പകൽ സമയത്ത് വിടർന്നു നിൽക്കുന്ന ഇലകൾ രാത്രി കാലങ്ങളിൽ കൂമ്പുന്നതു കൊണ്ടാണ് “മരാന്തയ്ക്ക് പ്രാർഥിക്കുന്ന ചെടി അഥവാ "പ്രയർ പ്ലാന്റ്' എന്ന ഓമനപ്പേരുകിട്ടിയത്. ബ്രസീൽ ആണ് മരാന്തയുടെ ജന്മദേശമെങ്കിലും നമ്മുടെ നാട്ടിലും ഇത് പ്രചുരപ്രചാരം നേടിയിരിക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മരാന്റെ എന്ന വെനീഷ്യൻ സസ്യശാസ്ത്രജ്ഞന്റെ ഓർമയ്ക്കായിട്ടാണ് ഇതിന് മരാന്ത എന്നപേര് നൽകിയത്. കുടുംബപ്പേര് “മരാന്തേസി.
ഏറ്റവും അഴകാർന്ന ഇലച്ചെടികളിൽ ഒന്ന് എന്ന ബഹുമതിയും മരാന്തയ്ക്കുണ്ട്. ഇതിന്റെ ഇലകൾ ഏതാണ്ട് 8 ഇഞ്ചുവരെ നീളത്തിൽ എത്താറുണ്ട്; ഇതിന്റെ പകുതിയോളം വീതിയുമുണ്ട്. പർപ്പിൾ പുള്ളികളുള്ള ചെറിയ വെളുത്ത പൂക്കൾ മരാന്തയിലുണ്ടാകാറുണ്ട്; എങ്കിലും അവ അത് ശ്രദ്ധേയമല്ല.
വളക്കൂറുള്ള മണ്ണും ഭാഗികമായ തണലും - ഇവ രണ്ടുമാണ് മരാന്തയ്ക്ക് വളരാൻ ഏറ്റവും ഇഷ്ടമായ രണ്ടു ഘടകങ്ങൾ. മുട്ടയുടെ ആകൃതിയിലുള്ള ഇളംപച്ച ഇലകളുള്ള നടുഞരമ്പിന് കടുത്ത ബ്രൗണോ ചുവപ്പോ നിറമാകാം.
മരാന്തയിൽ നിരവധി ഇനങ്ങളുണ്ട്. “മരാന്ത ല്യൂക്കോ ന്യൂറ മസ്സാൻ ജിയാന് എന്ന ഇനത്തിന്റെ ഇലകൾക്ക് കറുപ്പുകലർന്ന പച്ച നിറമാണ്. ഞരമ്പുകൾക്ക് വെള്ളനിറവും. എറിത്രോം' എന്ന ഇനത്തിന് റെഡ് നെർവ് പ്ലാന്റ്, റെഡ് വൈൻഡ് പ്രേയർ പ്ലാന്റ് എന്നൊക്കെ പേരുണ്ട്. ഇലയ്ക്ക് ഒലീവ് പച്ചനിറമാണ്. നല്ല ചുവപ്പൻ ഞരമ്പുകളാണിതിനുള്ളത്. നടുഞരമ്പിനു ചുറ്റുമായി നിയതമല്ലാത്ത പച്ച പാടുകളും കാണാം. ഇതിനോട് ഏറെക്കുറെ സാമ്യമുള്ള മറ്റൊരിനമാണ് “ഫാസി നേറ്റർ. ഗ്രീൻമരാന്ത എന്ന പേരിലറിയപ്പെടുന്ന കെർച്ചോവിയാന'യാണ്
മറ്റൊന്ന്. ഇതിന് 'റാബിറ്റ്സ് ട്രാക്ക്സ്' എന്നും പേരുണ്ട്. ഇലകളുടെ നിറം ഇളംപച്ചയാണ്. ഞരമ്പുകൾക്കിടയിൽ ബ്രൗൺ പാടുകൾ കാണാം. ഇലയുടെ അടിഭാഗം ഇളം നീലനിറമുള്ളതാണ്. “മരാന്ത മാക്കോയാന എന്ന ഇനത്തിന്റെ ഇലകൾ സുതാര്യവും വളരെ ഇളം പിങ്ക് നിറമുള്ളതു മാണ്. "മരാന്ത ബൈകളർ' എന്ന ഇനത്തിന്റെ ഇലകൾക്ക് കടുത്ത പച്ച നിറമാണ്.
നനവും തണുപ്പുമുള്ള ചുറ്റുപാടിൽ ആണ് മരാന്ത വളരാനിഷ്ട പ്പെടുന്നത്. രണ്ടു ഭാഗം മണ്ണും ഒരുഭാഗം മണലും ഒരു ഭാഗം ചാണക പ്പൊടിയും (ഇലപ്പൊടിയായാലും മതി) കലർത്തി തയാറാക്കുന്ന പോട്ടിങ് മിശ്രിതത്തിൽ മരാന്ത വളർത്താം. പോട്ടിങ് മിശ്രിതം ഒരിക്കലും ഉണങ്ങാൻ അനുവദിക്കരുത്. വേരുപടലം പൊതുവെ അധികം താഴ്ചയിൽ പോകുന്ന സ്വഭാവമുള്ളതല്ലാത്തതിനാൽ മരാന്ത നടാൻ ആഴമുള്ള ചട്ടികൾ വേണ്ട; പകരം ആഴംകുറഞ്ഞ ചട്ടികൾ മതി.