'ഇടിവെട്ടിയവനെ പാമ്പു കടിച്ചു' എന്നത് സാർവത്രികമായി പറയാറുള്ള പഴമൊഴിയാണ്. ഏറെക്കുറെ അതിനു സമാനമായ ഒരു കാർഷിക പഴഞ്ചൊല്ലാണിത്. ക്ഷമയോൻ മുഖമായ ഒരു അവസ്ഥ അഥവാ നശിച്ചു നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു കൃഷിയിടത്തിന്റെ അവസ്ഥാ വിശേഷം അല്ലെങ്കിൽ സാക്ഷ്യപത്രം എന്നു വേണമെങ്കിൽ നമുക്കീ ചൊല്ലിനെ വിവക്ഷിക്കാം.
കുല വെട്ടിക്കഴിഞ്ഞശേഷം കന്നുകളിളക്കി മാറ്റാതെ വാഴക്കൂട്ടങ്ങളായി മാറി അതിലേറെയും മണ്ടയടച്ച നിലയിലായാൽ പൂർണമായി. "മുടിയാൻ കാലത്ത് മുച്ചീർപ്പൻ കുലച്ചു" എന്നാണല്ലോ പഴമക്കാർ പറയുന്നത്. നമ്മുടെ നാട്ടിലെ കാർഷികപ്രാമുഖ്യമുണ്ടായിരുന്ന പഴയ തറവാടുകളുടെയും സ്ഥിതി ഏതാണ്ടിങ്ങനെയൊക്കെ തന്നെയല്ലേ? ഈ ചൊല്ലിനെ ഇങ്ങനെ ഒരു അർഥതലത്തിലും നമുക്ക് വിവക്ഷിക്കാം.
ഇടിമിന്നലേറ്റ തെങ്ങ് ഓലകൾ ഉണങ്ങിത്തൂങ്ങി മണ്ടമറിഞ്ഞ് ക്രമേണ നശിക്കും. ഇത്തിൾ പിടിച്ച മാവിൻ്റെ ഗതിയും ഇതുതന്നെയാണ്. ഇത്തിൾ ആതിഥേയ സസ്യത്തിൽ നിന്നും വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും ഉപയോഗിച്ചാണ് ഇത്തിൾ ജീവിക്കുന്നത്. എന്നാൽ ഇത്തിളിന്റെ ഇലകളിൽ ഹരിതകം ഉണ്ട്. അതിനാൽ പ്രകാശസംശ്ലേഷണം നടത്തി സ്വയം ആഹാരം ഉണ്ടാക്കുവാനും ഇവയ്ക്കു കഴിയും. പക്ഷേ ഇതിനായുള്ള ജലത്തിനും ലവണങ്ങൾക്കും മറ്റു സസ്യങ്ങളെ ആശ്രയി ക്കുന്നു. മാവിൻ്റെ ആഹാരാവശ്യത്തിന് ഉപയുക്തമാക്കേണ്ട ജലവും ലവണങ്ങളും ഇത്തിക്കണ്ണികൾ അപഹരിച്ചെടുക്കുന്നതിനാൽ മാവിൻ്റെ വളർച്ച മുരടിക്കുകയും കായ്‌ഫലം വളരെ കുറയുകയും ചെയ്യുന്നു. ക്രമേണ ഇത്തിൾ പിടിച്ച കൊമ്പുകൾ ഒന്നൊന്നായി ഉണങ്ങുന്നു. ക്ഷണത്തിൽ മാവിനൊന്നാകെ നാശം സംഭവിക്കുന്നില്ലെങ്കിലും കാലക്രമേണ മരം മുഴുവൻ നശിക്കുന്നതിനിടയാകുന്നു.
വള്ളപ്പാടു വണ്ണമുള്ള, ആകാശം മുട്ടെ വളർന്നു പന്തലിച്ചു നിന്നിരുന്ന നമ്മുടെ നാട്ടുമാവുകൾക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അധികം വളർച്ചയില്ലാത്ത വൈവിധ്യമാർന്ന സങ്കരയിനം മാവുകളാണിന്നേറെയും. നാടൻമാവുകളുടെ വംശനാശത്തിനുള്ള ഒരു പ്രധാന കാരണം മാവിൽ പറ്റിക്കൂടുന്ന ഇത്തിക്കണ്ണികളെ വളരുവാൻ അനുവദിക്കുന്നു എന്നതാണ്. ടൂത്ത്പേസ്റ്റും ടൂത്ത് പൗഡറുമൊക്കെ പ്രചുരപ്രചാരത്തിലാകും വളരെ മുൻപ് കാരണവൻമാർ പല്ലു തേക്കുന്നതുപോലും പഴുത്ത് മാവില കൊണ്ടായിരുന്നു. 'പഴുത്ത മാവിലയിട്ട് പല്ലുതേച്ചാൽ പുഴുത്ത പല്ലിൽ പുഴുക്കേടു മാറുമെന്നായിരുന്നു' വിശ്വാസം.
എന്തായിരുന്നാലും 'ഇടിവെട്ടിയ തെങ്ങിനു ഇത്തിൾപിടിച്ച മാവ് കൂട്ട്' എന്ന പഴമൊഴി അക്ഷരാർഥത്തിൽ യാഥാർഥ്യമാണ്. ഇടിമിന്നലേറ്റ തെങ്ങും ഇത്തിൾപിടിച്ച മാവും-ഇവ രണ്ടായാലും നാശത്തിലേക്ക് കൂപ്പു കുത്തുന്നു എന്ന കാര്യത്തിൽ തർക്കമില്ല. പ്രകൃതിയുടെ അനിയന്ത്രിതമായ ഒരു പ്രതിഭാസമെന്ന നിലയിൽ ഇടിമിന്നലിൽ നിന്നും തെങ്ങിനെയും മറ്റു വൃക്ഷവിളകളെയും-എന്തിനേറെ ഒരു പക്ഷേ നമ്മളെത്തന്നെയും-രക്ഷിക്കുക സാധ്യമല്ല. എന്നാൽ മാവടക്കമുള്ള വൃക്ഷങ്ങളുടെ നാശത്തിനു കാരണമാകുന്ന ഇത്തിക്കണ്ണികളെ നശിപ്പിക്കുന്നതിന് നാം ശ്രദ്ധിക്കുക തന്നെ വേണം.