റമ്പൂട്ടാന്റെ തന്നെ വിത്ത് മുളപ്പിച്ചെടുക്കുന്ന തൈകൾക്ക് ഒരു വർഷം പ്രായമാകുമ്പോൾ അവ വശം ചേർത്തൊട്ടിക്കൽ (സൈഡ് ഗ്രാഫ്റ്റിങ്) നടത്തിയാണ് ഉൽപ്പാദനക്ഷമതയുള്ള പെൺ തൈകൾ തയാറാക്കുന്നത്. ഇത്തരം തൈകൾ നന്നായി പരിചരിച്ചു വളർത്തിയാൽ രണ്ടു മൂന്നു വർഷം കൊണ്ട് കായ് പിടിക്കും. എന്നാൽ മികച്ച വിളവിലേക്ക് പിന്നെയും നാലഞ്ചു വർഷം കൂടെ കഴിയണം.
കായ്ച്ചു തുടങ്ങിയ പെൺമരങ്ങളുടെ ശാഖയിൽ പതിവച്ചും തൈകൾ ഉണ്ടാക്കാം. 3-4 മാസം കൊണ്ട് വേരോടുന്ന ഇത്തരം പതികൾ വേർപെടുത്തി 1:11 എന്ന അനുപാതത്തിൽ മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ കലർത്തിയുണ്ടാക്കിയ മിശ്രിതം നിറച്ച പോളിത്തീൻ സഞ്ചിയിൽ നട്ട് ഒരു മാസം തണലത്തു വച്ച് നനച്ചാൽ പിന്നീട് മാറ്റി നട്ടു വളർത്താം.
റമ്പൂട്ടാൻ തൈകൾ ഏഴു മീറ്റർ അകലത്തിൽ 45 x 45 x 45 സെ.മീറ്റർ വലുപ്പത്തിൽ എടുത്ത കുഴികളിലാണ് നടേണ്ടത്. തൈ നടും മുൻപ് കുഴി ജൈവവളങ്ങൾ ചേർത്തു പരുവപ്പെടുത്തണം. കുഴിയിൽ നിന്ന് എടുത്ത വളക്കൂറുള്ള മണ്ണ് 10 കിലോ ചാണകപ്പൊടി, 12 കിലോ എല്ലു പൊടി, കമ്പോസ്റ്റ് എന്നിവ ചേർത്തിളക്കി കുഴി നിറച്ചാൽ മതി. എന്നിട്ട് തൈ നടാം. മഴക്കാലാരംഭമാണ് തൈ നടാൻ നന്ന്. തൈ നടുമ്പോൾ ബഡ്ഡ് ചെയ്ത ഭാഗം മണ്ണിനു മുകളിൽ വരത്തക്കവിധം നടണം.
നനയ്ക്കാൻ സൗകര്യമുണ്ടെങ്കിൽ നടിൽ ഏതുകാലത്തുമാകാം. തുടക്കത്തിൽ കനത്ത വെയിലിൽ നിന്ന് സംരക്ഷണം നൽകാൻ തൈകൾക്ക് ഓലയോ മറ്റോ മുറിച്ച് മറകുത്താം. ചുവട്ടിൽ വെള്ളക്കെട്ടുണ്ടാകാതെ സൂക്ഷിക്കണം. കുറ്റിനാട്ടി തൈ ചേർത്തു കെട്ടുകയും വേണം.
തൈ നട്ട് ആദ്യത്തെ കൂമ്പു വന്ന് ഇല വിടർന്നു കഴിയുമ്പോൾ വള പ്രയോഗവും ആരംഭിക്കാം. ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക് അല്ലെങ്കിൽ വേപ്പിൻപിണ്ണാക്ക് എന്നിവ തുല്യയളവിൽ കലർത്തി ഒരു ജൈവവളക്കൂട്ടു തന്നെ തയാറാക്കുക. ഇതിൽ നിന്ന് ചെടിയുടെ പ്രായമനുസരിച്ച് നിശ്ചിത തോതിൽ നൽകിയാൽ മതി. ആദ്യ വർഷം ഈ കൂട്ട് 300 ഗ്രാം വീതവും രണ്ടാം വർഷം 600 ഗ്രാം വീതവും മൂന്നാം വർഷം ഒരു കിലോ വീതവും നാലു വർഷം കഴിഞ്ഞാൽ രണ്ടു കിലോ വീതവും നൽകാം.
വർഷത്തിൽ നാലു തവണയായി ജൈവവളങ്ങൾ നൽകുകയാണു നന്ന്. ചെടി പുഷ്പിക്കാൻ തുടങ്ങുന്നതിന് രണ്ടു മാസം മുൻപ് ചെടിയൊന്നിന് അര കിലോ റോക്ക് ഫോസ്‌ഫേറ്റും 250 ഗ്രാം പൊട്ടാഷും നൽകാം. നന്നായി പുഷ്‌പിച്ചു കഴിഞ്ഞാൽ മരമൊന്നിന് 3-4 കിലോ ചാണകപ്പൊടിയും ഒരു കിലോ ജൈവവളക്കൂട്ടും നൽകണം. ഒപ്പം നനയ്ക്കുകയും ചുവട്ടിൽ പുതയിടുകയും വേണം.