റംബൂട്ടാൻ പരാഗണം നടന്ന് കായ്കള്‍ വികാസം പ്രാപിക്കാന്‍ ഏകദേശം മൂന്നാഴ്ച വേണ്ടിവരും. വീണ്ടും മൂന്നാഴ്ച കൂടി കഴിഞ്ഞാല്‍ വളര്‍ന്നുവരുന്ന ഫലങ്ങളെ സംരക്ഷിച്ച് ഗുണമേന്മയുള്ളതാക്കാന്‍ ചില നൂതന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്.
പൂക്കള്‍ വിരിയുന്ന അവസരത്തില്‍ തന്നെ ചെറിയ മരങ്ങള്‍ക്ക് 25 ഗ്രാമും വലിയ മരങ്ങള്‍ക്ക് 50 ഗ്രാമും ബോറോണ്‍ മണ്ണില്‍ ചേര്‍ത്തു കൊടുക്കണം.കായ്കള്‍ പയര്‍മണിയുടെ വലുപ്പമാകുമ്പോള്‍ സ്യൂഡോമോണസ് 10 മി.ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് സ്‌പ്രേ ചെയ്യുന്നത് ഇരട്ടി ഗുണം ചെയ്യും. രോഗകാരികളായ സൂക്ഷ്മജീവികളെ ശിപ്പിക്കുന്നതോടൊപ്പം സസ്യജന്യ ഹോര്‍മോണുകള്‍ കായ്കള്‍ക്ക് ലഭ്യമാക്കുക കൂടി ചെയ്താല്‍ ഫലങ്ങള്‍ക്ക് ഗുണമേന്മയേറും. മൂന്നാഴ്ച ഇടവേളയില്‍ സ്യൂഡോമോണസ് സ്‌പ്രേ ചെയ്താല്‍ നന്ന്.
സ്യൂഡോമോണസ് സ്‌പ്രേ ചെയ്ത് ഒരാഴ്ച കഴിഞ്ഞ് സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കുന്നതും വളരെ ഫലപ്രദമാണ്.
ഇപ്രകാരം സ്യൂഡോമോണസ്-പൊട്ടാഷ് സ്‌പ്രേ മൂന്ന് അല്ലെങ്കില്‍ നാല് പ്രാവശ്യം ചെയ്താല്‍ ഗുണമേന്മയുള്ള കായ്കള്‍ ലഭിക്കുന്നതോടൊപ്പം കായ്‌പൊഴിച്ചില്‍ ഒരു പരിധി വരെ തടയാവുന്നതുമാണ്. ഏതെങ്കിലും സൂക്ഷ്മ മൂലകങ്ങളുടെ അഭാവം ചെടികളില്‍ ഉണ്ടെങ്കിലും കായ് പൊഴിച്ചില്‍ സംഭവിക്കാം.
ഇതിനായി സൂക്ഷ്മ മൂലകങ്ങള്‍ പത്രപോഷണം (Foliar Spray) വഴി നല്‍കുന്നത് വളരെ ഫലപ്രദമാണ്. ഓക്‌സിന്‍-സൈറ്റോകൈനിന്‍ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ ക്രമരഹിതമായാലും കായ് പൊഴിച്ചില്‍ സംഭവിക്കാവുന്നതാണ്.
തോട്ടങ്ങളില്‍ വച്ചുപിടിപ്പിക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള റംബുട്ടാന്‍ മരങ്ങളില്‍ രണ്ടു തരത്തിലുള്ള പൂക്കള്‍ കാണുന്നു. ഇവയില്‍ 95 ശതമാനത്തിലധികവും പൂക്കള്‍ ധര്‍മ്മംകൊണ്ട് പെണ്‍പൂക്കളും ഘടനയില്‍ ദ്വിലിംഗ പുഷ്പങ്ങളുമാണ്. ആണ്‍പൂക്കള്‍ വളരെ കുറവായതിനാലും ആവശ്യമായ പരാഗരേണുക്കള്‍ ഇവ ഉത്പാദിപ്പിക്കാത്തതിനാലും ശരിയായ രീതിയിലുള്ള പരാഗണം റംബുട്ടാനില്‍ നടക്കുന്നില്ല. പക്ഷേ, പൊതുവെ നോക്കിയാല്‍ പരാഗണവും അതിനോടനുബന്ധിച്ചുള്ള
ബീജസങ്കലനവും നടക്കാതെ റംബുട്ടാനില്‍ കായ്കള്‍ രൂപപ്പെടുന്നത് കാണാം. എന്നാല്‍, ഇത്തരം കായ്കള്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ പൊഴിഞ്ഞുപോകാറുണ്ട്.
ഘടനയില്‍ പെണ്‍പൂക്കളുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്ന ഏതാനും ദ്വിലിംഗ പുഷ്പങ്ങളെ ആണ്‍പൂക്കളാക്കി മാറ്റിയാല്‍ പരാഗരേണുക്കളുടെ അളവ് വര്‍ദ്ധിപ്പിച്ച് ഉയര്‍ന്ന തോതിലുള്ള കായ്പിടുത്തത്തിന് സജ്ജമാക്കാവുന്നതേയുള്ളൂ. ഇതിനായി ഒരു മരത്തിലെ ഏകദേശം പത്തു ശതമാനം പൂങ്കുലകള്‍ തെരഞ്ഞെടുത്ത് അവയെ പ്രത്യേകം മാര്‍ക്ക് ചെയ്യണം. ഇത്തരം
തെരഞ്ഞെടുത്ത പൂങ്കുലകളിലെ ഏതാനും ചില പൂക്കള്‍ നന്നായി വിടരുകയും ബാക്കിയുള്ളവ പൂമൊട്ടായി തന്നെ നിലനില്‍ക്കുമ്പോഴാണ് സൂപ്പര്‍ഫിക്‌സ് ലായനി, നാഫ്ത്തലിന്‍ അസറ്റിക് ആസിഡ് (NAA) തളിക്കേത്. ഒരു മില്ലി സൂപ്പര്‍ഫിക്‌സ് രണ്ടുലിറ്റര്‍ വെള്ളത്തില്‍ കലക്കി രാവിലെ ഒന്‍പതുമണിക്ക് മുമ്പ് തെരഞ്ഞെടുത്ത പൂങ്കുലകളില്‍ തളിക്കണം.
ഏകദേശം ആറ് ദിവസങ്ങള്‍ക്കുശേഷം ഏതാനും പൂക്കള്‍ ആണ്‍പൂക്കളായി മാറുകയും അവയിലെ കേസരങ്ങള്‍ പൊട്ടി പരാഗരേണുക്കള്‍ ലഭ്യമായി പരാഗണത്തിന് വിധേയമായി ഉയര്‍ന്ന തോതിലുള്ള കായ്പിടുത്തം ഉണ്ടാക്കുകയും ചെയ്യും. ഇപ്രകാരം ശരിയായ രീതിയില്‍ പരാഗണം നടന്ന് മികച്ച ഗുണമേന്മയുള്ള കായ്കള്‍ ലഭിക്കാന്‍ ഇത്തരം ചില പ്രാധാന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.
വളരെ നന്നായി പരിപാലിക്കുന്ന റംമ്പുട്ടാന്‍ മരങ്ങള്‍ക്ക് കാര്യമായ രോഗ-കീടബാധകളൊന്നും കാണാറില്ല. തോട്ടങ്ങളില്‍ മരങ്ങള്‍ തമ്മില്‍ 40 അടി അകലം നല്‍കുന്നതു തന്നെ ഒരു മികച്ച സസ്യസംരക്ഷണ മാര്‍ഗ്ഗമാണ്. കമ്പുണങ്ങലും ഇലതീനിപ്പുഴുക്കള്‍, മിലിമൂട്ട, ശല്‍ക്കകീടങ്ങള്‍ എന്നിവയുടെ ആക്രമണങ്ങളുമാണ് റംബുട്ടാന്‍ മരങ്ങള്‍ക്ക് ഭീഷണിയാകുന്നത്.
തണ്ടുതുരപ്പന്‍ പുഴുക്കളുടെ ആക്രമണഫലമാണ് കമ്പുണക്കം. കീടബാധയേറ്റ ശാഖകള്‍ മുറിച്ചു നീക്കി തീയിടുന്നത് ഫലപ്രദം. മുറിപ്പാടുകളില്‍ ഏതെങ്കിലും കുമിള്‍നാശിനിപ്പൊടി കുഴമ്പുരൂപത്തില്‍ തേയ്‌ക്കേതാണ്. ഇലതീനിപ്പുഴുക്കളെ നിയന്ത്രിക്കുന്നതിന് വേപ്പധിഷ്ഠിത ഉല്പന്നങ്ങള്‍ തളിക്കാം. മിലിമൂട്ടയുടെ ആക്രമണം നേരിടുന്നതിന് വെര്‍ട്ടിസില്ലിയം ഫലപ്രദമാണ്.