മണിപ്പയർ കൃഷി ഇപ്പോൾ തുടങ്ങാം. 80-85 ദിവസം കൊണ്ട് വിളവെടുക്കാം. പൂതക്കുളംകാരുടെ കരിമണിപ്പയർ ഒരു ഒന്നാന്തരം ഇനമാണ്.
അടിവളത്തിനൊപ്പം ട്രൈക്കോഡെർമ രണ്ടാഴ്ച കൂടുമ്പോൾ സ്യൂഡോമോണാസ്. രണ്ടാഴ്ച കൂടുമ്പോൾ വേപ്പെണ്ണ - വെളുത്തുള്ളി - ബാർസോപ്പ് മിശ്രിതം രണ്ട് ശതമാനം വീര്യത്തിൽ എല്ലാ ഇലകളിലും. ചാഴിയാണ് ഏറ്റവും മാരക കീടം. വരാതെ നോക്കിയാൽ (വിളവ്) പോകാതെ നോക്കാം. ഉണക്കമീൻ ചീഞ്ഞ വെള്ളത്തിൽ വേപ്പെണ്ണ - സോപ്പ് മിശ്രിതം ചേർത്ത് ഇടയ്ക്കിടയ്ക്ക് തളിച്ചാൽ അല്പം അകറ്റി നിർത്താം, അത് തന്നെ.
കായ് തുരപ്പൻ പുഴുവിന് ഗോമൂത്രം - കാന്താരി മുളക് - കായം കഷായം, ബ്യൂവേറിയയെയും കൂട്ടാം. മുഞ്ഞ വരും. കൂടെ ഉറുമ്പ് ഫ്രീ. വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതവും പിന്നാലെ വെർട്ടിസീലിയവും ഉപയോഗിക്കുക. പക്ഷെ സമയത്ത് പ്രയോഗിക്കണം.
തുടക്കത്തിലേ മഞ്ഞക്കെണി, നീലക്കെണി എന്നിവ വയ്ക്കാൻ മറക്കരുത്. പുളിയുറുമ്പിനെ പന്തലിൽ കയറ്റി വിട്ടാൽ പിന്നെ മുഞ്ഞയും പുഴുവും അവരും തമ്മിൽ പടയായി അവരുടെ പാടായി, നമുക്ക് കുശാലായി. പിന്നെ പ്രായമാകുന്ന ഇലകൾ അപ്പപ്പോൾ പറിച്ചു മാറ്റി ദൂരെ കളയുക, കുഴിച്ചിടുക, കത്തിക്കുക. സൂക്ഷ്മ മൂലക കുറവ് ഉണ്ടെങ്കിൽ (ഇലകൾ ചെറുതാകുക, വികൃതമാകുക) അത് പരിഹരിക്കുക.
മൊസൈക് രോഗം കാണുമ്പോൾ തന്നെ ചെടികൾ പറിച്ചു മാറ്റുക. പുകഞ്ഞ കൊള്ളി പുറത്ത്. കൃത്യ സമയത്ത് തന്നെ വിളവെടുക്കുക. മൂത്ത് പോയാൽ
പിന്നെ മാർക്കറ്റിൽ പ്രിയം ഉണ്ടാകില്ല.
ഇല വളർച്ച ഒരുപാട് ആകുന്നു എങ്കിൽ കായ് പിടുത്തം കുറയും. അപ്പോൾ ഇടയ്ക്കുള്ള കുറച്ചു ഇലകൾ പറിച്ചു മാറ്റി ചെടിയെ പീഡിപ്പിക്കണം. ഇലകൾ തോരൻ വയ്ക്കാൻ അസ്സലാണ്.