വേനൽക്കാലത്ത് റീപോട്ടിങ് (ചട്ടിമാറ്റി നടീൽ) നടത്തിയാൽ ചെടികൾ വാടി നശിക്കാനിടയുണ്ട്. എന്നാൽ ഏതു കൊടിയ വേനലിലും റീപോട്ടിങ് നടത്താൻ ഒരു മാർഗമുണ്ട്. ഭിത്തിയുടെയോ മതിലിന്റെയോ ഒരു വശത്ത് ഒന്നു രണ്ടു വലിയ തുണികൾ വലിച്ചു കെട്ടുക. തുണിയുടെ രണ്ടു മൂലകൾ മതിലിന്റെ ഉയരത്തിലും മറ്റേ രണ്ടു മൂലകൾ നിലത്തും ഉറപ്പിക്കുക. ഇങ്ങനെ ചരിച്ചു കെട്ടിയ തുണിയുടെ അടിയിൽ റീപോട്ടിങ് നടത്തിയ ചെടികൾ ചട്ടിയോടെ വയ്ക്കുക.
ചെടിക്ക് നനയ്ക്കുന്നതോടൊപ്പം തുണിയുടെ മീതേയും ഷവർ ഉപയോഗിച്ചോ റോസ് ക്യാൻ ഉപയോഗിച്ചോ നനയ്ക്കുക. ദിവസ ത്തിൽ 10 മുതൽ 4 വരെയുള്ള സമയങ്ങളിൽ 2 മണിക്കൂർ ഇടവിട്ട് തുണിയും ഒപ്പം ചെടിയും നനയ്ക്കുക. ഒരാഴ്‌ച ഇങ്ങനെ ചെയ്‌താൽ പിന്നീട് ചെടി വെയിലത്തു തന്നെ വയ്ക്കാം.
തായ്‌വേരുള്ള ചെടികൾ ബോൺസായ് ചട്ടിയിൽ നടുമ്പോൾ ഒരു പാട് വേരുകൾ ഉണ്ടാവാറില്ല. തായ്‌വേര് (ടാപ്പ് റൂട്ട്) മാത്രമായിരിക്കും കാര്യമായിട്ടുള്ളത്. ഈ സ്ഥിതിയിൽ തായ്‌വേര് മുറിക്കുന്നതും അപകടമാണ്. ചെടി നശിച്ചു പോകാൻ സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ തായ്‌വേരോടു കൂടി ചെടി ചട്ടിയിൽ വയ്ക്കുന്നതാണ് ഉചിതം. പക്ഷേ, തായ്‌വേരുള്ളതു കൊണ്ട് ചെടിയുടെ പൊക്കം 4-6 ഇഞ്ചുവരെ കൂടും. ഇതൊഴിവാക്കാൻ ഉള്ള മാർഗമാണ് ഡിഫ്യൂഷൻ ടെക്നിക്.
ചെടി തായ്‌വേരോടു കൂടി നട്ടിട്ട് 1 വർഷം കഴിഞ്ഞ് ചെടി പുറത്തെടുക്കുക. മണ്ണു മുഴുവൻ മാറ്റുക. തായ്‌വേരിൻറെ താഴത്തെ അഗ്രത്തു നിന്നും മുകളിലേക്ക് നടുവേ രണ്ടായി പിളർക്കുക. കത്തി ഉപയോഗിച്ചാൽ വേര് മുറിഞ്ഞു പോകും. തെങ്ങിന്റെ ഈർക്കിൽ പിളർക്കുന്നതു പോലെ രണ്ടു കൈകളുമുപയോഗിച്ച് ചെടിയുടെ ചുവടുവരെ പിളർക്കുക. പിളർന്ന ഭാഗം ചട്ടിയിൽ കമഴ്ത്തി വയ്ക്കുക.
പിളർന്ന രണ്ടു ഭാഗങ്ങളും രണ്ടു വശങ്ങളിലേക്കായിരിക്കണം വയ്ക്കുന്നത്. മണ്ണിട്ട് ചെടി ഉറപ്പിക്കുക. നന്നായി കൈ കൊണ്ട് അമർത്തി മണ്ണ് ഉറപ്പിക്കണം. ഒരാഴ്ചയെങ്കിലും തണലത്തു വച്ച് നനയ്ക്കുക. ഡിഫ്യൂഷൻ ചെയ്യുന്നതു മൂലം 4-6 ഇഞ്ചു വരെയെങ്കിലും ചെടിയുടെ പൊക്കം കുറഞ്ഞു കിട്ടും. തായ്‌വേര് മുറിച്ച ചെടിയേക്കാൾ വേര് പിളർന്ന ചെടികളാണ് നന്നായി വളർന്നു വരുന്നത്.