'മക്കളുവളർത്തി' എന്ന അപൂർവയിനം പൈനാപ്പിൾ, 30 വർഷമായി സംരക്ഷിച്ചു വളർത്തിയതിന് തിരുവനന്തപുരം ജില്ലയിലെ വിതുര മണിതൂക്കി ഗിരിവർഗകോളനിയിലെ പരപ്പി അമ്മയ്ക്ക് കേന്ദ്രസർക്കാരിന്റെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റിസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറ്റി ഏർപ്പെടുത്തിയ 1.5 ലക്ഷം രൂപയുടെ പ്ലാൻറ് ജീനോം സേവിയർ പുരസ്കാരം.
സഹോദരഭാര്യ സമ്മാനമായി നൽകിയ പൈനാപ്പിൾത്തെയാണ് പരമ്പരാഗത കർഷകയായ പരപ്പി ഇത്രയുംനാൾ സംരക്ഷിച്ചു വളർത്തിയത്. സാധാരണ പൈനാപ്പിളുകളിൽനിന്ന് വ്യത്യസ്തമായി മക്കൾ വളർത്തി എന്നറിയപ്പെടുന്ന ഈ പൈനാപ്പിളിന്, ചുവടുഭാഗത്ത് വൃത്താകാരത്തിൽ അടുക്കിവെച്ചിരിക്കുന്ന നാലോ അഞ്ചോ ചക്കകളുണ്ടാകും. അതിനുമുകളിലായി നീണ്ടുകൂർത്ത അഗ്രവുമായി അമ്മച്ചക്കയുമുണ്ടാകും. തലയിൽ കൂസിനുപകരം കുന്തം പോലെ തള്ളിനിൽക്കുന്ന അറ്റമുള്ളതു കൊണ്ട് കുന്താണി എന്ന വിളിപ്പേരുമുണ്ടായി.
കായ്കൾക്ക് മിനുസമുള്ള തൊലിയാണ്. പഴുത്ത കായ്കൾക്ക് നല്ല മധുരവുമുണ്ട്. കായ്കൾ മുറിക്കുമ്പോഴുള്ള നറും സുഗന്ധമാണ് ഈ പൈനാപ്പിളിന്റെ മറ്റൊരു പ്രത്യേകത. പച്ചക്കായൾ സാധാരണപോലെ ഒഴിച്ചുകറിയും തോരനുമൊക്കെ ഉണ്ടാക്കാനുപയോഗിക്കാം. മറ്റുവിളകളോടൊപ്പം ഓരോ സീസണിലും പൈനാപ്പിൾ തൈകൾ കൃത്യമായി പിരിച്ചു നട്ട് വളർത്തിയെടുത്ത് ഈ ഇനത്തിനെ കൃത്യമായി സംരക്ഷിച്ചെടുക്കാൻ പരപ്പി ഏറെ ശ്രദ്ധനൽകിയിരുന്നു. വനമണ്ണിന്റെ കരവലയത്തിൽ മറ്റു പരിപാലനമോ വളപ്രയോഗമോ നൽകാതെത്തന്നെ ഇവർ കരുത്തോടെ വളർന്നു.
തൈകൾ ആവശ്യക്കാർക്കു നൽകാനും ഇവർ മടികാണിച്ചില്ല. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ഐ. പ്രദീപ്കുമാറിന് പൈനാപ്പിൾ ഒരു ചടങ്ങിൽ സമ്മാനമായി നൽകിയതിലൂടെയാണ് പൈനാപ്പിളിന്റെ കഥ പുറംലോകമറിയുന്നത്. കാടിനോട് ചേർന്നുകിടക്കുന്ന അര ഏക്കറോളം പുരയിടത്തിൽ പരപ്പിയും മകൻ വനംവകുപ്പിൽ ഫോറസ്റ്ററായ ഗംഗാധാരൻ കാണിയും ഭാര്യ അൻപുവും ചേർന്ന് കൃഷിയുടെ സമൃദ്ധലോകമാണ് ഒരുക്കിയിട്ടുള്ളത്.
വിവരങ്ങൾക്ക്: 8547602981 (ഗംഗാധരൻ കാണി)