സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവെന്നറിയ പ്പെടുന്ന കുരുമുളകിന്റെ ബന്ധുവായ തിപ്പലിക്ക് ഔഷധ സസ്യങ്ങളുടെ കൂട്ടത്തിൽ രാജ്ഞിപട്ടമാണ് നൽകിയിരിക്കുന്നത്. തികടുവിലൂടെ പ്രശസ്തമായ തിപ്പലി ഒട്ടുമിക്ക ആയുർവേദ ഔഷധങ്ങളിലും ചേരുന്നുണ്ട്. “ഇക്കിളിന് തിപ്പലി" എന്ന ചൊല്ല് തന്നെ സുപരിചിതമാണ്.
ആകൃതിയിലും പ്രകൃതിയിലുമെല്ലാം തന്നെ കുരുമുളകിനോട് സാദൃശ്യമുള്ള തിപ്പലി മൃദുലമായ കാണ്ഡത്തോടുകൂടി നിലത്തു പടർന്നുവളരുന്ന ഒരു സസ്യമാണ്. ഈർപവും ജൈവാംശവുമുള്ള മണ്ണിൽ അല്പം തണൽ ലഭിച്ചാൽ തിപ്പലി നന്നായി വളരും. വീടുകളിൽ തെങ്ങിൻ ചുവട്ടിലോ ഉദ്യാനങ്ങളിൽ നിഴൽ കൂടുതലായി ലഭിക്കുന്ന സ്ഥല ങ്ങളിലോ, മറ്റു ചെടികളുടെ ചുവട്ടിലോ തിപ്പലി വളർത്താം. ഒരു ഔഷധകാർപ്പറ്റായും ഈ സസ്യത്തെ വളർത്താം. ഇതുകൂടാതെ മൺചട്ടികളിലും മണ്ണുനിറച്ച ചാക്കുകളിലും തിപ്പലി വളർത്താവുന്നതാണ്. എന്നാൽ ജലസേചനം ആവശ്യമാണെങ്കിലും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
പടർന്നു കിടക്കുന്ന തണ്ടിൽ ഓരോ മുട്ടുക ളിലും വേരുകൾ ഉണ്ടായിരിക്കും. വേരുള്ള രണ്ടോ മൂന്നോ മുട്ടുകളോടുകൂടിയ തണ്ടുകൾ മുറിച്ചെടുത്ത് നടാൻ ഉപയോഗിക്കാം. പടർന്നു തുടങ്ങുന്ന ചെടി ഏകദേശം ഒന്നര വർഷം പ്രായമെത്തിയാൽ കായ്ക്കാൻ തുടങ്ങും. കായ്കളാണ് പ്രധാനമെങ്കിലും ഇലയും തണ്ടുമെല്ലാം ഔഷധയോഗ്യമാണ്. പടർന്നുവളരുന്ന ഒരു നിത്യഹരിതസസ്യമായ തിപ്പലി ഉദ്യാനങ്ങളിലേയ്ക്കും, ടെറസ്സുകളിലേയ്ക്കും വളരെ അനുയോജ്യമായ ഒരു ഔഷധസസ്യമാണ്.
ഔഷധ ഉപയോഗങ്ങൾ
തിപ്പലിപ്പൊടി തേനിൽ ചാലിച്ചു കഴിച്ചാൽ പഴകിയ പനി, ചുമ, ഇക്കിൾ എന്നിവ മാറും. തിപ്പലിയും, കരിനൊച്ചിവേരും സമം ചേർത്ത് കരിക്കിൻ വെള്ളത്തിൽ അരച്ചുകലക്കി സേവിച്ചാൽ മൂത്രാശയത്തിലുണ്ടാകുന്ന കല്ല് ദ്രവിച്ച് പോകും.
3-6 ഗ്രാം തിപ്പലിപ്പൊടി 250 മി.ലി. മോരിൽ കല ക്കികുടിച്ചാൽ അതിസാരം ശമിക്കും
തിപ്പലിപ്പൊടി 2 ഗ്രാം വീതം ദശമൂലം കഷായത്തിലോ തേനിലോ ചേർത്ത് കഴിച്ചാൽ ഊരു സ്തംഭം എന്ന വാതരോഗം ശമിക്കും.
പ്രസവാനന്തരം 1 ഗ്രാം തിപ്പലിപ്പൊടി 3 ഗ്രാം ഉണങ്ങിയ മുന്തിരിങ്ങ പഴവും ചേർത്ത് ദിവ സവും രാവിലെ കഴിക്കുന്നത് ദഹനശക്തിക്കും ആരോഗ്യത്തിനും നല്ലതാണ്.
ജലദോഷം കൊണ്ടുണ്ടാകുന്ന ഒച്ചയടപ്പിന് തിപ്പലിയും, തിപ്പലിവേരും, കുരുമുളകും, ചുക്കും സമം ചേർത്തുള്ള കഷായം ഗുണപ്രദമായിരിക്കും. വയറുവേദനയ്ക്ക് 2 ഗ്രാം തിപ്പലിയും 3 ഗ്രാം കുരുമുളകും 1 ഗ്രാം കല്ലുപ്പും പൊടിച്ച് 1 ഗ്രാം വീതം സേവിക്കുക
താതിരിപൂവും തിപ്പലിയും സമം ചേർത്ത് പൊടിച്ച് തേനിൽ ചാലിച്ച് മോണയിൽ പുരട്ടി യാൽ വേഗത്തിൽ പല്ലുകൾ വരും.
തിപ്പലിയുടെ പൂവ് വറുത്ത് പൊടിച്ച് തേൻ ചേർത്ത് കൊടുത്താൽ ശരീരവേദന ശമിക്കും.