മൂന്നു മീറ്റർ നീളം വരുന്ന ഒരു കുരുമുളക് (pepper) കൊടിക്ക് 300 രൂപയോളം ചെലവ് വരും. എന്നാൽ ഇതിൽ നിന്ന് ഒന്നര മുതൽ രണ്ട് കിലോ വരെ വിളവ് ലഭിക്കുകയാണെങ്കിൽ ഒരു ബാങ്കിലും കിട്ടാത്ത പോലെ ഫിക്സഡ് ഡെപ്പോസിറ്റ് അഥവാ കുരുമുളക് കൃഷിയിൽ ചെയ്യുന്ന ഒറ്റത്തവണ നിക്ഷേപം കൊണ്ട് മാത്രം വെറും ഒരു വർഷം കൊണ്ട് വരുമാനം ഇരട്ടിച്ച് കിട്ടും . ശ്രദ്ധിക്കേണ്ട കാര്യം വിളവെടുത്ത കുരുമുളകിന് ലിറ്റർ വെയിറ്റ് 600 ഗ്രാം ഉണ്ടാവണം. ഇങ്ങനെയാണെങ്കിൽ കിലോയ്ക്ക് 300 രൂപ ആയാൽ പോലും കുരുമുളക് കൃഷി നഷ്ടമാവില്ല.
മണ്ണിലെ വളക്കുറിൻറെ പ്രാധാന്യം (Importance of soil fertility)
എൻ.പി.കെ യുടെ അനുപാതവും കുരുമുളക് കൃഷി ചെയ്യുന്ന മണ്ണിൻറെ സ്വഭാവവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. കുരുമുളകിന് വരുന്ന രോഗങ്ങൾ കൂടുതലായി കാണുന്നത് പുളിരസമുള്ള മണ്ണിലാണ്. പുളിരസമുള്ള മണ്ണിൽ എന്തു വളം ഉപയോഗിച്ചാലും അതിന്റെ കാര്യക്ഷമത 20 ശതമാനമേ വരൂ. ഉപരിതല വേരുപടലം ഉള്ള ഒരു വിളയാണ് കുരുമുളക്. ഒന്നര മുതൽ രണ്ടു മീറ്റർ ആഴം വരെ മാത്രമേ കുരുമുളക് വേര് പോകാറുള്ളൂ. അതുകൊണ്ടുതന്നെ ഉപരിതല മണ്ണിന്റെ വളക്കൂറ് അനുസരിച്ച് ചെടി പ്രതികരിക്കും.
കുരുമുളകിന് ശരിയായ വളപ്രയോഗം എങ്ങനെ നൽകാം എന്ന തിരിച്ചറിവാണ് വേണ്ടത്.
പുളിരസം നിർവീര്യമാക്കാൻ ഡോളോമൈറ്റ് (Dolomite) മണ്ണിൽ കൊടുത്തശേഷം ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച വളം കൊടുക്കണം എന്ന് പറയുന്നു. ഇത് മണ്ണിൽ ജലാംശം പിടിച്ചു നിർത്താൻ വേണ്ടിയാണ്. വയനാട് ജില്ലയിൽ മഴയ്ക്ക് ശേഷം വരുന്ന വരൾച്ചയിൽ കുരുമുളക് മഞ്ഞളിപ്പ് രോഗം വരാം. ഇത് തടയാൻ ഈ വളപ്രയോഗം സഹായകമാവുകയും മണ്ണിൽ നീർവാർച്ച നിലനിൽക്കുകയും ചെയ്യും.
വളപ്രയോഗത്തിൻറെ അനുപാതം (Ratio of fertilizer application)
ജൈവവളവും ആവശ്യത്തിന് രാസവളവും കുരുമുളക് കൃഷിക്ക് ആവശ്യമാണ്. പൊതുവേ യൂറിയ:പൊട്ടാഷ്:രാജ്ഫോസ് അനുപാതം 2:1:5 ആണ്.
ചെങ്കൽ മണ്ണ് കൂടുതലുള്ള പ്രദേശത്ത് അതായത് കണ്ണൂർ ജില്ല പോലുള്ള സ്ഥലത്ത് ഇതിന്റെ അനുപാതം 2:1:6 ആണ്. വയനാട് ,കോഴിക്കോട് ജില്ലകളിലെ ശുപാർശ 5:1:8 ആണ്. ഇത് കൂടാതെ മണ്ണ് പരിശോധിച്ച് കൃത്യമായ അളവിലുള്ള വളപ്രയോഗം നടത്താം.
ചില ഭാഗങ്ങളിൽ വരൾച്ച സമയത്ത് വേര് വിണ്ടുകീറി ചെടിക്ക് മൊത്തത്തിൽ ഒരു മഞ്ഞളിപ്പ് വരാറുണ്ട്. ഇതിനു പരിഹാരമായി ഉമി മണ്ണിന്റെ പ്രതലത്തിൽ ഇട്ടു കൊടുത്താൽ ധാരാളം വായുസഞ്ചാരം ഉണ്ടാവുകയും ഇത് ഒഴിവാകുകയും ചെയ്യും.
ചെളി കൂടുതലുള്ള മണ്ണിൽ കുരുമുളക് മഞ്ഞളിപ്പ് രോഗം വരാതിരിക്കാൻ ചകിരിച്ചോറ് കമ്പോസ്റ്റ് (compost) വേര് പ്രതലത്തിനു മേൽ വിട്ടുകൊടുക്കുന്നതാണ് പ്രധാന പരിഹാരം. അപ്പോൾ ചകിരിച്ചോറ് ഒരു വളം എന്നോണം മണ്ണിലേക്ക് ലയിക്കുകയും മണ്ണിലെ ജൈവാംശം വർദ്ധിക്കുകയും ചെയ്യും.
ഇങ്ങനെ മണ്ണ് ചെടിക്ക് വളരാൻ ആവശ്യമായ വളരെ ഇളക്കമുള്ള പരുവത്തിൽ ആയി മാറുന്നു. ഇങ്ങനെ സമയസമയത്ത് വേണ്ട പോലെ വളപ്രയോഗവും പരിപാലനവും ചെയ്‌താൽ കുരുമുളകിൽ നിന്ന് ഇരട്ടി വരുമാനം വലിയ ആയാസമില്ലാതെ ലഭിക്കും.