ആരോഗ്യവും യൗവ്വനവും നിലനിർത്താൻ രാജവംശങ്ങൾ കൃഷി ചെയ്തിരുന്നതും, രാജകുടുംബത്തിൽപ്പെട്ടവർക്കുമാത്രം ഭക്ഷിക്കാൻ അനുമതി ഉണ്ടായിരുന്നതുമായ നെല്ലിനമാണ് രക്തശാലി. അമ്പലത്തിൽ നിവേദ്യമുണ്ടാക്കുവാനും പടച്ചവന്റെ ചോറ് അഥവാ പടച്ചോറ് ഉണ്ടാക്കുവാനും രക്തശാലി ഉപയോഗിച്ചിരുന്നു. യുദ്ധത്തിന് പോകുന്ന പടയാളികൾക്ക് കരുത്തും ഊർജ്ജവും ലഭിക്കുന്നതിനായി രക്തശാലി അരി തവിട് കളയാതെ കഞ്ഞി വെച്ച് കൊടുത്തിരുന്നുവെന്ന് പഴമക്കാർ പറയുന്നു.
രക്തശാലി അരിയ്ക്ക് നല്ല ചുവന്ന നിറമാണ്. ആന്തോസയാനിൻ എന്ന വർണ്ണവസ്തുവാണ് ഈ ചുവപ്പ് നിറത്തിന് കാരണം. ശക്തിയേറിയ ആന്റി ഓക്സിഡന്റാണ് ആന്തോസയാനിൻ. നീളമുള്ള നെന്മണികൾ ഉള്ള രക്തശാലി നെല്ലിനത്തിന് ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്ന നെല്ലിനങ്ങളെക്കാൾ വിളവ് കുറവാണ്. എന്നാൽ കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണ്.
ഒരു കിലോ ഗ്രാം രക്തശാലി അരിയ്ക്ക് വിപണിയിൽ 250 മുതൽ 350 രൂപവരെ വില ലഭിക്കുന്നു. സ്വാദിലും ഔഷധഗുണത്തിലും കേമനായ രക്തശാലിയുടെ സവിശേഷതകൾ നോക്കാം.
അർബുദത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ളതും ഗ്ലൈസെമിക് ഇൻഡക്സ് (Glycemic Index) കുറവായതിനാൽ പ്രമേഹരോഗികൾക്ക് പോലും ആശങ്കയില്ലാതെ കഴിക്കാൻ സാധിക്കുന്നതുമാണ്. രക്തശാലി അരിയുടെ ചോറ്, കാത്സ്യം, അയൺ, സിങ്ക്, ചെറിയ തോതിൽ സിൽവർ, വിറ്റാമിൻ ഡി5 എന്നിവ രക്തശാലിയിൽ അടങ്ങിയിട്ടുണ്ട്.
കാത്സ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും സന്ധിവേദന മാറുന്നതിനും രക്തശാലി സഹായിക്കുന്നു. ഇരുമ്പ് അടങ്ങിയിരി ക്കുന്നതിനാൽ പുതിയ രക്തകോശങ്ങൾ ഉണ്ടാക്കുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും രക്തശാലിക്ക് കഴിവുണ്ട്. വിറ്റാമിൻ ഡിയുടെ സാന്നിദ്ധ്യം ത്വക്കിന്റെ ആരോഗ്യത്തിനും ശരീരത്തിന് നിറം വയ്ക്കുന്നതിനും ഉപകരിക്കുന്നു.
പിത്തം, വാതം, നാഡീ തളർച്ച, ചീത്ത കൊളസ്റ്ററോൾ, ആസ്ത്മ എന്നിവയെ രക്തശാലി പ്രതിരോധിക്കുന്നതായി പറയപ്പെടുന്നു. ഗർഭകാലത്തുണ്ടാവുന്ന ക്ഷീണമകറ്റാനും പ്രസവശേഷം പാലുണ്ടാവാനും രക്തശാലി അരിയുടെ ചോറ് ഉത്തമമാണ്.
ആരോഗ്യസംരക്ഷണത്തിൽ ഇത്രയേറെ പ്രാധാന്യമുള്ള രക്തശാലി നെല്ല് ആരോഗ്യമുള്ള വരും തലമുറയ്ക്കായി സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.