ഫ്രൂട്ട് ഫ്ളൈ അഥവാ കായിച്ച വെള്ളരി ഉൾപ്പെടെയുള്ള വിളകൾ നശിപ്പിച്ച് വലിയ നഷ്ടം വരുത്തുന്ന കീടമാണ്. കായീച്ചയുടെ ഉപദ്രവം വഴി വാണിജ്യകൃഷിയിൽ 30 ശതമാനം വരെ നഷ്ടം ഉണ്ടാകുമെന്ന് കണ്ടിരിക്കുന്നു.
പെണ്ണീച്ചകൾ കായ്‌കളുടെ തൊലിക്കടിയിൽ മുട്ടയിടും. മുട്ടയിട്ട് മൂന്നു ദിവസത്തിനു ശേഷം പുറത്തു വരുന്ന പുഴുക്കൾ കായയുടെ മാംസളഭാഗം തിന്ന് നശിപ്പിക്കും. കായ്‌കൾ ഈച്ച കുത്തിക്കഴിഞ്ഞാൽ മൂക്കുന്നതിനു മുൻപ് പഴുത്തുപോകും. പഴുത്ത കായ്‌കൾ അഴുകുകയും ചെയ്യും.
ആണീച്ചയെ ആകർഷിക്കാൻ പെൺകായിച്ച ഉൽപ്പാദിപ്പിക്കുന്ന ഒരു രാസപദാർഥമാണ് 'ഫെറമോൺ'. ഇത് മീഥൈൽ യൂജിനോൾ എന്ന രാസപദാർഥമാണ്. വളരെയധികം പ്രതികരണശേഷിയുള്ളതാണ് ഫെറമോൺ കെണി. കീടങ്ങളുടെ എണ്ണം എത്ര കുറവാണെങ്കിൽപ്പോലും അവയെ ആകർഷിച്ച് കുടുക്കാൻ ഇതിന് കഴിയും. വിപണിയിലും കാർഷിക സർവകലാശാല കേന്ദ്രങ്ങളിലും 80 മുതൽ 100 രൂപ വരെ നിര ക്കിൽ ഫെറമോൺ കെണി വാങ്ങാൻ കിട്ടും.