Updated on: 30 April, 2021 9:21 PM IST
Roy Antoni

ജീവിതത്തിൻറെ വിവിധ മേഖലകളിൽ  വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച പലരെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് റോയ്‌ ആൻറണി എന്ന വയനാടൻ കർഷകൻ.

 

തിരുവിതാംകൂറിൽ നിന്നും കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് നിൽക്കുമ്പോഴാണ് വരുമാനമാർഗമായി അദ്ദേഹം കൃഷി ഒരു പ്രൊഫഷൻ ആയി തെരഞ്ഞെടുക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കൃഷി ഒരു പ്രൊഫഷൻ മാത്രമല്ല ഒരു  പേഷൻ കൂടിയാണ് . പൂർവികർ കൃഷിക്കാരായിരുന്നതുകൊണ്ടുതന്നെ തീരെ പരിചയമില്ലാത്ത ഒരു മേഖലയായിരുന്നില്ല കൃഷി റോയ് ആൻറണിക്ക്. ആ പരിചയം നേടികൊടുത്ത ആത്മവിശ്വാസമായിരുന്നു കൃഷിക്കുള്ള കരുതൽധനം.

 

ഏകവിള സമ്പ്രദായ കൃഷിയുടെ  പോരായ്മകളും പരിമിതികളും മനസ്സിലാക്കി മിശ്രവിള കൃഷിയുടെ സാധ്യതകൾ പൂർണമായും ഉപയോഗിച്ച കർഷകനാണ് ഇദ്ദേഹം. പരമ്പരാഗത ശൈലിയിൽ നിന്നും വ്യത്യസ്തമായി കൃഷിയിൽ സ്വന്തമായി ഒരു ശൈലി തന്നെ അദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്.

റോയ് സെലക്ഷൻ കോഫിയുടെ പേരിലാണ് കേരളത്തിലുടനീളം അദ്ദേഹം ഇന്ന് അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ സ്വന്തം കൃഷിത്തോട്ടത്തിൽ നിന്നാണ് അദ്ദേഹം തൻറെ ബ്രാൻഡ് ആയ കാപ്പി ചെടി കണ്ടെത്തുന്നത്. വയനാട്ടിലെ പുൽപ്പള്ളിയിൽ ഉള്ള തൻറെ റബ്ബർ തോട്ടത്തിൽ ഇടവിളയായാണ് റോയ് സെലക്ഷൻ കോഫി കൃഷിചെയ്യുന്നത്. 

 

തായ്‌വേരിൽ വളരുന്ന ഇനം കാപ്പി ചെടിയാണിത്. ഉയരം കുറഞ്ഞ ഈ കാപ്പിച്ചെടി അറബിക്ക വിഭാഗത്തിൽ പെട്ടതാണ്. തണൽ ഉള്ള സ്ഥലങ്ങളിലാണ് ഇവ നന്നായി വളരുന്നതും വിള തരുന്നതും.റബ്ബർ മരങ്ങളുടെ  വളർച്ചയ്ക്ക്  ഒരു തടസ്സവും സൃഷ്ടിക്കാത്ത ഈ കാപ്പി ചെടികൾ റബ്ബറിൽ നിന്ന് കിട്ടുന്ന വരുമാനത്തോടൊപ്പം തങ്ങളുടെ രക്ഷകന് ഇന്ന് ലക്ഷങ്ങൾ നേടി കൊടുക്കുന്നുണ്ട്.

തായ്‌വേരിൽ തണലിൽ വളരുന്ന ചെടി ആയതുകൊണ്ട് ജലസേചനം കൂടുതൽ ആവശ്യമില്ല. റബ്ബർ മരങ്ങൾക്കിടയിൽ  വളരുന്നതു കൊണ്ട് അടിക്കാടുകൾ വെട്ടി നീക്കാനുള്ള ചിലവും ലാഭത്തിൽ കൂട്ടാവുന്നതാണ്.

 

ഇദ്ദേഹത്തിൻറെ രീതിയനുസരിച്ച് ച്ച ഒരേക്കറിൽ 1800 കോഫി തൈകൾ വരെ നടാവുന്നതാണ്. റബ്ബർ മരങ്ങളിൽ നിന്നും ഏതാനും അടികൾ വിട്ടാണ്  കോഫി തൈകൾ നടുന്നത്. രണ്ടര അടിയിൽ ഉയരം ക്രമീകരിച്ചാണ് കോഫി തൈകൾ വളർത്തുന്നത്. ഒരു വർഷം 1500 മുതൽ 1800 കിലോ വരെ കാപ്പി കുരുക്കൾ ഉടമസ്ഥന് കിട്ടുന്നുണ്ട്. മറ്റിനം കാപ്പികുരുക്കളെക്കാൾ കൂടുതൽ വിലയും അറബിക്ക വിഭാഗത്തിൽ പെട്ട റോയ് സെലക്ഷൻ കോഫിക്ക് കിട്ടുന്നുണ്ട്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതും ഇത്തരത്തിലുള്ള കാപ്പിക്കുരുകളാണ്.

 

റോയ്‌ സെലക്ഷൻ കോഫിയെ കേട്ടറിഞ്ഞ ആവശ്യക്കാർ കൂടിയതോടെ  റോയ് ആൻറണി ഒരു നഴ്സറി കൂടി തുടങ്ങി. ഇതിൻറെ ചുമതല അദ്ദേഹത്തിൻറെ ഭാര്യ അന്നയ്ക്കാണ്.ഇന്ന് കർണാടകയിലും മഹാരാഷ്ട്രയിലും  ഗോവയിലുമെല്ലാം റോയ്സ് സെലക്ഷൻ കാപ്പി ചെടികൾ വളരുന്നുണ്ട്.ഇടത്തട്ടുകാരെ പൂർണമായും ഒഴിവാക്കി കർഷകർക്ക് തൈകൾ നേരിട്ട് എത്തിക്കുന്ന ഒരു സംവിധാനമാണ് റോയ് ആൻറണി എന്ന കർഷകൻ ഇവിടെ ഒരുക്കിയിട്ടുള്ളത്.

 

പുൽപ്പള്ളിയിൽ ഉള്ള അദ്ദേഹത്തിൻറെ കൃഷിത്തോട്ടത്തിൽ മുഖ്യ വിളകളായ റബ്ബർ തെങ്ങ് കവുങ്ങ് തുടങ്ങിയവക്ക് പുറമേ ഇടവിളയായി കുരുമുളകും മുരിങ്ങയും കാപ്പിയും റോയ് കൃഷിചെയ്യുന്നുണ്ട്. ഏതെങ്കിലും വിളകൾക്ക്  വിപണിയിൽ തകർച്ചയുണ്ടായാൽ  മറ്റ് വിളകളിലൂടെ ആ പ്രതിസന്ധിയെ മറികടക്കാൻ കഴിയും എന്നുള്ളതാണ് റോയ്‌ ആൻറണിയെ മികച്ച കർഷകനാക്കുന്നത്

റബ്ബർ മരങ്ങളിൽ ടാപ്പിംഗ് നടത്തുന്നതിന് തടസ്സമില്ലാത്ത രീതിയിലാണ് കുരുമുളകുവള്ളികൾ മുരിങ്ങകമ്പുകളിലൂടെ റബ്ബർ മരങ്ങളുടെ മുകളിലേക്ക് പടർത്തിയിരിക്കുന്നത്. 6 ഇനങ്ങളിലായി 5000 ചുവട് കുരുമുളക്  ചെടികൾ ഈ തോട്ടത്തിൽ ഉണ്ട്.റബ്ബറും മുരിങ്ങയും കുരുമുളക് വള്ളികളും അടങ്ങിയ ഈ കോമ്പിനേഷൻ ആരെയും അത്ഭുതപ്പെടുത്തും. സംസ്കരിച്ച മുരിങ്ങയിലകൾ നല്ല വിലയ്ക്കാണ് റോയ് കമ്പനികൾക്ക് വിറ്റ് പോരുന്നത്.

 

ജലദൗർലഭ്യം  നെൽകൃഷിയിൽ നിന്നും മാറി ചിന്തിക്കാൻ കാരണമായി. തരിശു ഇടാതിരിക്കാൻ രണ്ടേക്കർ നെൽവയലിൽ കപ്പ കൃഷിയാണ് ഇപ്പോൾ ചെയ്ത് വരുന്നത്. 3500 ചുവടുകളോളം വരും ഇത്. കപ്പ കൃഷിക്ക് ഇടവിളയായി ചോള കൃഷി യാണുള്ളത്. ഇവയുടെ കൂട്ടത്തിൽ നെൽവയലിൽ ഇഞ്ചി കൃഷിയും നടത്തുന്നുണ്ട്.

 

റോയിയുടെ കൃഷിത്തോട്ടത്തിൽ മേൽപ്പറഞ്ഞ കൃഷികൾക്ക് പുറമേ 2500 കവുങ്ങുകൾ രണ്ടേക്കറിൽ കൃഷി ചെയ്യുന്നു. ഇവിടെ ഇടവിളയായി ചെയ്തിരിക്കുന്നത് കൊക്കോ കൃഷിയാണ്.റബ്ബർ തൈകൾ ക്കിടയിലെ കാപ്പി ചെടികൾക്ക് തണലേകാൻ 2000 ചുവട് വാഴകൃഷിയും റോയിക്ക് സ്വന്തമായുണ്ട്.

 

പുൽപ്പള്ളിയിൽ വരൾച്ചമൂലം കൃഷി സാധ്യമല്ലാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു. ഇതു മുന്നിൽ കണ്ട്  റോയ് ഒരു വലിയ കുളവും മഴവെള്ള സംഭരണിയും നിർമ്മിച്ചിട്ടുണ്ട്. ഇരുപതേക്കർ കൃഷി സ്ഥലത്തേക്ക് വേണ്ട വെള്ളം ഇതുവഴി റോയ്‌ തൻറെ കൃഷിസ്ഥലത്ത് ഉറപ്പാക്കിയിട്ടുണ്ട്. ഇത് റോയ് എന്ന കർഷകൻറെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണമാണ്. ജലസേചനം മാത്രമല്ല റോയ്  കുളത്തിൽ കൂടി സാധിച്ചെടുത്തിരിക്കുന്നത്. കൃഷിസ്ഥലത്ത് എന്ത് ചെയ്യുകയാണെങ്കിലും അതിൽ കൂടെ ഒരു വരുമാനം ഉറപ്പിക്കാൻ റോയി കാണിക്കുന്ന ബുദ്ധി പ്രശംസനീയമാണ്. കുളം മത്സ്യവളർത്താനായി ഉപയോഗിക്കുമ്പോൾ കുളത്തിലെ ബണ്ടുകൾ ഇടിയാതിരിക്കാൻ തീറ്റപ്പുൽകൃഷി  ചെയ്യുന്നുമുണ്ട് റോയ്.

 

ഇവിടം കൊണ്ടും തീരില്ല റോയുടെ വിജയഗാഥകൾ.വീടിനോട് ചേർന്ന് ഓർക്കിഡ് പൂക്കളുടെ ഒരു നഴ്സറി റോയ്ക്ക് സ്വന്തമായുണ്ട്.

 

ഓർഗാനിക് സർട്ടിഫിക്കേഷൻ കിട്ടിയ  തോട്ടമാണ് റോയുടെത്. ജൈവവളങ്ങൾ മാത്രമാണ് കൃഷിക്ക് ഇവിടെ ഉപയോഗിക്കുന്നത്. ചെടികൾക്ക് നൽകാൻ മീൻ വളവും  മണ്ണിരക്കമ്പോസ്റ്റുമെല്ലാം ഇവിടെ തയ്യാറാക്കുന്നു. തൊഴുത്തിലെ ചാണകവും ഗോമൂത്രവുമെല്ലാം ജലസേചനത്തിന് ഉപയോഗിക്കുന്ന കുളത്തിലേക്കാണ് ഒഴുക്കിവിടുന്നത്. അതുകൊണ്ടുതന്നെ ജലസേചനത്തിലൂടെ വളമിടലും സാധ്യമാകുന്നുണ്ട്. മുട്ട കോഴിയുടെ കാഷ്ഠവും വളമായി റോയി ഉപയോഗിക്കുന്നു.

 

വീടിനോടു ചേർന്ന് അടുക്കളത്തോട്ടം ഒരുക്കിയിട്ടുണ്ട്. ഇവിടെ തക്കാളി വഴുതന തുടങ്ങിയ ഇരുപതോളം പച്ചക്കറികളാണ്  കൃഷിചെയ്യുന്നത്.

 

റോയുടെ സംയുക്ത കൃഷിയിൽ പശു ആട് തേനീച്ച താറാവ് കോഴി തുടങ്ങിയവയും ഉൾപ്പെടുന്നു.

 

എടുത്തു പറയേണ്ട മറ്റൊരു കാര്യം  കൃഷിക്കു വേണ്ടി  ഉപയോഗിക്കുന്ന യന്ത്രങ്ങളാണ്. മരം മുറിക്കാനും പുല്ല് ചെത്താനും നിലമുഴുവാനും കപ്പ നടുവാനുമെല്ലാം  വിവിധ തരം യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.

 

കൃഷി ചെയ്തെടുക്കുന്ന ഉൽപ്പന്നങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റി കൂടുതൽ വരുമാനം ഉറപ്പാക്കാൻ ഒരു കർഷകൻ എന്ന നിലയ്ക്ക് റോയ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കുവാൻ ഒരു കമ്പനിയും  റോയ്ക്ക് സ്വന്തമായുണ്ട്.

English Summary: Roy Antoni is a successful farmer
Published on: 30 December 2020, 02:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now