വിപണിയിലിപ്പോൾ വിലയും ഡിമാന്റും ഏറെ വർദ്ധിച്ചുവരുന്നു എന്ന ഒറ്റക്കാരണം കൊണ്ടു തന്നെ ഏറെ ശ്രദ്ധേയമായിട്ടുള്ള ഒരു ഔഷധവൃക്ഷമാണ് പതിമുകം. അഥവാ ചപ്പങ്ങം (ശാസ്ത്രനാമം: സിസാൽപിനിയാ സാപാൻ), സസ്യഗാതം നിറയെ മുള്ളുകളുള്ള ഒരിടത്തരം വൃക്ഷമാണിത്. തണൽ വൃക്ഷമായും അതിൽ വൃക്ഷമായും അലങ്കാരവശ്യത്തിനും കുരുമുളകിനു താങ്ങുമരമായുമെല്ലാം ഇത് നട്ടുവളർത്താം.
വിത്തുപാകിയാണ് പതിമുകത്തിന്റെ തൈകളുണ്ടാക്കുന്നത്. രണ്ടുമൂന്നു വർഷം പ്രായമാകുമ്പോൾ മുതൽ മരത്തിൽ കായ്കളുണ്ടായിത്തുടങ്ങും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കായ്കൾ വിളഞ്ഞ് കറുപ്പുനിറമായിത്തീരുമ്പോൾ പറിച്ചെടുത്ത് തോടുപൊട്ടിച്ച് വിത്തുകൾ ശേഖരിക്കാം. നന്നായുണങ്ങിയ വിത്തുകൾ പന്ത്രണ്ടുമണിക്കൂർ സമയം പച്ചവെള്ളത്തിലിട്ടു കുതിർത്ത് പാകാനുപയോഗിക്കാം.
നേരിട്ട് പോളിബാഗുകളിലോ, തവാരണകളിലോ വിത്തുപാകി കിളിർപ്പിക്കാം. തൈകൾക്കു പതിനഞ്ചു സെന്റീമീറ്റർ വലിപ്പമെത്തുമ്പോൾ കൃഷിസ്ഥലത്തേക്കു മാറ്റി നടുക. പത്ത് അടി അകലത്തിൽ ഇതു നടാം. ഒരടി സമചദൂരം കുഴിയെടുത്ത് അതിൽ മേൽമണ്ണും ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും തുല്യ അളവിൽ ചേർത്ത മിശ്രിതം നിറച്ച് ചവിട്ടി ഉറപ്പിച്ചതിൽ തൈ നടാം.
കാര്യമായ പരിചരണമോ വളപ്രയോഗമോ നല്കിയില്ലെങ്കിൽപ്പോലും മിതമായവളക്കൂറെങ്കിലുമുള്ള മണ്ണിൽ ഇത് നന്നായി വളരും. മരത്തിനു നല്ല വളർച്ചയുണ്ടാകുന്നതിന് സൂര്യപ്രകാശം നന്നായി ലഭിക്കേണ്ടതുണ്ട്. ചെടിയുടെ ചുവട്ടിൽ നിന്നുമുണ്ടാകുന്ന കിളിർപ്പുകൾ കാലാകാലങ്ങളിൽ മുറിച്ചുമാറ്റി ഒറ്റത്തടിയായി വളരാനും സൗകര്യമൊരുക്കണം.
ആറേഴുവർഷം കൊണ്ട് മരം വെട്ടിവില്ക്കാൻ പരുവമെത്തും. വിലക്കുറവ് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ ഈ മരം മുറിക്കാതെ എത്ര വർഷമത്തെക്കു വേണമെങ്കിലും നിലനിർത്താനും കഴിയും. കടഭാഗം തെല്ലുയർത്തി മരം മുറിക്കുന്നുവെങ്കിൽ കുറ്റിയിൽ നിന്നുമുണ്ടാകുന്ന കരുത്തുള്ള കിളിർപ്പുകൾ വീണ്ടും വളർത്താവുന്നതാണ്