തക്കാളി, മുളക് എന്നിവ ഉൾപ്പെടുന്ന സൊളാനേസിയേ കുടുംബത്തിൽ പെട്ടതാണ് ഉരുളക്കിഴങ്ങ്. കിഴങ്ങുകൾക്ക് ഏറക്കുറെ ഉരുണ്ട ആകൃതിയുള്ളതിനാലാകാം ഇതിന് ഉരുളക്കിഴങ്ങ് എന്നു പേര് ലഭിച്ചത്. പൊതുവേ തണുത്ത കാലാവസ്ഥയാണ് ഉരുളക്കിഴങ്ങിനുമെങ്കിലും തണുപ്പുകുറഞ്ഞ സ്ഥലങ്ങളിലും ഇവ വളരുന്നതായി കണ്ടിട്ടുണ്ട്.
കൃഷിരീതി
ജനുവരി-മെയ് മാസങ്ങളിലാണ് ഉരുളക്കിഴങ്ങ് നടേണ്ടത്. 25-30 ഗ്രാം തൂക്കമുള്ള ഉരുളക്കിഴങ്ങ് 40 ദിവസം നനവില്ലാതെ സൂക്ഷിക്കുക. മുളപൊട്ടിത്തുടങ്ങുമ്പോൾ അല്പം ചാരവും സമൃദ്ധമായി ചാണകപ്പൊടിയും കരിയിലപ്പൊടിയും കൂട്ടിക്കലർത്തിയ മണ്ണിൽ നടുക. ചെടി വളർന്നുതുടങ്ങി ഒരു മാസം പ്രായമാകുമ്പോൾ മുതൽ പുളിപ്പിച്ച കടലപ്പിണ്ണാക്ക് നേർപ്പിച്ച് 14 ദിവസം ഇടവിട്ട് ചുവട്ടിൽ ഒഴിച്ചുകൊടുക്കണം. ഇടയ്ക്കു കൂടുതൽ ചാണകം ചേർത്ത് നനച്ചു കൊടുക്കണം. 90 ദിവസം കഴിഞ്ഞാൽ വിളവെടുക്കാം. ഒരു കിഴങ്ങിൽ നിന്നുണ്ടായ ചെടിയിൽ നിന്ന് ശരാശരി 50 ഗ്രാം വിളവ് ലഭിക്കും.
പോഷകമൂല്യം
ശരാശരി വലിപ്പമുള്ള ഒരു ഉരുളക്കിഴങ്ങിൽ ഏകദേശം 164 കലോറി ഊർജ്ജം അടങ്ങിയിരിക്കും. കാർബോഹൈഡ്രേറ്റ്, ഇതിൽ ധാരാളമായുണ്ട്. ഭക്ഷ്യനാരുകൾ, പ്രോട്ടീൻ, വിറ്റമിൻ സി, വിറ്റമിൻ ബി, നിയാസിൻ, ഫോളേറ്റ്, കോളിൻ എന്നിവയ്ക്കൊപ്പം കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും ആൽഫാലിഷോയിക് ആസിഡും ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു.