ഓറഞ്ച്, ചുവപ്പ്, കറുപ്പ് നിറങ്ങളിലുണ്ട് കാരറ്റ്. ഇവിടെ ഓറഞ്ച് ഇനങ്ങൾക്കാണ് പ്രചാരമേറെ. ഉത്തരേന്ത്യയിൽ ചുവപ്പ് കാരറ്റുകൾക്കാണ് പ്രിയം. റാഡിഷ് ചുവപ്പ്, വെള്ള എന്നി നിറങ്ങളിലുണ്ട്. എരിവു കുറവുള്ള തൂവെള്ള ഇനങ്ങൾക്കാണ് പ്രിയം.
കൃഷിരീതി:
നേരിട്ട് വിത്തു പാകിയാണ് കാരറ്റും, ബീറ്റ്റൂട്ടും, റാഡിഷും കൃഷി ചെയ്യുന്നത്. ഭക്ഷ്യയോഗ്യ ഭാഗമായ വേരുകൾക്ക് ക്ഷതം വരാതെ വളരാനുള്ള സാഹചര്യമൊരുക്കണം. നവംബർ പകുതിയോടെ കൃഷിയിറക്കാം. നല്ല നീർവാർച്ചയും സൂര്യപ്രകാശവും ഇളക്കമുള്ള മണ്ണുമുള്ള സ്ഥലമാണ് യോജ്യം. സ്ഥലം നല്ല വണ്ണം ഉഴുതു മറിച്ച് അതിൽ സെന്റിന് 100 കിലോ തോതിൽ ജൈവവളം ചേർക്കണം. അമ്ലത കൂടിയ മണ്ണാണെങ്കിൽ സെന്റിന് ഒന്നര-രണ്ടു കിലോ തോതിൽ കുമ്മായം ചേർക്കണം.
സൗകര്യപ്രദമായ നീളത്തിലും ഒരടി ഉയരത്തിലും വാരങ്ങൾ കോരണം. രണ്ടു വാരങ്ങൾ തമ്മിൽ 45 സെ.മീ. അകലം കൊടുക്കണം. വാരങ്ങൾ നനച്ച ശേഷം 2 സെ.മീ. ആഴത്തിൽ ചാലു കീറി വിത്തു പാകാം. വിത്തിനൊപ്പം അതിന്റെ രണ്ടോ മൂന്നോ ഇരട്ടി മണൽ ചേർത്ത് പാകുന്നതു നന്ന്. വിത്ത് പാകിയ ശേഷം നേരിയ തോതിൽ മേൽ മണ്ണും മണലും ചേർന്ന മിശ്രിതം കൊണ്ട് ചാലുകൾ മൂടണം. ആവശ്യത്തിന് ഈർപ്പം നൽകുകയാണെങ്കിൽ റാഡിഷ്, ബീറ്റ്റൂട്ട് വിത്ത് 4-6 ദിവസം കൊണ്ടും, കാരറ്റ് വിത്ത് 8-10 ദിവസം കൊണ്ടും മുളച്ചു പൊന്തും.
ഒരാഴ്ച പ്രായമാകുമ്പോൾ തൈകൾ തമ്മിൽ 8-10 സെ.മീ അകലം വരുന്ന വിധത്തിൽ അധികമുള്ള തൈകൾ പിഴുതുമാറ്റണം. തൈകൾ മുളച്ച് 10 ദിവസം പ്രായമാകുമ്പോൾ ആദ്യ വളപ്രയോഗം. വരിയായി മുളച്ചു നിൽക്കുന്ന തൈകളുടെ ഇരുവശവും ചാലു കീറി അതിൽ സെന്റ് ഒന്നിന് 2800 ഗ്രാം യൂറിയ, 1250 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 1400 ഗ്രാം പൊട്ടാഷ് എന്ന തോതിൽ വളം നൽകണം. റാഡിഷിന് മൊത്തം വളവും ഒറ്റത്തവണയായി ആദ്യം നൽകാം. കാരറ്റിനും ബീറ്റ്റൂട്ടിനും പാലക്കിനും നൈട്രജനും പൊട്ടാഷും രണ്ടോ മൂന്നോ തവണയായി നൽകുന്നതാണു നല്ലത്. കള നീക്കാനും വേണ്ടപ്പോൾ നനയ്ക്കാനും മറക്കരുത്. വേരു വളർച്ചയ്ക്കു കാരറ്റിനും ബീറ്റ്റൂട്ടിനും 45 ദിവസം പ്രായമാകുമ്പോൾ മണ്ണ് കയറ്റിക്കൊടുക്കുക.
റാഡിഷാണെങ്കിൽ 28-30 ദിവസം പ്രായമാകുമ്പോൾ തന്നെ ചെടിയുടെ കടഭാഗം മണ്ണിൽ നിന്നു പൊന്തി വരുന്നതായി കാണാം. ഈ സമയത്ത് വേരു മുടുന്ന വിധത്തിൽ മണ്ണ് കയറ്റിക്കൊടുക്കണം. 40-45 ദിവസം പ്രായമാകുമ്പോൾ റാഡിഷിന്റെ വിളവെടുക്കാം. കാരറ്റിനും ബീറ്റ്റൂട്ടിനും 65-70 ദിവസം വേണ്ടി വരും. പാലക്കു വിത്ത് പാകി 40-45 ദിവസം കൊണ്ട് ആദ്യ വിളവെടുക്കാം. തൈകളുടെ കടഭാഗം ഏകദേശം 5 സെമീ. ഉയരത്തിൽ
നിർത്തി ബാക്കിഭാഗം അരിഞ്ഞെടുക്കുകയാണു വേണ്ടത്. രണ്ടാഴ്ച കൂടുമ്പോൾ എന്ന കണക്കിന് 56 പ്രാവശ്യമെങ്കിലും വിളവെടുക്കാം.