ശരീരത്തിന് അത്യധികം ഗുണകരമാണ് ഓറഞ്ച്. അതുപോലെ നമ്മുടെ നിത്യജീവിതത്തിന്റെ പല ഭാഗങ്ങളിൽ ഓറഞ്ച് തൊലിയും ഉപയോഗിക്കാറുണ്ട്. ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലിനൊപ്പം ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമത്തിന് നല്ലതാണ്. കൂടാതെ, ഷൂസിലെ ദുർഗന്ധം കളയാനുമെല്ലാം ഓറഞ്ച് തൊലി ഫലപ്രദമായ ഉപാധിയാണ്.
വെറുതെ വലിച്ചെറിഞ്ഞ് കളയുന്ന ഓറഞ്ച് തൊലി, കൃഷിയിലും പ്രയോജനപ്പെടുത്താം. ഓറഞ്ച് തൊലി കൊണ്ട് കിടിലൻ വളമുണ്ടാക്കാനുള്ള വിദ്യയാണ് ചുവടെ വിവരിക്കുന്നത്.
ഓറഞ്ചിന്റെ തൊലി മാലിന്യത്തിലേക്ക് വലിച്ചെറിയാതെ, മികച്ച വളവും കീടനാശിനിയുമാക്കിയാൽ പച്ചക്കറികൾ തഴച്ചുവളരുന്നതിന് ഉതകും. എല്ലായിടത്തും സുലഭമായി ലഭിക്കുന്ന പഴമാണ് ഓറഞ്ച് എന്നതിനാലും തൊലിയിൽ നിന്നുണ്ടാക്കുന്ന ഈ ജൈവവളത്തിന് യാതൊരു ചെലവുമില്ലെന്നതും മറ്റൊരു സവിശേഷതയാണ്.
ബന്ധപ്പെട്ട വാർത്തകൾ: സ്ഥലമില്ലെങ്കിൽ സാരമില്ല! കുറ്റിപ്പയറും ചീരയും തക്കാളിയും മുളകും വെർട്ടിക്കൽ ഫാമിങ് ചെയ്യാം
ഇങ്ങനെ ഓറഞ്ച് തൊലിയിൽ നിന്നുണ്ടാക്കുന്ന വളവും കീടനാശിനിയും വിളകളെ ബാധിക്കുന്ന വണ്ട്, ഉറുമ്പുകള്‍, ഈച്ച, മുഞ്ഞ, പ്രാണികള്‍ എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്നു. കൂടാതെ, ഇവ ചെടികൾക്ക് ആവശ്യമായ പോഷകങ്ങളും പ്രദാനം ചെയ്യുന്നു. അതായത്, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, കാല്‍സ്യം, മഗ്നീഷ്യം, കോപ്പര്‍, സള്‍ഫര്‍ എന്നിവയെല്ലാം ഓറഞ്ചിന്റെ തൊലിയിൽ വലിയ അളവിൽ കാണപ്പെടുന്നു. ഇവ വളർച്ചയെ പരിപോഷിപ്പിക്കുന്നു.
ഇതിലെ ലിമോനെന്‍ എന്ന പദാർഥമാകട്ടെ പ്രാണികളുടെ നാഡീവ്യൂഹങ്ങളെ നശിപ്പിക്കാൻ നല്ലതാണ്. അതിനാൽ ഓറഞ്ചിന്റെ തൊലി ഒരേ സമയം കീടനാശിനിയും വളർച്ചയ്ക്കുള്ള വളവുമാണ്.
ഓറഞ്ച് തൊലി വളമാക്കാം
തയ്യാറാക്കുന്ന വിധം 1:
ഓറഞ്ച് തൊലി ചെറിയ കഷ്ണങ്ങളാക്കുക. ശേഷം ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് തൊലി ഇടുക. തൊലികൾ മുങ്ങുന്ന പാകത്തിന് വേണം തൊലിയിടേണ്ടത്. രണ്ട് മൂന്ന് ദിവസം ഇത് സൂക്ഷിക്കുക. തുടർന്ന് ഈ തൊലികളെടുത്ത് ആ വെളളത്തിലേക്ക് തന്നെ പിഴിഞ്ഞ് ചാറെടുക്കുക. ഇത് മികച്ച ജൈവവളമായതിനാൽ, ചെടികളുടെ ഇലകളിലും ചുവട്ടിലും തണ്ടിലുമെല്ലാം നേരിട്ട് തളിച്ചു കൊടുക്കാം. ലായനിയ്ക്ക് കട്ടി കൂടുതലാണെങ്കില്‍ കുറച്ച് വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നത് നല്ലതാണ്. ഇതിലേക്ക് വേണമെങ്കിൽ സോപ്പ് ലായനിയും ചേര്‍ത്ത് കൊടുക്കാവുന്നതാണ്.
ഓറഞ്ച് തൊലി മൂന്നു ദിവസം വെള്ളത്തിലിട്ട് വയ്ക്കാതെയും കീടനാശിനി ഉണ്ടാക്കാം.
ഇതിന് ഓറഞ്ച് തൊലി കഷ്ണങ്ങളാക്കി അരിഞ്ഞ് വെള്ളത്തിലിട്ട ശേഷം 15 മിനിറ്റ് നേരത്തേക്ക് തിളപ്പിക്കുക. ശേഷം ഈ ലായനി തണുപ്പിക്കുക. തണുത്ത ശേഷം തൊലികള്‍ അതേ വെള്ളത്തിലേക്ക് പിഴിയുക. കട്ടി കൂടുതലാണെങ്കിൽ വെള്ളം ഉപയോഗിച്ചു നേര്‍പ്പിക്കാവുന്നതാണ്. ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നതും സ്പ്രേ ചെയ്യുന്നതും മികച്ച ഫലം തരും.
തയ്യാറാക്കുന്ന വിധം 3:
ഓറഞ്ചിന്റെ തൊലിയിൽ നിന്ന് നീര് പിഴിഞ്ഞെടുത്ത് ശേഷം ഈ തൊലി വളമാക്കാനാകും.
ഇത് കമ്പോസ്റ്റ് നിർമാണത്തിലും അസംസ്കൃത വസ്തുവാക്കി ഉപയോഗിക്കാം. ഗ്രോബാഗിലും ചട്ടിയുലും നട്ട ചെടികൾക്കാണെങ്കിൽ അവയുടെ കുറച്ച് മണ്ണ് മാറ്റിയ ശേഷം അതിലേക്ക് ചണ്ടി ഇട്ടുകൊടുക്കുക.
തയ്യാറാക്കുന്ന വിധം 4:
ഗ്രോ ബാഗ് കൃഷിക്കാർക്ക് ഇണങ്ങുന്ന ജൈവവളമാണ് ഓറഞ്ച് തൊലിയുടെ പൊടി. ഒച്ച്, വണ്ട് പോലുള്ള കീടങ്ങളെ തുരത്താൻ ഇത് നല്ലതാണ്. ഓറഞ്ച് തൊലി രണ്ട് മൂന്ന് ദിവസം വെയിലത്ത് വച്ച് ഉണക്കി, മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇത് ചെടിയുടെ ചുവട്ടില്‍ വളമാക്കി വിതറുക. ശേഷം കുറച്ച് മണ്ണ് മുകളിലിട്ട് കൊടുക്കണം.