തണ്ടുകളാണ് നടുന്നതെങ്കിൽ രണ്ടു മുതൽ മൂന്നടിവരെ നീളത്തിൽ മുറിച്ചെടുത്തു നല്ല മഴ കിട്ടുന്ന ജൂൺ-ജൂലൈ മാസങ്ങളിൽ നടണം. വിത്തുകളാണ് പാകുന്നതെങ്കിൽ അവ നാലു മുതൽ അഞ്ചു മണിക്കൂർ വരെ ചെറു ചൂടുവെള്ളത്തിൽ (പകുതി പച്ചവെള്ളവും പകുതി തിളച്ച വെള്ളവും കൂട്ടി കലർത്തിയത്) ഇട്ടു വച്ച ശേഷം വാരിയെടുത്ത് തണലുള്ള സ്ഥലത്ത് ഒരു ചാക്കു കഷണം വിരിച്ച് അതിൽ നിരത്തണം.
വെള്ളം വാർന്ന് പോയ ശേഷം തോട്ടപ്പയർ വിത്തിൻ്റെ തൂക്കത്തിനു തുല്യം റോക്ക് ഫോസ്ഫേറ്റും കലർത്തി വേണം പാകേണ്ടത്. വിത്തുകൾ പാകി ഒരു മാസത്തിനു ശേഷം ഒരു ഹെക്ടർ സ്ഥലത്ത് എൺപത്തിരണ്ടര കിലോ എന്ന കണക്കിൽ റോക് ഫോസ്ഫേറ്റ് ചേർത്ത് കൊടുക്കണം. ഇങ്ങനെ റോക് ഫോസ്ഫേറ്റ് ചേർത്ത് കൊടുത്ത ശേഷം രണ്ടു മാസം കഴിഞ്ഞ് വീണ്ടും ഒരു പ്രാവശ്യം കൂടി ഹെക്‌ടർ പ്രതി എൺപത്തിരണ്ടര കിലോ എന്ന തോതിൽ റോക് ഫോസ്ഫേറ്റ് ചേർത്ത് കൊടുക്കണം.
പൊട്ടാസ്യത്തിൻ്റെ അംശം കുറവുള്ള സ്ഥലങ്ങളിൽ ഓരോ പ്രാവശ്യവും റോക്ക് ഫോസ്‌ഫേറ്റിനോടു കൂടി 25 കിലോ വീതം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും കൂടി ചേർത്ത് ഇട്ടു കൊടുക്കേണ്ടതാണ്. തോട്ടപ്പയർ നിൽക്കുന്ന സ്ഥലങ്ങളിൽ വളം വിതറി ഇട്ടുകൊടുത്താൽ മതിയാകും. വിത്തു പാകിയ ശേഷം ഓരോ മാസം ഇടവിട്ട് നാലോ അഞ്ചോ തവണ എടുക്കുകയും വേണം.