പ്ലാസ്റ്റിക് കവറാണ് കൂൺ വളർത്താനായി ഉപയോഗിക്കുന്നത്. 60 സെ.മീ നീളവും 30 സെ.മീ വീതിയും 150 മുതൽ 200 ഗേജ് കട്ടിയുമുള്ള വെളുത്ത കവറാണ് ഉപയോഗിക്കേണ്ടത്. പ്ലാസ്റ്റിക് കുപ്പികളിയും കൂൺ വളർത്താം. കവറോ കുപ്പിയോ ഉപയോഗിക്കുന്നതിന് മുമ്പ് 10-15 ദ്വാരങ്ങൾ ഇടണം. ഒരു കവർ നിറക്കാൻ 125 ഗ്രാം വിത്ത് വേണം. കൈകൾ വൃത്തിയായി കഴുകി ഡെറ്റോൾ കൊണ്ട് തുടക്കണം.
ഡെറ്റോൾ ഉപയോഗിച്ച് കഴുകി ഉണക്കിയ ഒരു പാത്രത്തിലേയ്ക്ക് കൂൺ വിത്തിടണം. കട്ടിയായിരിക്കുന്ന വിത്തിനെ കൈകൊണ്ട് പൊടിച്ച് വേർതിരിക്കണം. കൂൺ നിറക്കാൻ വച്ചിരിക്കുന്ന പ്ലാസ്റ്റിക് കവറിൽ എകദേശം 5 സെ.മീ കനത്തിൽ വൈക്കോൽ അല്ലെങ്കിൽ ഒരു ചുമ്മാട് വെയ്ക്കണം. ഇതിനെ മൃദുവായി ഉറപ്പിച്ച ശേഷം വിത്ത് അരികിലായി കവറിനോട് ചേർത്ത് ഇട്ടുകൊടുക്കണം. അതിന് മുകളിൽ ഒരു നിര വൈക്കോൽ നിരത്തി വിത്ത് പാകണം. വൈക്കോലും വിത്തും കവറിൽ നിറയ്ക്കണം.
ഏറ്റവും മുകളിലും വിത്ത് പാകണം. ഓരോ നിര നിറക്കുമ്പോഴും മൃദുവായി ഉറപ്പിക്കണം. അധികം ബലം പ്രയോഗിക്കരുത്. കവറിന്റെ മുകൾവശം കെട്ടി ഇരുട്ടും തണുപ്പുമുള്ള ഒരു മുറിയിലേക്ക് മാറ്റണം. ഇവയെ സ്റ്റാന്റുകളിൽ വെയ്ക്കുകയോ ഉറിയായി കെട്ടിത്തൂക്കുകയോ ചെയ്യാം. മുറിയിലെ താപനില 24-28 ഡിഗ്രി സെന്റിഗ്രേഡിന് ഇടയിലാകുന്നതാണ് നല്ലത്.
തന്തുക്കൾ വെള്ളനിറത്തിൽ വൈക്കോലിൽ ക്കൂടി വളരുന്നത് കാണാം. മുറിയിലെ കാലാവസ്ഥ കൂണിന്റെ വളർച്ചക്ക് പറ്റിയ വിധത്തിലാണെങ്കിൽ 15 ദിവസം കൊണ്ട് വളർച്ച പൂർത്തിയാകും. വെള്ളനിറത്തിൽ തന്തുക്കൾ വൈക്കോലിൽ നിറഞ്ഞ് കഴിയുമ്പോൾ ഇവയെ ഉല്പാദന മുറിയിലേക്ക് മാറ്റണം. പ്രകാശമുള്ള മുറിയായിരിക്കണം. മുറിയിലെ താപനില 24-28 ഡിഗ്രി സെന്റിഗ്രേഡിന് ഇടയിലായിരിക്കണം. ഉല്പാദന മുറിയിലെ അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കണം.
മുറിയിൽ തണുപ്പ് കുറവാണെങ്കിൽ വശങ്ങളിൽ ചാക്കു കെട്ടിത്തൂക്കുന്നത് നല്ലതാണ്. വായു സഞ്ചാരമുള്ള മുറിയുമായിരിക്കണം. ഉല്പാദന മുറിയിൽ ഇട്ട് രണ്ട് ദിവസത്തിന് ശേഷം വെള്ളം സ്പ്രേ ചെയ്യുക. എകദേശം 4-5 ദിവസമാകുമ്പോഴേക്കും കൂൺ മൊട്ടുകൾ ബെഡ്ഡിൽ പ്രത്യക്ഷപ്പെടും. മൊട്ടുകൾ 2 - 3 ദിവസം കൊണ്ട് വിരിഞ്ഞ് വരും. ചിപ്പിക്കൂണുകൾ വിരിഞ്ഞ ശേഷം കൈകൊണ്ട് പറിച്ചെടുക്കാം. വിളവെടുപ്പിന് ശേഷം ബെസ്റ്റ് നനച്ച് കൊടുത്താൽ വീണ്ടും കൂൺ മൊട്ട് പ്രത്യക്ഷപ്പെടും. വിളവെടുപ്പ് രണ്ട് മൂന്ന് പ്രാവശ്യമായി നടത്താം. ഒരു കവറിൽ നിന്നും ഏകദേശം അര കിലോ മുതൽ ഒരു കിലോ വരെ കൂൺ ലഭിക്കും. കൂൺ എടുത്ത ശേഷമുള്ള വൈക്കോൽ കമ്പോസ്റ്റാക്കാം. പശുവിന് നല്ലൊരു കാലിത്തീറ്റയും ആകും.