എന്നും അറിയപ്പെടുന്നു. ബാലചികിൽസാവിഭാഗത്തിൽ ഒഴിച്ചു കൂടാനാവാത്ത ഈ ഔഷധി ഭാരതത്തിലുടനീളം വളരുന്നു. അതിശൈത്യവും മഞ്ഞുവീഴ്ചയും ഉള്ള ഏതാനും ചില പ്രദേശങ്ങളൊഴികെ സമതലങ്ങളിൽ നൈസർഗികമായി വളരും. അതിപുരാതനകാലം മുതൽ ശിശുരോഗ നിയന്ത്രണത്തിന് അവശ്യം വേണ്ടി വരുന്ന ഗൃഹൗഷധിയെന്ന നിലയ്ക്ക് വീട്ടുവളപ്പിൽ ഗണ്യമായ സ്ഥാനം ലഭിച്ചിരുന്നു.
മണ്ണും കാലാവസ്ഥയും
പനിക്കൂർക്ക ഉഷ്ണമേഖലാ സസ്യമാണ്. മഴയെ ആശ്രയിച്ച് നന്നായി വളരും. ഏത് കടുത്ത വേനലും അതിജീവിക്കും. നല്ല വളർച്ചയ്ക്ക് സൂര്യപ്രകാശം ആവശ്യമാണ്. വീട്ടുവളപ്പിലെ മറ്റു വിളകളോടൊപ്പം രണ്ടാംനിര തണലിലും വളർത്താം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ പനിക്കൂർക്ക വളരാൻ ബുദ്ധിമുട്ടാണ്.
പ്രജനനം
തലപ്പ് മുറിച്ച് നട്ട് കൃഷി ചെയ്യുന്ന രീതിയാണ് പ്രധാനം. 10-12 സെ.മീ നീളത്തിൽ 3-4 ജോഡി ഇലകളുള്ള തലക്കങ്ങളാണ് പനിക്കൂർക്ക കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. മുറിച്ചെടുക്കുന്ന ദിവസം തന്നെ തലക്കം നടേണ്ടത് ഉയർന്ന താവരണകളിലാണ്. പനിക്കൂർക്ക നടാനായി ആഴത്തിൽ (ഉദ്ദേശം 30 സെ.മീ.) കിളച്ച് 25 സെ. മീ. ഉയരത്തിൽ താവരണകളെടുക്കുക. ഒരു ചതുരശ്രമീറ്റർ തടത്തിൽ രണ്ടു കിലോ ഉണങ്ങിയ കാലിവളം പൊടിച്ചു ചേർക്കുക. താവരണകളിൽ 30 സെ.മീ. അകലത്തിൽ ചെടികൾ നടുക.
രണ്ടു താവരണകൾ തമ്മിൽ 60 സെ.മീ. അകലം ക്രമീകരിക്കുന്നതാണ് ചിട്ടയായ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നത്. വീട്ടു വളപ്പിൽ സ്ഥലപരിമിതിയുണ്ടെങ്കിൽ ചട്ടികളിലും പോളിത്തീൻ കവറിലും മൺമിശ്രിതം നിറച്ച് തലക്കങ്ങൾ നടാം. മൺ മിശ്രിതം മേൽ മണ്ണും സമം ഉണങ്ങിപ്പൊടിച്ച കാലിവളവും ചേർത്താണ്. ജലനിർഗമനത്തിന് സുഷിരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക. നടീൽ സമയം ഒന്നോ രണ്ടോ പർവങ്ങൾ മണ്ണിൽ താഴ്ന്നിരിക്കണം. തണലും നനയും നിലവിലുള്ള സാഹചര്യങ്ങൾക്ക് അനുസൃതമായി നടത്തുക.
മറ്റു പരിചരണങ്ങൾ
ധാരാളം ഇളം തണ്ടും ഇലകളും ചുരുങ്ങിയ കാലയളവിനുള്ളിൽ കൊയ്തെടുക്കേണ്ട ആവശ്യമുള്ള സാഹചര്യങ്ങളിൽ മാത്രമേ മേൽ വളവും ജലസേചനവും ആവശ്യമുള്ളൂ. ഇത്തരം സന്ദർഭങ്ങളിൽ അഞ്ചിരട്ടി നേർപ്പിച്ച ഗോമൂത്രം വേരുമേഖലയിൽ തളിച്ച് ധാരാളം ജലം ഉപയോഗിച്ച് നനയ്ക്കുകയും ചെയ്യുക. ഒപ്പം പുതയിടീലും മണ്ണുകൂട്ടലും ഹിതകരമായ പരിചരണങ്ങളാണ്. നീളത്തിൽ തലനീട്ടി വളരുന്നവയെ യഥാസമയം മുറിച്ചു മാറ്റി ഔഷധാവശ്യത്തിനോ നടീൽ വസ്തുവായോ ഉപയോഗിക്കാം.
സസ്യസംരക്ഷണം
കീടങ്ങളോ രോഗങ്ങളോ പനിക്കൂർക്കയുടെ വളർച്ചയ്ക്ക് വിനയായി റിപ്പോർട്ടു ചെയ്തിട്ടില്ല.