വലിയ ഇലകളുള്ള ഒരു ഇഴവള്ളിയാണ് മത്തൻ. വടക്കേ അമേരിക്കയാണ് ഇതിന്റെ ജന്മദേശമെന്നു കരുതപ്പെടുന്നു. അന്റാർട്ടിക്ക ഒഴികെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും മത്തങ്ങ കൃഷി ചെയ്യപ്പെടുന്നു.
മത്തന്റെ ഇല, പൂവ്, കായ്കൾ, വിത്തുകൾ എന്നിവ ഭക്ഷ്യയോഗ്യമാണ്. മത്തയിലയും പൂവും തോരൻ വയ്ക്കാറുണ്ട്. മത്തൻ വിത്തുകൾ വറുത്തും അല്ലാതെയും തിന്നാനുപയോഗിക്കുന്നു. വറുത്ത മത്തൻ വിത്തുകളിൽ നിന്നെടുക്കുന്ന ഒരിനം എണ്ണ ഭക്ഷ്യവിഭവങ്ങളിൽ ചേർക്കാറുണ്ട്. മത്തങ്ങ കറിവയ്ക്കുന്നതിനും ഹൽവ്വ, പേട തുടങ്ങിയവ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. സരസ്സ്, സൂരജ്, അമ്പിളി, സുവർണ്ണ എന്നിവ അത്യുത്പാദനശേഷിയുള്ള ഇനങ്ങളാണ്.
കൃഷിരീതി
നല്ല പ്രകാശമുള്ള സ്ഥലമാണ് മത്തൻ വളർത്തേണ്ടതിനായി തെരഞ്ഞെടുക്കേണ്ടത്. ശാഖോപശാഖകളായി പിരിഞ്ഞ് പടർന്നു വളരുന്ന സസ്യമായതിനാൽ അതിനനുസൃതമായ സ്ഥലം വേണം തെരഞ്ഞെടുക്കാൻ. പടർത്താനുള്ള ഇടം കുറവാണെങ്കിൽ പച്ചക്കറിത്തോട്ടത്തിന്റെ അരികിനോടടുത്തു നട്ട് മത്തൻ വള്ളികൾ അരികുകളിലൂടെ പടർത്തിവിടണം. മത്തനു ധാരാളം വളം ആവശ്യമാണ്. അതിനാൽ കുഴിയെടുത്ത് അതിൽ കമ്പോസ്റ്റും ജൈവവളവും ചേർത്തു മണ്ണിളക്കി അതിലോ, കമ്പോസ്റ്റും ജൈവവളവും മണ്ണുമായി ചേർത്തു കൂനകൂട്ടിയോ മത്തൻ വിത്തുകൾ നടാം.
കൂനകളിൽ നടുന്ന മത്തൻ വിത്തുകൾ വേഗത്തിൽ മുളച്ചു വളരുന്നതായി കണ്ടിട്ടുണ്ട്. 1-2 ഇഞ്ച് ആഴത്തിലാണു വിത്തുകൾ നടേണ്ടത്. ആവശ്യത്തിനു നനച്ചാൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മത്തൻ വിത്തുകൾ മുളച്ചുവരും. രണ്ടോ മൂന്നോ ഇഞ്ച് നീളത്തിൽ തൈകൾ വളർന്നു കഴിയുമ്പോൾ ഏറ്റവും തഴപ്പുള്ള രണ്ടോ മൂന്നോ തൈകൾ നിലനിർത്തി ബാക്കിയുള്ളവ നുള്ളിക്കളയണം. മത്തന്റെ വളർച്ചയ്ക്ക് ധാരാളം വെള്ളം ആവശ്യമാണ്. എന്നാൽ മത്തനു നനയ്ക്കുമ്പോൾ ഇലകളിലും കായ്കളിലും വീഴാതിരിക്കാൻ ശ്രദ്ധിക്കണം. നനഞ്ഞിരിക്കുന്ന
അവസ്ഥയിൽ അവ എളുപ്പത്തിൽ കീടബാധയ്ക്ക് അടിപ്പെടാമെന്നതിനാലാണിത്. കൃത്യമായ വളപ്രയോഗവും ജലസേചനവുമുണ്ടായാൽ നല്ല വിളവുണ്ടാകും. പരാഗണം കഴിഞ്ഞ് പൂവ് വാടിക്കഴിഞ്ഞാൽ ഇളം കായ് കീടബാധയുണ്ടാകാതെ മൂടി സൂക്ഷിക്കണം. കായ്കൾ വലുതായി മഞ്ഞനിറമായിക്കഴിഞ്ഞാൽ വിളവെടുക്കാം. വിളവെടുപ്പുകാലമായാൽ ജലസേചനം കുറയ്ക്കാം.
മത്തനെ പ്രധാനമായി ബാധിക്കുന്ന കീടങ്ങൾ ഏഫിഡുകൾ, സ്ക്വാഷ് ബഗ്സ്, ചുവന്ന മത്തൻ വണ്ട് എന്നിവയാണ്. ഏഫിഡുകൾ ഇലകളുടെ അടിയിൽ കൂട്ടമായിരുന്ന് നീരു കുടിക്കുന്നതിനാൽ ഇലകൾ ചുരുളുന്നു. ശക്തമായി ജലം ഇലയ്ക്കടിയിലേക്കു സ്പ്രേ ചെയ്ത് ഏഫിഡുകളെ തെറിപ്പിച്ചു കളയുന്നത് ഒരു പരിധിവരെ അവയെ നിയന്ത്രിക്കാനുള്ള മാർഗ്ഗമാണ്. ചുവന്ന മത്തൻ വണ്ടുകൾ ഇലകളെയും അവയുടെ പുഴുക്കൾ വേരുകളെയുമാണു നശിപ്പിക്കുന്നത്. ഇവയുടെ പുഴുക്കളെയും സമാധി ദശയെയുമാണു നശിപ്പിക്കേണ്ടത്.
ഔഷധമൂല്യം
ബീറ്റാകരോട്ടിൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മത്തങ്ങ പ്രോസ്ട്രേറ്റ് കാൻസർ പോലുള്ള ചിലതരം കാൻസർ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
പഴുക്കാത്ത മത്തങ്ങ കൊളസ്ട്രോൾ നില കുറയ്ക്കുന്നതിനും, ക്ഷീണം, ദഹനക്കുറവ്, എന്നിവ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ആസ്ത്മ, ഹൃദ്രോഗം, എന്നിവയിൽ നിന്നും സംരക്ഷണം നല്കുകയും പ്രായാനുസാരിയായ ശരീരക്ഷയം കുറയ്ക്കുകയും വാർദ്ധക്യം ബാധിക്കുന്നത് താമസിപ്പിക്കുകയും ചെയ്യുന്നു.
മത്തങ്ങയിലെ ഭക്ഷ്യനാരുകളുടെയും വിറ്റമിൻ സിയുടെയും പൊട്ടാസ്യത്തിന്റെയും സാന്നിധ്യത്താൽ രോഗപ്രതിരോധശേഷി കൂട്ടുന്നതിന് അതിനു കഴിയും.
തൊലി നീക്കം ചെയ്ത മത്തൻ വിത്തുകൾ കഴിക്കുന്നത് കൃമികളെയും നാടവിരയെയും നശിപ്പിക്കാൻ സഹായിക്കും.
പഴുത്ത മത്തങ്ങയുടെ ഉള്ളിലെ പൾപ്പ് ഒരു ഫേസ്പാക്കു പോലെ പ്രവർത്തിച്ച് ചർമ്മത്തെ മൃദുവാക്കുകയും മുഖക്കുരു, പാടുകൾ, ചുളിവുകൾ എന്നിവ അകറ്റുകയും ചെയ്യുന്നു.
മത്തൻ വിത്തുകളിൽ അടങ്ങിയിട്ടുള്ള ഒരിനം എണ്ണ മുലയൂട്ടുന്ന അമ്മമാരിൽ മുലപ്പാൽ വർദ്ധിക്കാൻ സഹായകമാണ്.
മത്തയുടെ തളിരിലയും പൂവും തോരൻ വച്ചു കഴിക്കുന്നത് ദഹനത്തിനു നല്ലതാണ്. മാത്രമല്ല, വിശപ്പില്ലായ്മയ്ക്കും വായുകോപത്തിനും മറുമരുന്നാണ് ഇത്.
പഴുത്ത മത്തങ്ങയുടെ പൾപ്പ് തീപ്പൊള്ളലിനും വ്രണങ്ങൾ ഉണങ്ങുന്നതിനുമുള്ള ഔഷധമായി പ്രവർത്തിക്കുന്നു.