നിത്യവും നിശ്ചിത വരുമാനം കയ്യിലെത്തുമെന്നതു തന്നെ കാടകൃഷിയുടെ ആകർഷണം. വിപണി വിപുലമാകുന്നതിന് അനുസരിച്ച് ഉൽപാദനം വർധിപ്പിക്കാനും എളുപ്പം. ഒരു മുട്ടക്കോഴിക്കു വേണ്ടി വരുന്ന സ്‌ഥലത്ത് 8-10 കാടകളെ വളർത്താം. സ്‌ഥലപരിമിതിയുള്ളവർക്കു കോഴിയെക്കാൾ മെച്ചം കാടയാണ്. മുട്ട വിൽപനയ്ക്കായി കാട വളർത്തുന്നവർ 28-30 ദിവസം വളർച്ചയെത്തിയവയെയാണു വാങ്ങുക. 48-50 ദിവസം പ്രായമെത്തുന്നതോടെ മുട്ട ലഭിച്ചു തുടങ്ങും. 60 ദിവസം പിന്നിടുന്നതോടെ മുട്ടയുൽപാദനം സ്ഥിരതയിലെത്തും. അതായത്, 1000 കാടയിൽനിന്ന് ദിവസം ശരാശരി 800 മുട്ട.
മുട്ടയൊന്നിന് 3 രൂപ ലഭിക്കുമെന്നു കരുതുക; ദിവസം 2,400 രൂപ. കാടയൊന്നിന് ദിവസം 30 ഗ്രാം തീറ്റ കണക്കാക്കിയാൽ 1000 കാടയ്ക്ക് 30 കിലോ തീറ്റ. ഒരു ദിവസത്തെ തീറ്റച്ചെലവ് ഏതാണ്ട് 1,200 രൂപ. 1000 കാടകളിൽ ദിവസം ഒന്നെങ്കിലും ചാവാറുണ്ട്. വാങ്ങിയ വിലയും അതുവരെയുള്ള ചെലവും കൂട്ടി നഷ്ടം 60 രൂപയെന്നു കണക്കാക്കാം. മുട്ട വിൽപന യ്ക്കുള്ള ഇന്ധന/യാത്രച്ചെലവ് ദിവസം 100 രൂപയെന്നു കണക്കാക്കാം. എല്ലാം കഴിഞ്ഞ് 1000 കാടയിൽ നിന്നു കുറഞ്ഞത് 1000 രൂപ കയ്യിലെത്തും. അതിനു ശേഷം ഇറച്ചിക്കായി വിൽക്കുമ്പോൾ വാങ്ങിയ വിലയ്ക്കടുത്തു തന്നെ (ശരാശരി 40 രൂപ) ലഭിക്കും. കോഴിക്കടക്കാരും ഹോട്ടലുകാരുമെല്ലാം ആവശ്യക്കാരായുണ്ട്.
താരതമ്യേന സുരക്ഷിത വരുമാനം നൽകുന്ന മേഖലയാണ് കാടകൃഷിയെങ്കിലും 1000 കാടയിലേക്ക് എത്തുന്നത് ഘട്ടം ഘട്ടമായാവണം. കൃഷിസഹായത്തിന് തൊഴിലാളികളെ വച്ചാൽ ലാഭമുണ്ടാവില്ലെന്നും ഓർമിക്കണം. സ്വന്തം അധ്വാനം തന്നെയാണ് ഇത്തരം ചെറുകിട സംരംഭങ്ങളെ ആദായകരമാക്കുന്നതെന്നും മറക്കരുത്. വിപണിയല്ല മാലിന്യനിർമാർജനമാണ് നിലവിൽ കാടകൃഷിക്കാർ, വിശേഷിച്ച് സ്‌ഥലപരിമിതിയുള്ളവർ നേരിടുന്ന പ്രധാന പ്രശ്‌നമെന്നു ബിജു. വേനൽക്കാലത്ത് കാടക്കാഷ്‌ഠം വേഗത്തിൽ ഉണങ്ങിക്കിട്ടും. സമീപത്തുള്ള കർഷകർ വാങ്ങുകയും ചെയ്യും. എന്നാൽ, മഴക്കാലത്ത് ഉണങ്ങാതെ കിടന്ന് ദുർഗന്ധം സൃഷ്‌ടിക്കും. കുഴിച്ചുമൂടുകയോ ബയോഗ്യാസ് ടാങ്ക് സ്‌ഥാപിച്ച് അതിൽ നിക്ഷേപിക്കുകയോ ആണ് പരിഹാരം. ചാക്കിന് 110 രൂപയോളം വില ലഭിക്കുന്ന ഈ ജൈവവളം കുഴിച്ചു മൂടുന്നത് നഷ്ടം തന്നെ. ബയോഗ്യാസ് പ്ലാന്റ് സ്‌ഥാപിച്ച് വാതകവും സ്ലറിയും ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ അതുതന്നെ നേട്ടം. കമ്പി വല വാങ്ങി ലഘു ഉപകരണങ്ങൾ ഉപയോഗിച്ച് കൂടു സ്വയം നിർമിക്കാവുന്നതേയുള്ളൂ . അതു വഴി നല്ല തുക ലാഭിക്കാനും കഴിയും.