തെങ്ങിൻ തോപ്പിൽ തെങ്ങിന് കൂട്ടായി വളരുന്ന എത്രയോ ചങ്ങാതി വിളകളുണ്ട്. അതിലൊന്നു മാത്രമാണ് നിലക്കടല. നിലം പറ്റി വളരുന്ന നിലക്കടലയ്ക്ക് തെങ്ങിൻ തോപ്പിലെ ഒരു ഇടവിള എന്നതിനേക്കാളുപരി തറവിള (ഫ്ളോർ കോപ്പ്) എന്ന പേരാണ് ചേരുക. തെങ്ങിൻ തോപ്പിൽ ഇത്രത്തോളം കുറഞ്ഞ ഉയരത്തിൽ പതുങ്ങി വളരുന്ന മറ്റൊരു വിള ഇല്ല എന്നു തന്നെ പറയാം. ഇതു തന്നെയാണ് ഇതിന്റെ പുതുമയും വേറിട്ട സവിശേഷതയും. അങ്ങനെയാണ് ഇടവിള എന്ന ഇന്റർ കോപ്പ് ഫ്ളോർ കോപ്പ് എന്ന തറവിളയാകുന്നതും വീണ്ടും ലോ ഫ്ളോർ വിളയായി പരിണമിക്കുന്നതും.
തെക്കേ അമേരിക്കയിലെ ബ്രസീലിൽ നിന്നെത്തിയതെങ്കിലും നിലക്കടല നമ്മുടെ മണ്ണിനും പഥ്യമാണ്. ഇടവിളകളുടെ കാര്യത്തിൽ മറ്റു വിളകൾക്ക് ബാധകമായ നിബന്ധനകളെല്ലാം നിലക്കടലയ്ക്കും ബാധകമാണ്. മണൽ നിരപ്പിൽ നിന്ന് നിലക്കടല പരമാവധി വളരുന്ന ഉയരം രണ്ടടി മാത്രം.
നിലക്കടല കൃഷി
നിലക്കടല പ്രധാനമായും കൃഷി ചെയ്യുന്നത് രണ്ടു ഘട്ടങ്ങളായാണ്. മഴയെ ആശ്രയിച്ച് മെയ് - ജൂൺ മുതൽ സെപ്റ്റംബർ - ഒക്ടോബർ വരെയും നനച്ചു വളർത്തുന്നത് ജനുവരി മുതൽ മെയ് വരെയും. ഇനങ്ങളുടെ കാര്യത്തിൽ നിലക്കടല സമ്പന്നയാണ്. എല്ലാ ഇനങ്ങളും കുലകളായി കായ്ക്കുന്നത് നിലക്കടലയുടെ പ്രധാന ഇനങ്ങൾ ഇതാണ്. ഇനങ്ങൾ ഇത്രയുമുങ്കിലും ടി. ജി. 3, ടി. എം. വി - 2, എന്നീ ഇനങ്ങളാണ് തെങ്ങിനോടൊപ്പം കൂട്ടുവിളയായി നടാൻ ഉത്തമം.
ഒറ്റവിളയായി വളർത്തുമ്പോൾ ഒരു ഹെക്ടർ, സ്ഥലത്തേക്ക് 100 കിലോ വിത്ത് വേണ്ടി വരുമെങ്കിലും, ഇട വിളകൃഷിയിൽ അത്രയും വേണ്ട. തെങ്ങിൻ തോപ്പിൽ നിലക്കടല ഫ്ളോർ കോപ്പ് ആയി വളർത്തുമ്പോൾ ഹെക്ടറിന് 80 കി.ഗ്രാം നിലക്കടല വിത്ത് മതി. എന്നാൽ കൃഷി രീതിയിൽ കാര്യമായ മാറ്റങ്ങളില്ല. തോട്ടത്തിലെ ലഭ്യമായ സ്ഥലം ആവശ്യമനുസരിച്ച് മൂന്നോ നാലോ തവണ കിളച്ചൊരുക്കണം. എന്നിട്ട് ചാലു കീറി അതിൽ 15x15 സെ.മി. അകലം നൽകി വിത്തിടാം. പാകും മുമ്പ് പയർ വിളകളുടെ കാര്യത്തിലെന്നതു പോലെ നിലക്കടല വിത്തിലും റൈസോബിയം കൾച്ചർ പുരട്ടാം.
തെങ്ങിൻ തോട്ടത്തിലെ നിലക്കടല
തെങ്ങിൻ തോട്ടത്തിലെ സാഹചര്യം എന്തു തന്നെയായാലും നിലക്കടല കുരുന്നുകൾക്ക് ആഴ്ചയിലൊരിക്കൽ എങ്കിലും നന നിർബന്ധം. ഒപ്പം രണ്ടാഴ്ച വിട്ട് നേരിയ തോതിൽ ഇടയിളക്കലും കളയെടുപ്പും. ചെടി പൂക്കുമ്പോൾ കുമ്മായം ചേർക്കേണ്ടതുണ്ട്. ഇതോടൊപ്പം ഇടയിളക്കലാകാം. എന്നാൽ വിത്തു പാകി 45 ദിവസം കഴിഞ്ഞ് മണ്ണ് അനക്കരുത് എന്ന് പ്രമാണം. കമ്പോസ്റ്റോ കാലിവളമോ യഥേഷ്ടം നൽകാമെങ്കിൽ പിന്നീട് പ്രത്യേക രാസവള പ്രയോഗം നിർബന്ധമില്ല. ജൈവവളം മുഴുവൻ അടിവളമായി തന്നെ നൽകുകയാണ് നല്ലത്.
പൊതുവെ പറഞ്ഞാൽ വരണ്ട കാലാവസ്ഥയിലും വളരാൻ അനുയോജ്യമായ വിളയാണ് നിലക്കടല. അതു കൊണ്ടു കൂടിയാണ് പല സ്ഥലങ്ങളിലും ഇത് മഴയെ ആശ്രയിച്ച് കൃഷിയിറക്കുന്ന പതിവ് നിലനിൽക്കുന്നത്. എങ്കിലും കായ് തിരിയുന്ന സമയത്ത് നനയ്ക്കാൻ മറ ക്കരുത്. എത്ര കടുത്ത വരൾച്ചയിലും നിലക്കടല ഇതാ വശ്യപ്പെടുന്നു എന്നറിയുക.
എവിടെ വളർന്നാലും നിലക്കടലയ്ക്ക് നിത്യ ശല്യം ഉണ്ടാക്കുന്ന പ്രാണിയാണ് ചുവന്ന രോമപ്പുഴു, ചിതലും ഇലതുരപ്പനുമൊക്കെ പിടി കൂടിയെന്നും വരാം. പരിധി വിട്ടാണ് ഉപദ്രവമെങ്കിൽ കീടനാശിനി പ്രയോഗമേ നിവ്യുത്തി മാർഗ്ഗമുള്ളൂ. പുഴുക്കളെ മണ്ണിളക്കി നശിപ്പിക്കുക . തോട്ടത്തിൽ വിളക്കു കെണി വച്ച് പുഴുവിന്റെ ശലഭത്തെ കൊല്ലുക