വേനൽക്ക് കണിശമായും കുഞ്ഞുപൂവുകൾ വിടരുന്ന ഒരിലച്ചെടിയാണ് 'സെറ്റ് ക്രീസിയ കൊമ്മലിനേസി' എന്ന സസ്യകുലത്തിൽപ്പെടുന്ന സെറ്റ് ക്രീസിയ മെക്സിക്കോയിൽ നിന്നാണ് ലോകത്തിന്റെ നാനാഭാഗത്തേക്കും വ്യാപിച്ചത്. സെറ്റ് ക്രീസിയയിൽ വിടരുന്ന പൂക്കൾക്ക് ഒട്ടും പ്രസക്തിയില്ല. പകരം അതിന്റെ അസാമാന്യനീളമുള്ള കൂർത്ത ഇലകളുടെ ചന്തമാണ് നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത്. സെറ്റ് ക്രിസിയ വളർത്തുന്നതും ഇതിനു വേണ്ടിത്തന്നെയാണ്.
നല്ല സൂര്യപ്രകാശത്തിൽ കടുത്ത പർപ്പിൾ നിറവുമായി വളരുന്ന ഇതിന്റെ ഇലകൾ അത്യാകർഷകമാണ്. വളരെ വേഗം വളരാനുള്ള സെറ്റ് ക്രീസിയയുടെ കഴിവും ഏറെ ശ്രദ്ധേയമാണ്. എന്നാൽ അധികം ഇഴഞ്ഞു വളരാൻ അനുവദിക്കാതെ തലപ്പ് നുള്ളി വിടുന്നതാണ് ചെടിക്കു നല്ലതും കാഴ്ചയ്ക്ക് ഭംഗിയും. സെറ്റ് ക്രീസിയ പർപ്പൂറിയ' എന്ന ഇനം സർവസാധാരണമാണ്.
ഇതു കൂടാതെ ക്രീമും പച്ചയും നിറങ്ങൾ ഇടകലർന്ന ഇലകളുള്ള 'സെറ്റ് ക്രീസിയ സയേറ്റ' എന്ന ഇനവും ഉണ്ട്. ഡസ്കാൻഷ്യയുടെ ഒരടുത്ത ബന്ധുകൂടിയാണ് സെറ്റ് ക്രീസിയ, പച്ചിലകൾ വളരുന്ന ഡസ്കാൻഷ്യയും പർപ്പിൾ ഇലകൾ നിറഞ്ഞ സെറ്റ് ക്രീസിയയും അടുത്തടുത്ത് വളർത്തുന്നത് വർണസങ്കലനത്തിന് ഉത്തമദൃഷ്ടാന്തവും കണ്ണുകൾ കിമ്പം പകരുന്നതുമായിരിക്കും.
സസ്യശാസ്ത്രപരമായും ഈ രണ്ട് ഇലച്ചെടികളും ഒരേ കുടുംബക്കാർ തന്നെ. ചെടിയുടെ തലപ്പത്തു നിന്ന് 10 സെന്റിമീറ്റർ നീളമുള്ള തണ്ട് കഷണങ്ങളായി മുറിച്ചുനട്ട് പുതിയ തൈ വളർത്തുന്നതാണു നല്ലത്. മണ്ണും മണലും ഇലപ്പൊടിയും കലർന്ന പോട്ടിങ് മിശ്രിതമാണ് ചട്ടികളിൽ ഉപയോഗിക്കേണ്ടത്. ദിവസവും കുറേ നേരം കൃത്യമായും ഇതിന് നല്ല സൂര്യപ്രകാശം കൊള്ളണം.