വിത്തുകൾ മുഖേനയും തണ്ട് വേരുപിടിപ്പിച്ചും ഗ്രാഫ്റ്റ് ചെയ്‌തും ലെയറു ചെയ്തും ടിഷ്യുകൾച്ചർ മുഖേനയും പാഷൻ ഫ്രൂട്ട് വളർത്തി എടുക്കാവുന്നതാണ്. വിത്ത് മുളപ്പിക്കുന്നതും തണ്ട് മുറിച്ച് നടുന്നതുമാണ് ഇതിൽ കൂടുതൽ പ്രായോഗികമായ രീതികൾ. വിത്തിന്റെ അങ്കുരണ ശേഷി വേഗം നഷ്ടപ്പെടുമെന്നതിനാൽ പുതിയ വിത്ത് ഉപയോഗിക്കേണ്ടതാണ്. വിത്തിൻ്റെ ആവരണം വളരെ കട്ടി കൂടിയതാണ്. ആയതിനാൽ രണ്ട് ദിവസത്തോളം വിത്തുകൾ വെള്ളത്തിൽ മുക്കി വച്ച് നഴ്സറിയിൽ പാകി മുളപ്പിച്ചെടുക്കണം. 10-20 ദിവസങ്ങൾക്കകം വിത്ത് മുളച്ചു വരും.
മുളച്ച് രണ്ടാഴ്‌ചയ്ക്കുള്ളിൽ ഇവയെ പോളിബാഗുകളിലേക്ക് മാറ്റാവുന്നതാണ്. ഏതാണ്ട് 30 സെൻ്റിമീറ്ററിൽ കൂടുതൽ വലുപ്പമാകുമ്പോൾ പ്രധാന നിലത്തിലേക്ക് മാറ്റി നടാവുന്നതാണ്. നഴ്‌സറിയിൽ കുമിൾ ബാധമൂലം ചെടി വാടി വീഴുകയാണെങ്കിൽ ബാവിസ്റ്റിൻ/ഫൈറ്റൊലാൻ/ഇൻഡോഫിൽ (2-3 ഗ്രാം/ലിറ്റർ എന്ന നിരക്കിൽ) തളിച്ചു കൊടുക്കാവുന്നതാണ്.
തണ്ട് വേരുപിടിപ്പിച്ചെടുക്കുന്നതിന്, വിളവെടുപ്പിന് ശേഷം ഏറ്റവും നന്നായി വളരുന്ന വള്ളികളിൽനിന്ന് രണ്ടോ മൂന്നോ മുട്ടുകളുള്ള തണ്ടുകൾ മുറിച്ചെടുത്ത് ഏറ്റവും താഴെയുള്ള മുട്ടിൽനിന്ന് ഇലയും ടെൻഡ്രിലും നീക്കിക്കളയണം. മറ്റ് ഇലകളുടെ പകുതി ഭാഗം മുറിച്ചുകളയുന്നത് ജലാംശം കൂടുതൽ നഷ്ടപ്പെടാതിരിക്കാൻ നല്ലതാണ്. ഇങ്ങനെ മുറിച്ചെടുത്ത തണ്ടുകളുടെ ചുവടുഭാഗം കുറേ സമയം വെള്ളത്തിൽ മുക്കിവയ്ക്കണം. അതിനു ശേഷം വെള്ളത്തിൽ നിന്നു പുറത്തെടുത്ത് തണ്ടിൽ കൂടുതലായുള്ള ജലം കുടഞ്ഞു കളയുക.
തണ്ടിന്റെ ചുവടു ഭാഗം ഐ.ബി.എ ഹോർമോണിൽ (IBA hormone) മുക്കി സാധാരണ പോട്ടിംഗ് മിശ്രിതത്തിലോ നഴ്‌സറിയിലോ നട്ട് കൂടെക്കൂടെ ജലസേചനം നടത്തുക. ഒരു മാസത്തിനകം വേരു പിടിക്കുന്നവ നന്നായി കൂമ്പ് എടുത്തതിന് ശേഷം പ്രധാന നിലത്തിലേക്ക് മാറ്റി നടാവുന്നതുമാണ്.
വിത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന തൈകളാണ് തണ്ട് വേരുപിടിപ്പിച്ചെടുക്കുന്നതിനേക്കാൾ കരുത്തേറിയതും കൂടുതൽ കാലം നിലനിൽക്കുന്നതും. എന്നാൽ തണ്ട് വേരുപിടിപ്പിച്ചെടുക്കുന്ന തൈകൾ നേരത്തെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു എന്നു മാത്രമല്ല, മാതൃചെടിയുടെ തനിമ നിലനിർത്തുന്നതുമാണ്. അനുകൂല സാഹചര്യങ്ങളിൽ പാഷൻ ഫ്രൂട്ടിന്റെ തണ്ടും ഇലകളും 8-ാം മാസം മുതൽ 11-ാം മാസം വരെ നന്നായി വലിപ്പം വച്ച് തുടങ്ങുകയും പിന്നീട് വളർച്ച സാവധാനമാവുകയും ചെയ്യുന്നു. 5-ാം മാസം മുതൽ 12-ാം മാസം വരെ ധാരാളമായി ശിഖരങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
9-ാം മാസം മുതൽ പുഷ്‌പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. പാഷൻ ഫ്രൂട്ടിന്റെ വേരുപടലങ്ങൾ 7-ാം മാസം വരെ സാവധാനം വളരുന്നു. അതിനു ശേഷം 10-ാം മാസം വരെ അതിവേഗം വളർന്ന് പടരുകയും, പിന്നീട് സാവധാനത്തിലാകുകയും ചെയ്യുന്നു. വേരുപടലത്തിൻ്റെ വളർച്ചയുടെ രീതിയിൽ തന്നെയാണ് പോഷക മൂല്യങ്ങളുടെ ആഗീരണവും. 7-ാം മാസം വരെ കാര്യമായ രീതിയിൽ പോഷകങ്ങൾ ആഗീരണം ചെയ്യുന്നില്ലെങ്കിലും അതിനു ശേഷം വലിയ തോതിൽ മണ്ണിൽ നിന്നു പോഷക മൂല്യങ്ങൾ ആഗീരണം ചെയ്യുന്നുണ്ട്, പ്രത്യേകിച്ച് നൈട്രജൻ, പൊട്ടാസ്യം, കാൽസ്യം, മാംഗനീസ് മുതലായവ.