മുപ്പതുവർഷംമുമ്പ് നെൽക്കൃഷിയായിരുന്നു പറമ്പിക്കുളം പൂപ്പാറക്കാരുടെ വരുമാനമാർഗം. ഇടുക്കി ഇടമലക്കുടിയിലെ ബന്ധുക്കൾ ചെയ്യുന്നതുകണ്ട് കുരുമുളക് കൃഷിയിലേക്ക് മാറിയതാണ് പൂപ്പാറക്കാരുടെ വിധിമാറ്റിയത്. മൂന്നുപതിറ്റാണ്ടുകൾക്കിപ്പുറം പൂപ്പാറ, സംസ്ഥാനത്തെ ജൈവകൃഷി നടത്തുന്ന മികച്ച ആദിവാസി ഊരായി സംസ്ഥാന കൃഷിവകുപ്പ് തിരഞ്ഞെടുത്തിരിക്കുകയാണ്. മൂന്നുലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം.
കഠിനാധ്വാനത്തിനൊപ്പം പാരമ്പര്യ അറിവുകളും ശാസ്ത്രീയ അറിവുകളും ചേർത്താണ് പൂപ്പാറക്കാർ കൃഷിചെയ്യുന്നത്. 50 സെന്റുമുതൽ മൂന്നേക്കർവരെ പട്ടയഭൂമിയുള്ള മുതുവാൻ ഗോത്രവിഭാഗത്തിലെ 57 കുടുംബങ്ങളാണ് പൂപ്പാറയിലുള്ളത്. പൂർണമായും ജൈവരീതിയിലാണ് കൃഷിചെയ്യുന്നത്.
കുരുമുളക് ഉൾപ്പെടെയുള്ള വിളകളുടെ വിപണനം ആദ്യകാലങ്ങളിൽ വെല്ലുവിളിയായിരുന്നു. ഊരിൽനിന്ന് ഏറ്റവുമടുത്ത പട്ടണമായ തമിഴ്നാട്ടിലെ വാൽപ്പാറയിലെ കടകളിൽ കിട്ടുന്നവിലയ്ക്ക് കൊടുക്കുക മാത്രമായിരുന്നു അന്ന് രക്ഷ. എന്നാൽ, പറമ്പിക്കുളത്ത് വനം ഉദ്യോഗസ്ഥരായി എത്തിയവരുടെ ഇടപെടലിൽ പൂപ്പാറ കുരുമുളകിന് അന്തർദേശീയ തലത്തിലുള്ള ലകോൺ ക്വാളിറ്റി സർട്ടിഫിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിൽനിന്നു ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചതോടെ വില ഇരട്ടിയിലധികമായി.
പൂപ്പാറ ഇക്കോ ഡെവലപ്‌മെൻറ് കമ്മിറ്റി (ഇ.ഡി.സി.) വഴി പൂപ്പാറ കുരുമുളക് കടൽ കടന്നു. ഇടവിളയായി ഇഞ്ചിയും മഞ്ഞളും കാപ്പിയും വാഴയും ജൈവരീതിയിൽതന്നെ കൃഷിചെയ്ത് നേട്ടമുണ്ടാക്കി. നൂതനാശയങ്ങളെ സ്വീകരിക്കുന്ന പൂപ്പാറക്കാർ പി.ജി.പി.ആർ. ഉൾപ്പടെയുള്ള ജീവാണു വളങ്ങളും ജൈവ കീടനാശിനികളും ശാസ്ത്രീയമായി ഉപയോഗിക്കുന്നവരാണ്. കോയമ്പത്തൂർ ആര്യവൈദ്യശാലയിലേക്ക് ആവശ്യമായ ഔഷധസസ്യങ്ങൾ കൃഷിചെയ്ത് നൽകുന്നുമുണ്ട്. കസ്തൂരിമഞ്ഞൾ, ജാതി, ഗ്രാമ്പൂ, ഇന്റർമംഗള കമുക് എന്നിവയും കൃഷിചെയ്ത് തുടങ്ങിയതായി മുതലമട കൃഷി ഓഫീസർ സി. അശ്വതി പറഞ്ഞു. ആചാരത്തിലും സ്വഭാവത്തിലും മാത്രമല്ല, കൃഷിയിലും ജൈവംമാത്രം നൽകുന്ന പൂപ്പാറക്കാർ ഒരു പാഠപുസ്തകമാണ്.പറമ്പിക്കുളം പൂപ്പാറ ജൈവകൃഷി നടത്തുന്ന മികച്ച ആദിവാസി ഊര്