News

റബ്ബറിന് ഇടവിള 'റോയീസ് കാപ്പി'

 

കറുത്തപ്പൊന്നിന്റെ നാടായ വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ കാര്‍ഷിക മേഖലയില്‍ പുതിയ ഒരു ചരിത്രം കൂടി രചിക്കപ്പെടുന്നു. മരങ്ങള്‍ ഒന്നുപോലും നിര്‍ത്താതെ ഏകവിളയായി വളര്‍ത്തിയിരുന്ന റബ്ബര്‍ തോട്ടത്തിലും ഇനി ബഹുവിള കൃഷി വരുന്നു. ഏകവിളയുടെ ദോഷം ഇന്ന് പലരും തിരിച്ചറിഞ്ഞുകഴിഞ്ഞു. എന്നാല്‍ രക്ഷാമാര്‍ഗം എന്ത് എന്നതിനെക്കുറിച്ച് ആര്‍ക്കും പെട്ടെന്നൊരു ഉത്തരമില്ല. കഴിഞ്ഞ ഏഴു വര്‍ഷമായി റബറിനൊപ്പം കാപ്പി ഇടവിളയായി വളര്‍ത്തി ആദായം നേടുകയാണ് പുല്‍പ്പള്ളി ശശിമലയിലെ പാടിച്ചിറ കാവളക്കാട്ട് റോയി ആന്റണി. ഇതിനായി അറബിക്ക ഇനത്തില്‍പെട്ട സെലക്ഷന്‍ 13 എന്ന പ്രത്യേകതകളുള്ള ഇനം കണ്ടെത്തുകയും ചെയ്തു. റോയീസ് സെലക്ഷന്‍ എന്ന പേരില്‍ ഈ കാപ്പിയിനം ഇന്ന് റബര്‍ കര്‍ഷകര്‍ക്കിടയില്‍ പ്രചാരം നേടുകയാണ്. മുപ്പതു മുതല്‍ 80 ശതമാനം വരെ തണലുള്ളിടത്തും നന്നായി വളരും എന്നതാണ് ഈ കാപ്പിയിനത്തിന്റെ പ്രത്യേകത.

മാധ്യമങ്ങളിലൂടെ കര്‍ഷകനായ റോയിയെക്കുറിച്ചും റബ്ബര്‍ തോട്ടത്തിലെ ഇടവിളകളെ കുറിച്ചും കേട്ടറിഞ്ഞ കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കഴിഞ്ഞ മാസം പുല്‍പ്പള്ളി സന്ദര്‍ശിക്കുകയും കേരളമാകെ ഇതൊരു മാതൃക ആക്കാമെന്നും നിര്‍ദ്ദേശിച്ചു. റോയി ആന്റണിയുടെ കൃഷി രീതിയെ കുറിച്ച് പഠിക്കാന്‍ ധാരാളം പേര്‍ ഇപ്പോള്‍ കൃഷിയിടത്തില്‍ എത്തുന്നുണ്ട്.

തണല്‍ കൂടുന്നതിന് അനുസരിച്ച് വളര്‍ച്ച നന്നാകുമെന്നാണ് റോയിയുടെ കണ്ടെത്തല്‍. സാധാരണ കാപ്പിയിനങ്ങളുടെ പോലെ പക്കുവേരുകളില്ല. ആഴത്തില്‍ പോകുന്ന തായ്‌വേരുകളാണ്. അതുകൊണ്ടുതന്നെ റബര്‍മരങ്ങളുമായി മത്സരമില്ല. ഇരുപതടി അകലത്തില്‍ നട്ട റബര്‍ മരങ്ങള്‍ക്കിടയില്‍ മൂന്നു നിരയായും 15 അടി അകലത്തില്‍ നട്ട മരങ്ങള്‍ക്കിടയില്‍ രണ്ടു നിരയായും ഈയിനം കാപ്പി നട്ടുവളര്‍ത്താം. ഒരേക്കറില്‍ 1800 കാപ്പിച്ചെടികള്‍ വരെ റബറിന് ഇടവിളയായി വളര്‍ത്താം. പതിനെട്ടു മാസമെത്തുമ്പോള്‍ കായ്പിടിച്ചു തുടങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത. മൂന്നാംവര്‍ഷം മുതല്‍ ഒരു ചെടിയില്‍ നിന്ന് ഒരു കിലോ വരെ ഉണങ്ങിയ കാപ്പിക്കുരു ലഭിക്കും. അങ്ങനെ വരുമ്പോള്‍ ഏറ്റവും കുറഞ്ഞത് 1500 മുതല്‍ 1800 വരെ കിലോ കാപ്പിക്കുരു ഒരേക്കറില്‍ നിന്ന് ലഭിക്കും. ഒരേക്കറിന് ഒന്നരലക്ഷം രൂപ ഇതുവഴി ഉറപ്പാക്കാം. റബറിന്റെ വിലയിടിവില്‍ നിന്ന് പിടിച്ചുനില്‍ക്കാന്‍ കര്‍ഷകര്‍ക്ക് നല്ല ആദായമാര്‍ഗമാകും ഈയിനം കാപ്പി എന്ന കാര്യത്തില്‍ സംശയം വേണ്ട.

രണ്ടുവര്‍ഷം വളര്‍ച്ചയെത്തുമ്പോള്‍ ആദ്യത്തെ പ്രൂണിംഗ് നടത്തണം. നാലുവര്‍ഷമെത്തുമ്പോള്‍ രണ്ടാമതും പ്രൂണ്‍ ചെയ്ത് നിര്‍ത്തിയാല്‍ ചെടികള്‍ വലിയ പൊക്കത്തിലെത്താതെ കുടപോലെ വളര്‍ന്നുനില്‍ക്കും. ടാപ്പിംഗ് ലൈന്‍ ഒഴിവാക്കി അഞ്ചടി അകലത്തിലാണ് റോയി തോട്ടത്തില്‍ കാപ്പിച്ചെടികള്‍ നട്ടുവളര്‍ത്തിയിരിക്കുന്നത്. ചെടികള്‍ തമ്മില്‍ നാലരയടി അകലമുണ്ട്. റബര്‍ മരങ്ങള്‍ ഒടിഞ്ഞുപോയാല്‍ റീപ്ലാന്റിംഗ് വരെ കാത്തിരിക്കാതെ അവിടെയൊക്കെ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ആദായം ലഭിക്കാന്‍ പരുവത്തില്‍ കാപ്പിച്ചെടികള്‍ നട്ടുപിടിപ്പിക്കാം എന്ന പ്രത്യേകതയുണ്ട്.

കാവേരി പോലെയുള്ള ഇനങ്ങള്‍ ഇടവിളയായി നട്ടുവളര്‍ത്താന്‍ കഴിയുമെങ്കിലും അവയില്‍ ഇലപ്പുറ്റ് രോഗം വന്ന് നശിച്ചുപോകുന്നത് കര്‍ഷകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ റോയി കണ്ടെത്തിയ ഈയിനത്തില്‍ ഇലപ്പുറ്റ് രോഗം കാര്യമായി ബാധിക്കാറില്ല. കാപ്പിക്കുരുവിന് നല്ല മുഴുവും തൂക്കവും ദൃഢതയുമുണ്ട്. കയറ്റുമതിക്ക് അനുയോജ്യമായ എഎ ഗ്രേഡാണ് 65 ശതമാനം ബീന്‍സും എന്നതിനാല്‍ നല്ല വിലകിട്ടും. തായ്‌വേരുകളുള്ളതുകൊണ്ട് കടുത്ത വേനലിലും നനയ്‌ക്കേണ്ട ആവശ്യമില്ല.

ഈയിനം കാപ്പി ഇടവിളയായി കൃഷി ചെയ്താല്‍ റബറിന്റെ ഉത്പാദനത്തില്‍ കുറവ് വരുന്നതേയില്ല. മൂന്നുനാലു വര്‍ഷത്തെ കൃഷികൊണ്ട് റബറിന് കടുതല്‍ കരുത്തുണ്ടാകുമെന്നും ഉത്പാദനം കൂടുമെന്നുമാണ് റോയിയുടെ നിരീക്ഷണം.
സെലക്ഷന്‍ 13-ന്റെ ഗുണവിശേഷങ്ങള്‍ അറിഞ്ഞ് എത്തുന്നവര്‍ തൈകള്‍ ആവശ്യപ്പെട്ടതോടെ റോയീസ് എന്ന പേരില്‍ 2014-ല്‍ പുതിയൊരു നഴ്‌സറി തുടങ്ങി. തൈകള്‍ മറ്റു നഴ്‌സറികള്‍ക്ക് വിതരണത്തിനായി നല്‍കിയാല്‍ അതില്‍ കലര്‍പ്പുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന വിദഗ്ധ മുന്നറിയിപ്പ് പരിഗണിച്ച് ആവശ്യമുള്ള കര്‍ഷകര്‍ക്ക് കേരളത്തിലെവിടേയും നേരിട്ട് എത്തിച്ചുകൊടുക്കുകയാണ്. ഇതിനായി വിവിധ തട്ടുകളിലായുള്ള വാഹനവും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. പാലാ, കോട്ടയം, തിരുവനന്തുരം എന്നിങ്ങനെ കേരളത്തില്‍ പലയിടങ്ങളിലായി റോയീസ് സെലക്ഷന്‍-13 വേരുപിടിച്ചുകഴിഞ്ഞു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലും കര്‍ഷകര്‍ക്ക് തൈകള്‍ നല്‍കിവരുന്നുണ്ട്. ഓരോ വര്‍ഷവും കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് റോയി ആന്റണി.

വളര്‍ച്ചയുടെ ഘട്ടത്തില്‍ നൈട്രജന്‍ സമ്പുഷ്ടമായ വളങ്ങളും പിന്നീട് കൂടുതല്‍ പൂക്കളുണ്ടാവാന്‍ പൊട്ടാഷ് വളങ്ങളുമാണ് നല്‍കുന്നത്. കുറഞ്ഞ അളവില്‍ പല പ്രാവശ്യമായി വളം നല്‍കുന്നതാണ് ചെടികള്‍ക്ക് നല്ലതെന്നാണ് റോയിയുടെ അനുഭവം. ഒരുപിടിയില്‍ കൂടുതല്‍ വളം ഒരുപ്രാവശ്യം നല്‍കാറില്ല. ഏതു വിളയായാലും ഇടവിള കണ്ടെത്തണമെന്ന അഭിപ്രായമാണ് റോയിക്ക്. തെങ്ങിന്‍തോപ്പില്‍ ഇടവിളയായി റോബസ്റ്റ കാപ്പി കൃഷി ചെയ്യുന്നുണ്ട്. പന്നിയൂരിനു പുറമെ, കരിമുണ്ടി, കുരിയിലമുണ്ടി എന്നിങ്ങനെ ചൂടിനെ പ്രതിരോധിക്കാനും തണലില്‍ വളരാനും കഴിയുന്ന കുരുമുളക് കൊടികളാണ് കാപ്പിക്കു പുറമെ റോയിയുടെ പ്രിയപ്പെട്ട വിളകള്‍.
നബാര്‍ഡിന് കീഴില്‍ കേരളത്തില്‍ പുതിയ കാര്‍ഷികോല്‍പാദന കമ്പനികള്‍ രൂപീകരിച്ചപ്പോള്‍ വയനാട്ടിലെ കാപ്പി കര്‍ഷകര്‍ക്ക് വേണ്ടി റോയി ആന്റണിയുടെ നേതൃത്വത്തില്‍ റോയി വെ കഫെ എന്ന പേരില്‍ ഒരു കമ്പനി രൂപീകരിച്ചു. കേരളത്തിലെ മറ്റിടങ്ങളിലുള്ള കാപ്പി കര്‍ഷകരും ഈ ഉല്‍പ്പാദന കമ്പിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കാപ്പി കൃഷിയെ ലാഭകരമാക്കുന്നതിന് വരും കാലങ്ങളില്‍ വെ കഫേയ്ക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. ഇപ്പോള്‍ നഴ്‌സറിക്കും കൃഷിക്കുമൊപ്പം ഉല്‍പ്പാദന കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ കൂടി വ്യാപൃതനായിരിക്കുകയാണ് റോയി.  


Share your comments