പൂവരശ്, മാൽവേസി സസ്യകുടുംബത്തിൽ ഉൾപ്പെട്ട ഒരു ഔഷധിയാണ്. തെസ്പേസിയ പൊപ്പൽ നിയ എന്ന് ശാസ്ത്രനാമം. ഇംഗ്ലീഷ് ഭാഷയിൽ “അംബല്ലാ ട്രീ' എന്നാണ് പേര്. പൂവരശിന്റെ പുഷ്പത്തിനും തൊലിക്കും വിത്തിനും ത്വക്രോഗങ്ങൾ ശമിപ്പിക്കാൻ അണുനാശക ശക്തിയുണ്ട്. കേരളത്തിൽ മണലടങ്ങിയ തീരപ്രദേശത്തും കായലോരങ്ങളിലും സമതലങ്ങളിലും ധാരാളം കണ്ടുവരുന്നു.
സസ്യശരീര വിവരണം
10 മീറ്ററോളം ഉയരത്തിൽ വളരുന്ന ഔഷധവൃക്ഷം. വൃക്ഷത്തൊലിക്ക് തവിട്ടുനിറം. കാതൽ രക്തവർണമാണ്. തടി കരകൗശലവസ്തുക്കളുടെ നിർമാണത്തിന് ഉപയോഗിക്കാം. ഇലകൾ ഞെട്ടിനോടടുത്ത് ഹൃദയാകാരമെന്ന് പറയാമെങ്കിലും അഗ്രം കുരുവിച്ചുണ്ടു പോലെ കൂർത്തിട്ടാണ്. ഉപരിതലം, ഇളം ഇലകൾക്ക് കിളിപ്പച്ചനിറവും. മൂത്ത ഇലകൾക്ക് ചാണകപ്പച്ചനിറവുമാണ്. അടിവശം ഞരമ്പുകൾ എഴുന്നതും നിറം മങ്ങിയതും. തിളക്കം തീരെയുണ്ടാവില്ല.
പുഷ്പങ്ങൾ രാവിലെയാണ് വിരിയുക. പൂക്കൾ പൊട്ടിവിടരുമ്പോൾ ഇളംമഞ്ഞനിറത്തിലും വാടിപ്പൊഴിയാറാകുന്ന മുറയ്ക്ക് റോസാപ്പൂവിന്റെ നിറത്തിലുമായി കാണാം.
വംശവർധനവ്
കൈവണ്ണമുള്ള കമ്പു മുറിച്ച് നട്ടാണ് പ്രജനനം. നടാൻ വെട്ടിയെടുക്കുന്ന കമ്പിന് 10-15 സെ.മീ. ചുറ്റളവ് ചുവട്ടിലുണ്ടായിരിക്കുന്നത് നന്ന് നടീലിനുള്ള കമ്പുകൾ തായ് ചെടിയിൽ നിന്നും വെട്ടിയെടുത്തയുടൻ നടുന്നത് മുളച്ചുകിട്ടാൻ സഹായിക്കും. പുറംതൊലിഭാഗം (മണ്ണിനടിയിൽ പോകുന്നിടം) യാതൊരു കാരണവശാലും ഉരിഞ്ഞു മാറുവാനോ ചതയുവാനോ പാടില്ല. നല്ല മുനയുള്ള കത്തി കൊണ്ടാണ് തായ്ച്ചെടിയിൽ നിന്ന് വിത്തുകമ്പ് മുറിച്ചെടുക്കേണ്ടത്.
നടീൽ
50 സെ.മീ. നീളവും വീതിയും താഴ്ചയുമുള്ള കുഴികളെടുത്താണ് പൂവരശ് നടേണ്ടത്. രണ്ടു കുഴി തമ്മിൽ ചുരുങ്ങിയത് 8 മീറ്റർ അകലം നൽകണം. ജല ലഭ്യതയും സൂര്യപ്രകാശവും ഒത്തിണങ്ങിയാൽ പൂവരശ് വളർന്ന് വൻവൃക്ഷമാകും. സാമാന്യം വളക്കൂറുള്ള മണ്ണിൽ പൂവരശിന് പ്രത്യേകിച്ച് വളപ്രയോഗമോ മറ്റു പരിചരണങ്ങളോ ആവശ്യമില്ല. വേരു പിടിച്ചു കിട്ടിയാൽ ആശ്രയിച്ച് നന്നായി വളരും. പരിചരണങ്ങളൊന്നും നൽകിയില്ലെങ്കിലും മറ്റു വിളസസ്യങ്ങൾക്ക് നൽകുന്ന പരിചരണങ്ങളിൽ പരോക്ഷമായി പങ്കു പറ്റി വളരുന്ന ഒരു ഔഷധസസ്യമായി അറിയുന്നതിൽ രണ്ടഭിപ്രായമില്ല.
ഔഷധപ്രാധാന്യം
വീട്ടുവൈദ്യത്തിന്റെ ഭാഗമായി പൂവരശിന്റെ പട്ടയും പൂവും ചേർന്ന് വെള്ളം തിളപ്പിച്ച് കുളിക്കുക, ചൊറിചിരങ്ങുകൾക്ക് ധാരകോരുക, ഔഷധ വീര്യമുള്ള പട്ടകൊണ്ട് എണ്ണകാച്ചി, ബാലചികിൽസയുടെ ഭാഗമായി കരപ്പൻ മുതലായവ നിയന്ത്രിക്കുക, ഇത്തരം പൊടിക്കൈകൾ പ്രാചീന കാലം മുതൽ നിലവിലുണ്ട്. നീരിനും വേദനയ്ക്കും പൂവരശില അരച്ചുപൂശുന്നത് ആശ്വാസമാണ്. അണുനാശക ശക്തിയുള്ള ഔഷധി കൂടിയാണ് ഇത്.