മാംസളമായ തണ്ടുകളും ഇലകളും ആണ് പെപ്പറോമിയ എന്ന അലങ്കാരസസ്യത്തിന്റെ പ്രത്യേകത. ഇലകൾക്ക് അത്യാകർഷകമായ നിറവും രൂപവും ഉണ്ടാകും. ഇലച്ചാർത്തിൽ തികഞ്ഞ വൈവിധ്യം പുലർത്തുന്ന പലയിനം പെപ്പറോമിയകളുണ്ട്. ഏതാണ്ട് എല്ലാ ഇനങ്ങളിലും ഇലപ്പരപ്പിനു മുകളിലായി കനം കുറഞ്ഞു നീണ്ട് തിരിപോലുള്ള ഒരു പൂങ്കുല വളർന്നു നിൽക്കുന്നതു കാണാം. മഷിത്തണ്ടു ചെടിയുടെ അടുത്ത ബന്ധുവാണ് ഈ അലങ്കാര ഇലച്ചെടി. പൈപ്പറേസി സസ്യ കുടുംബത്തിലെ അംഗമാണ്.
രണ്ടു ഭാഗം മണ്ണും ഒരു ഭാഗം ജൈവവളവും (ഇത് നന്നായി അഴുകിയ ഇലപ്പൊടിയോ ചാണകപ്പൊടിയോ ആകാം) ഒരു ഭാഗം മണലും കലർത്തി തയാറാക്കുന്നതാണ് ചെടി വളരാനുള്ള മിശ്രിതം. ഇതിലേക്ക് അൽപ്പം ചാരമോ എല്ലു പൊടിയോ ലഭ്യതയനുസരിച്ച് ചേർക്കുന്നതിൽ തെറ്റില്ല. ഇങ്ങനെ തയാറാക്കുന്ന പോട്ടിങ് മിശ്രിതത്തിലാണ് പുതിയ റോമിയ തൈകളോ തണ്ടോ നടുന്നത്. നനവും തണലുമുള്ള അന്തരീക്ഷത്തിൽ വളരാനാണ് പെപ്പറോമിയ ഇഷ്ടപ്പെടുന്നത്.
രാസവളമിശ്രിതം നന്നായി വെള്ളത്തിൽ നേർപ്പിച്ച് തെളിയെടുത്ത് ചെടിത്തടത്തിൽ ഇടയ്ക്കൊഴിച്ചു കൊടുക്കുന്നതു നല്ലതാണ്. ചെടി വളരുന്നതനുസരിച്ച് തണ്ടിന്റെ അഗ്രഭാഗം നുള്ളിയാൽ ചെടി പടർന്നു വളരും. ചെടി വളർത്താൻ അധികം ആഴമുള്ള ചട്ടി ആവശ്യമില്ല. ഇതിന്റെ വേരു പടലം അത് വിസ്തൃതമല്ലാത്തതു കൊണ്ടാണിത്. അതുകൊണ്ടുതന്നെ പെപ്പറോമിയ ചെറിയ ചട്ടികളിലും തൂക്കുചട്ടികളിലും വളർത്താം.
അന്തരീക്ഷ ഊഷ്മാവ് വളരെ താഴാനിടയുള്ള തണുപ്പുകാലത്ത് ഇലയുടെ അഗ്രഭാഗത്തിന് നിറംമാറ്റം സംഭവിക്കാൻ സാധ്യതയുണ്ട്.