കമ്പോസ്റ്റുണ്ടാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി വെള്ളം കെട്ടി നിൽക്കത്തവിധം വൃത്തിയാക്കണം. ഒരു ബക്കറ്റിൽ 30 ലിറ്റർ വെള്ളം, 500 മില്ലി ആക്ടിവേറ്റഡ് ഇ.എം. (എ.ഇ.എം.), 300 മില്ലി ശർക്കരലായിനി എന്നിവ നന്നായി കൂട്ടിയോജിപ്പിച്ച് അതിൽ നിന്നും 5 ലിറ്റർ എടുത്ത് വൃത്തിയാക്കിവച്ചിരിക്കുന്ന പ്രതലത്തിൽ ഒഴിച്ചുകൊടുക്കുക. ഈ പ്രതലത്തിനു മുകളിൽ ചാണകം അഞ്ചു സെ.മീ ഉയരത്തിൽ കുട്ടിയിടുക. ഇതിനു മുകളിൽ ഈർപ്പം നിലനിർത്താൻ മേൽപറഞ്ഞ ലായനി കുറച്ചു തളിച്ചുകൊടുക്കേണ്ടതാണ്.
അതിനു മുകളിൽ ചപ്പുചവറുകളും, കളകളും കൂട്ടിയിട്ട് വീണ്ടും ലായനി തളിക്കണം. ഈ പ്രക്രിയ ഏകദേശം 35 സെ. മീ. (1.35 മീറ്റർ) ഉയരം വരെ ആവർത്തിക്കാം. ഈ കൂമ്പാരം ഷീറ്റ് ഉപയോഗിച്ച് മൂടേണ്ടതാണ്. 20-25 ദിവസങ്ങൾക്കു ശേഷം ഈ കൂമ്പാരത്തിലെ ഈർപ്പം പരിശോധിച്ച് കുറവാണെങ്കിൽ വെള്ളം ചേർത്ത് കൊടുക്കേണ്ടതാണ്. സാധാരണയായി 40-45 ലിറ്റർ വെള്ളം ആവശ്യമായി വരാറുണ്ട്. താപനില അനുകൂലമാണെങ്കിൽ 40 -45 ദിവസത്തിനുള്ളിൽ ഈ ജൈവാവശിഷ്ടം നല്ല കമ്പോസ്റ്റായി മാറിയിട്ടുണ്ടാവും
ഇ.എം. കമ്പോസ്റ്റിങ്ങ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
- സസ്യാവശിഷ്ടവും, ചാണകവും 2:1 എന്ന അനുപാതത്തിലെടുക്കുവാൻ ശ്രദ്ധിക്കണം.
- കമ്പോസ്റ്റ് മണ്ണിൽ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്.
- കമ്പോസ്റ്റ് മഴവെള്ളത്തിൽ ഒലിച്ചുപോകാതെയും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയും ശ്രദ്ധിക്കണം. തണലിൽ വേണം കമ്പോസ്റ്റുണ്ടാക്കാൻ.
- 5 കിലോഗ്രാം പിണ്ണാക്കും 5 കിലോഗ്രാം എല്ലുപൊടിയും കമ്പോസ്റ്റിൽ ചേർക്കുന്നത് വളരെ നല്ലതാണ്.